ഐക്യപ്രതിമയ്ക്കു സമീപം സീപ്ലെയിൻ; ഗുജറാത്തിൽ 300 മുതലകൾക്കു ‘സ്ഥലംമാറ്റം’

crocodile-sardar-patel
SHARE

അഹമ്മദാബാദ്∙ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ഐക്യപ്രതിമ കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് സീപ്ലെയിൻ സർവീസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി മുതലകൾക്കു സ്ഥലംമാറ്റം. 300 ഓളം മുതലകളെയാണു പുതിയ സ്ഥലത്തേക്കു മാറ്റുന്നത്. മൂന്ന് മീറ്റർ വരെ വലുപ്പമുള്ള മുതലകളെ കൂടുകളിലാക്കി പിക്അപ് ട്രക്കുകളിൽ കയറ്റിയാണു സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നത്.

ഐക്യപ്രതിമ കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണു തീരുമാനമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥ അനുരാധ സാഹു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ നിർമാണം കഴിഞ്ഞ ഒക്ടോബറിലാണു പൂർത്തീകരിച്ചത്. മുതലകളെ മാറ്റുന്നതിനെതിരെ ഇതിനകം പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മാത്രമേ മുതലകളെ പ്രദേശത്തുനിന്നു മാറ്റാൻ പാടുള്ളൂവെന്നു സംസ്ഥാന വൈൽഡ്‍ലൈഫ് ബോര്‍ഡ് അംഗം പ്രിയാവ്രത് ഗദ്വി അഭിപ്രായപ്പെട്ടു. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ, നർമദാ ജില്ലയിലാണ് സർദാർ പ്രതിമ നിർമിച്ചിരിക്കുന്നത്. നൂറ് കിലോമീറ്റര്‍ അപ്പുറത്തുള്ള വഡോദരയാണ് ഏറ്റവും അടുത്തുള്ള നഗരം. ട്രെയിനുകളില്ലാത്തതിനാൽ വഡോദരയിൽനിന്ന് ബസ് മാർഗമാണു വിനോദ സഞ്ചാരികൾ പ്രതിമ കാണാനെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA