അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചില്ലെന്ന് ജലീലിന്റെ മറുപടി; ക്ലറിക്കല്‍ പിഴവെന്ന് ഓഫിസ്‌

kt-jaleel-and-kt-adheep
SHARE

തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യമാണെന്നും, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കെ.ടി.അദീബിനെ നിയമിച്ചപ്പോള്‍ ഈ ചട്ടം പാലിക്കപ്പെട്ടില്ലെന്നും നിയമസഭയില്‍ മന്ത്രി ജലീലിന്റെ മറുപടി.

jaleel-reply1
കെ.ടി. ജലീല്‍ നിയമസഭയില്‍ നല്‍കിയ മറുപടി.

ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഈ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ചപ്പോള്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നില്ലെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചത്. നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ഇപ്പോള്‍ മന്ത്രി തന്നെ അംഗീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വിവാദത്തെത്തുടര്‍ന്ന് കെ.ടി. അദീബ് രാജിവച്ചിരുന്നു.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ നല്‍കിയ കെ.ടി.അദീബ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നോ എന്ന പാറയ്ക്കല്‍ അബ്ദുല്ലയുടെ ചോദ്യത്തിന് ഇല്ലെന്നാണ് 2018 ഡിസംബര്‍ 11ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച കമ്പനി സെക്രട്ടറിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് 2018 ജൂലൈ 16ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സെക്രട്ടറി, ജനറല്‍ മാനേജര്‍ തസ്തികകള്‍ നികത്താന്‍ തീരുമാനിച്ചത്.

യോഗ്യതയുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ എംഡിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ നിയമസഭാ ചോദ്യം തയാറാക്കുന്നതിനിടയില്‍വന്ന ക്ലറിക്കല്‍ പിഴവാണെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു. ജനറല്‍ മാനേജര്‍പോലുള്ള തസ്തികയിലെ നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യമില്ല. കോര്‍പ്പറേഷന്‍ എംഡി പോലുള്ള ഉയര്‍ന്ന തസ്തികകളിലാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യം.

ജനറല്‍ മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍പോലും നിയമിക്കാന്‍ കഴിയും. രണ്ടു ചോദ്യങ്ങള്‍ ചേര്‍ന്നു വന്നതിനാലാണ് തെറ്റിദ്ധാരണ ഉണ്ടാകുന്നത്. ക്ലറിക്കല്‍ പിഴവ് ആവശ്യമെങ്കില്‍ തിരുത്തുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA