മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ; കെ.ജി. ജയന് പത്മശ്രീ

mohan-lal-nambi-narayanan
SHARE

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നു നടൻ മോഹൻലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,കൊൽക്കത്ത ടാറ്റ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. മാമ്മന്‍ ചാണ്ടി എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. പത്മപുരസ്കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽവച്ചാണ്. സർക്കാരിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇതുവരെയെന്നും സത്യം ജയിച്ചെന്ന ചാരിതാർഥ്യമുണ്ടെന്നും നമ്പി നാരായണൻ പ്രതികരിച്ചു. 

അന്തരിച്ച ഹിന്ദി നടൻ കാദർ ഖാന്‍ (മരണാനന്തരം) ഉൾപ്പെടെ 94 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ബോളിവുഡ് നടൻ മനോജ് ബാജ്പേയ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‍രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. 

മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ(മരണാനന്തരം), ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എംപി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. 

നാടൻ കലാകാരൻ‌ തീജൻ ബായ്, കിഴക്കൻ ആഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ഇസ്മായിൽ ഉമർ ഗുലെ, ലാർസൻ‌ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണിഭായ് നായിക്, മറാഠി നാടകാചാര്യൻ ബൽവന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവർക്കാണു പത്മവിഭൂഷൺ പുരസ്കാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA