ആൻലിയ സ്മാർട്; അപമാനിക്കുന്നവരോടു പുച്ഛം: ജാസ്മിൻ ഷാ

jasmin-shah-anliya
SHARE

കൊച്ചി ∙ ദുരൂഹ മരണത്തിനു പിന്നാലെ ആൻലിയയെയും നഴ്സുമാരെയും പറ്റി അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. പൊലീസിൽ പരാതി നൽകി മുന്നോട്ടുപോയതിലും മാധ്യമങ്ങളിൽ വാർത്ത വന്നതിലും പ്രകോപിതരായവർ തന്നെയും കുടുംബത്തെയും ഫെയ്സ്ബുക്കിൽ അസഭ്യവർഷം നടത്തുകയാണെന്ന് ആൻലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കൽ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണു നഴ്സുമാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിൽ പ്രചാരണമുണ്ടായത്. ഇതിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ രംഗത്തെത്തി. 

ആൻലിയയുടെ ദുരൂഹമരണത്തെ കുറിച്ചുള്ള വാർത്തയ്ക്കുകീഴിൽ അവരെ അധിക്ഷേപിച്ചും നഴ്സിങ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലർ പോസ്റ്റിട്ടിരുന്നെന്നും അതിനു മറുപടി നൽകിയതായും ജാസ്മിൻ ഷാ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. നഴ്സിങ് സമൂഹവും അവരെ ഇഷ്ടപ്പെടുന്നവരും രൂക്ഷമായ ഭാഷയിലാണു മറുപടി നൽകിയത്. ആൻലിയയുടെ ഭർത്താവിന്റെ ഒരു വിഡിയോ തന്റെ വോളിൽ പോസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ചിലർ മെസേജ് അയച്ചു.

താൻ പഠിച്ച വെസ്റ്റ്ഫോർട്ട് കോളജ് ഓഫ് നഴ്സിങ്ങിലാണ് ആൻലിയയും പഠിച്ചത്. ആൻലിയയെപ്പറ്റിയുള്ള അന്വേഷണത്തിൽ മികച്ച അഭിപ്രായമാണു സഹപാഠികൾക്കും സീനിയർ, ജൂനിയർ വിദ്യാർഥികൾക്കും അധ്യാപകർക്കും പറയാനുള്ളത്. പഠനത്തിലെന്ന പോലെ മികച്ച പാട്ടുകാരിയുമാണ്. കോളജിലെ ‘സ്മാർട്’ വിദ്യാർഥിനികളിലൊരാൾ. എപ്പോഴും ചിരിച്ചു സന്തോഷവതിയായി മാത്രം സഹപാഠികൾ കണ്ടവൾ. ഒരാൾക്കു പോലും മോശം അഭിപ്രായമില്ല. വിവാഹശേഷം മാതാപിതാക്കൾ മക്കളെ വിളിക്കാതിരിക്കില്ല എന്നാണു തന്റെ വിശ്വാസം. ആൻലിയ മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുമായിരുന്നു. കേട്ടറിഞ്ഞ സ്മാർട്ടായ ആൻലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല.

Anliya-Justin-1
ആൻലിയയും ഭർത്താവ് ജസ്റ്റിനും

കാണാതായപ്പോൾ എന്തുകൊണ്ട് ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല എന്നതു പ്രസക്തമായ ചോദ്യമാണ്. അവരെയല്ലേ ന്യായമായും ആദ്യം അറിയിക്കുക? വിഡിയോ ഒരു ശബ്ദരേഖ രൂപത്തിൽ ഇന്റർവ്യൂ ആയി വന്നതിനാൽ അതൊരു പ്ലാൻഡ് സ്റ്റോറിയാണോയെന്നു സംശയിക്കുന്നവരെ കുറ്റം പറയാൻ സാധിക്കുമോ? മരിച്ചു മണ്ണിനോടു ചേർന്ന ആൻലിയയെ അപമാനിക്കുന്നവരോടും അധിക്ഷേപിക്കുന്നവരോടും പുച്ഛം. ആൻലിയയുടെ വിയോഗത്തിൽ വിഷമിക്കുന്നവരോടൊപ്പം മാത്രമാണു താൻ– ജാസ്മിൻ വ്യക്തമാക്കി.

ജാസ്മിൻ ഷായുടെ കുറിപ്പ്:

ആൻലിയക്കുവേണ്ടി ഞാൻ ഇതുവരെ ഒരു പോസ്റ്റിട്ടിട്ടില്ല. കാരണം ആ മരണത്തിലെ ദുരൂഹത നീക്കേണ്ടതു പൊലീസ് തന്നെയാണ്. അതിനാൽ അവരുടെ ഭർത്താവിനെയോ മറ്റാരേയോ കുറ്റപ്പെടുത്താനോ പഴിചാരാനോ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ആൻലിയയുടെ ദുരൂഹമരണത്തെ കുറിച്ചുള്ള വാർത്തയ്ക്കുകീഴിൽ ആൻലിയയെ അധിക്ഷേപിച്ചും നഴ്സിങ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലർ പോസ്റ്റിടുകയും അതിനു മറുപടി നൽകുകയും ചെയ്തിരുന്നു.

anliya-pic2
ആൻലിയ ഒടുവിൽ വരച്ച ചിത്രം

നഴ്സിങ് സമൂഹവും അവരെയിഷ്ടപ്പെടുന്നവരും രൂക്ഷമായ ഭാഷയിലാണ് അവഹേളിച്ചവർക്കെതിരെ മറുപടി നൽകിയത്. അതിനു ശേഷം എനിക്കു വന്ന ചില കോളുകളും വിഡിയോ മെസേജുകളുമാണ് ഈ പോസ്റ്റിടാൻ ആധാരം. പ്രത്യേകിച്ചും ആൻലിയയുടെ ഭർത്താവിന്റെ ഒരു വിഡിയോ. അത് എന്റെ വോളിൽ പോസ്റ്റു ചെയ്യണം എന്നാണ് അവരുടെ ആവശ്യം. ഞാനതു കണ്ടു, അതിന്റെ മറുപടിയിലേക്ക് വരാം മുൻപ് ആൻലിയയെ കുറിച്ച് ഞാൻ മനസ്സിലാക്കിയതു പറയട്ടെ.

ഞാൻ പഠിച്ച വെസ്റ്റ്ഫോർട്ട് കോളജ് ഓഫ് നഴ്സിങ്ങിലാണ് ആൻലിയയും പഠിച്ചത്. ആൻലിയയെപ്പറ്റിയുള്ള എന്റെ അന്വേഷണത്തിൽ മികച്ച അഭിപ്രായമാണു സഹപാഠികൾക്കും സീനിയർ–ജൂനിയർ വിദ്യാർഥികൾക്കും അധ്യാപകർക്കും അവളെപ്പറ്റി പറയാനുള്ളത്. പഠനത്തിലെന്ന പോലെ മികച്ച പാട്ടുകാരിയും. കോളജിലെ സ്മാർട്ട് വിദ്യാർഥിനികളിലൊരാൾ. എപ്പോഴും ചിരിച്ചു സന്തോഷവതിയായി മാത്രം സഹപാഠികൾ കണ്ടവൾ. സംസാരിച്ച ഒരാൾക്ക് പോലും അവളെപ്പറ്റി മോശം അഭിപ്രായമില്ല.

അതുപോലെ അവളുടെ മാതാപിതാക്കളെ കുറിച്ചും. പഠന സമയത്തു മിക്കവാറും ദിവസങ്ങളിൽ എല്ലാ മാതാപിതാക്കളെയും പോലെ ആൻലിയയും മാതാപിതാക്കളുമായി സംസാരിക്കുമായിരുന്നു. പഠന സമയത്ത് ഡയറി എഴുതുന്ന സ്വഭാവത്തെപ്പറ്റി പലർക്കുമറിയില്ല. പല സഹപാഠികളുമായും ആൻലിയയുടെ മാതാപിതാക്കളും സംസാരിക്കുമായിരുന്നു. അധ്യാപകർക്കും മാതാപിതാക്കളെ കുറിച്ച് നല്ല അഭിപ്രായം.

ഇനി കാര്യത്തിലേക്ക് വരാം. എനിക്ക് അയച്ചു തന്ന വിഡിയോയിൽ (ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന അതേ വിഡിയോ) ഭർത്താവ് പറയുന്ന കാര്യങ്ങളൊന്നും ഞാൻ നിഷേധിക്കുന്നില്ല. അത് കേട്ടപ്പോൾ എനിക്കും താങ്കളോടു സഹതാപം തോന്നി. എന്നാൽ ആൻലിയയുടെ സഹപാഠികളോടും അധ്യാപകരോടുമുള്ള അന്വേഷണത്തിനുശേഷം ചില കാര്യങ്ങൾ താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്. ഒരു മാതാപിതാക്കളും വിവാഹശേഷം മക്കളെ വിളിക്കാതിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ കേട്ടറിഞ്ഞ സ്മാർട്ടായ ആൻലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല. മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുമായിരുന്നു. ആൻലിയയെ വൈകുന്നേരമായിട്ടും കാണാതായപ്പോൾ പൊലീസിൽ അറിയിച്ചുവെന്നാണ് പറഞ്ഞത്. എന്തുകൊണ്ട് ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. അവരെയല്ലേ ന്യായമായും ആദ്യം അറിയിക്കുക? വിഡിയോ ഒരു ശബ്ദരേഖ രൂപത്തിൽ ഇന്റർവ്യൂ ആയി വന്നതിനാൽ അതൊരു പ്ലാൻഡ് സ്റ്റോറിയാണോയെന്നു സംശയിക്കുന്നവരെ കുറ്റം പറയാൻ സാധിക്കുമോ?

Hygenous-Parakkal-Anliya-Leela
ആൻലിയ മാതാപിതാക്കളോടൊപ്പം

ആരെയും വ്യക്തിപരമായി സംശയിക്കാനോ മറ്റോ ഞാൻ തയാറല്ല. അതു പൊലീസ് തെളിയിക്കട്ടെ. എന്നാൽ മരിച്ചു മണ്ണിനോടു ചേർന്ന ആൻലിയയെ അപമാനിക്കുന്നവരോടും അധിക്ഷേപിക്കുന്നവരോടും പുച്ഛം. കുഞ്ഞിന്റെ ഭാവിയെ കുറിച്ച് പരിതപിക്കുന്നവർ ഓർക്കുക അവൻ വളരുമ്പോൾ തന്റെ അമ്മയെ കുറിച്ച് മോശം പറഞ്ഞവരോട് ഒരു മതിപ്പും തോന്നില്ല എന്നത്. അവൾക്ക് നീതി ലഭിക്കുന്നതുവരെ #ആൻലിയയോടൊപ്പം മാത്രം. അതിനാൽ അവളെ മോശമായി പറയുന്ന വിഡിയോകളോ മെസേജുകളോ എനിക്ക് അയയ്ക്കേണ്ടതില്ല. ആൻലിയയുടെ വിയോഗത്തിൽ വിഷമിക്കുന്നവരോടൊപ്പം മാത്രമാണ് ഞാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA