നരോദ പാട്യ കലാപം: 4 പേർക്ക് സുപ്രീം കോടതിയുടെ ജാമ്യം; ഹൈക്കോടതി വിധിയെക്കുറിച്ച് സംശയം

supreme-court
SHARE

ന്യൂഡൽഹി∙ 2002ലെ നരോദ പാട്യ കലാപക്കേസിൽ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന നാലുപേർക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉമേഷ്ഭായ് സുരാഭായ് ഭാർവഡ്, രാജ്കുമാർ, പദ്മേന്ദ്രസിൻഹ് ജസ്വന്ത്സിൻഹ് രജ്പുത്, മുങ്ദ ജില ദോവിന്ദ് ഛാര പാർമർ എന്നിവര്‍ക്കാണ് അപ്പീൽ പരിഗണിക്കാന്‍ വൈകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചത്. ഇവരുടെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗി എന്നിവരുൾപ്പെടെയുള്ളവരെ കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതി ശിക്ഷിച്ചിരുന്നു. അന്നു ബിജെപി മന്ത്രിയായിരുന്ന മായാ കോഡ്നാനിയെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിടുകയും ചെയ്തു.

ഗുജറാത്ത് കലാപത്തോട് അനുബന്ധിച്ച് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ നരോദ പാട്യയിൽ 97 മുസ്‌ലിംകളെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. ഗുജറാത്ത് കലാപത്തിലെ ഏറ്റവും ഹീനമായ ആൾക്കൂട്ട ആക്രമണമായിരുന്നു ഇവിടുത്തേത്.

ഈ ഹൈക്കോടതി വിധി ‘ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നു’ വ്യക്തമാക്കിയാണ് സുപ്രീം കോടതി നാലുപേർക്കും ജാമ്യം അനുവദിച്ചത്. മൂന്നുപേരുടെ ജാമ്യ ഉത്തരവിൽ ഹൈക്കോടതിയുടെ ശിക്ഷാനടപടിയിൽ സുപ്രീം കോടതി സംശയം ഉന്നയിക്കുന്നുമുണ്ട്.

പ്രതികളെ തിരിച്ചറിഞ്ഞെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദങ്ങളെ ശരിവച്ചാണ് ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ ചില കേസുകളിൽ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നില്ലെന്നു കണ്ടെത്തിയിരുന്നു. മാത്രമല്ല, 15,000ത്തോളം പേരുടെ ജനക്കൂട്ടത്തിൽനിന്ന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞതെങ്ങനെയെന്ന ചോദ്യവും അപ്പീലിൽ ചോദിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA