കരീബിയൻ ദ്വീപിലേക്ക് ‘സർജിക്കൽ സ്ട്രൈക്ക്’; ലക്ഷ്യം സാമ്പത്തിക കുറ്റവാളികൾ

Flight
SHARE

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാമ്പത്തിക കുറ്റകൃത്യം നടത്തി നാടുവിട്ടവരെ തിരികെയെത്തിക്കാൻ വിപുല പദ്ധതിയൊരുക്കി കേന്ദ്ര സർക്കാർ. കോടികളുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വിദേശരാജ്യങ്ങളിലേക്കു മുങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക ദീർഘദൂര വിമാനങ്ങൾ ഉൾ‌പ്പെടെയുള്ള സന്നാഹങ്ങളാണ് ഒരുങ്ങുന്നത്. 

ഉദ്യോസ്ഥർക്കു സഞ്ചരിക്കാനും സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കാനും എയർ ഇന്ത്യയുടെ ദീർഘദൂര ബോയിങ് വിമാനമാണു തയാറാക്കിയിട്ടുള്ളത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരാണു ദൗത്യത്തിൽ പങ്കാളികളാവുക. വെസ്റ്റ് ഇൻഡീസിൽ കഴിയുന്ന സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കുന്നതാണ് സംഘത്തിന്റെ പ്രഥമദൗത്യമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് നാഷനല്‍ ബാങ്കിൽനിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മെഹുല്‍ ചോക്സി, വിൻസം ഡയമണ്ട്സ് പ്രമോട്ടർ ജതിൻ മേത്ത എന്നിവരെ ഇന്ത്യയിലെത്തിക്കാനാണു ശ്രമം. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവർക്കു രാജ്യം വിടാനുള്ള സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കിനൽകിയെന്ന വിമർശനം പ്രതിപക്ഷം  ഉയർത്താതിരിക്കാനാണു നടപടി.

ഇവരെ തിരിച്ചെത്തിക്കുന്നതു വിജയിച്ചാൽ പ്രചാരണസമയത്തു കേന്ദ്ര സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാൻ ബിജെപി ലക്ഷ്യമിടുന്നു. വന്‍കിട നിക്ഷേപങ്ങള്‍ നടത്തുന്നവർക്കു പൗരത്വം നൽകുന്ന ആന്റ്വിഗയിലാണു ചോക്സി. അവിടെ പൗരത്വമെടുത്ത ചോക്സിക്കു 132 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. ചോക്സി ഉൾപ്പെടെയുള്ളവർ കരീബിയന്‍ ദ്വീപുകളില്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് എവിടെയും തങ്ങാതെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാനാണു ദീർഘദൂര വിമാനം തയാറാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA