കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍: തമ്മിലടി രൂക്ഷം; രാജിക്കു തയാറെന്ന് കുമാരസ്വാമി

HD-Kumaraswamy-1
SHARE

ബെംഗളൂരു∙ കർണാടകയിൽ ഭരണപക്ഷത്തെ തർക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നിയമസഭാംഗങ്ങൾക്ക് എതിരെ രംഗത്ത്. കോൺഗ്രസ് നിയമസഭാംഗങ്ങളെ പാർട്ടി നേതൃത്വം നിലയ്ക്കു നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയാറാണ്. കോൺഗ്രസ് എംഎൽഎമാർ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണു തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ട ആൾ ഞാനല്ല. പരാമർശങ്ങൾ തുടരാനാണു കോൺഗ്രസ് നേതാക്കളുടെ തീരുമാനമെങ്കിൽ സ്ഥാനം ഉപേക്ഷിക്കാനും തയാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി.അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ആഹ്വാനം ചെയ്ത എംഎൽഎയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നോട്ടിസ് അയച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും കോൺഗ്രസ് അറിയിച്ചു. അഭിപ്രായം അറിയിക്കുന്നതിൽ എന്താണു തെറ്റെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര പ്രതികരിച്ചു. 

സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. അഭിപ്രായം പറയുന്നതിൽ എന്താണ് തെറ്റ്?. മുഖ്യമന്ത്രിയെന്ന നിലയിൽ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും പരമേശ്വര വ്യക്തമാക്കി. സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് കർണാടക മന്ത്രി എം.ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ള കോൺഗ്രസ് നിയമസഭാംഗങ്ങൾ നിലപാടെടുത്തിരുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിയുടെ പ്രവർത്തനങ്ങളെ കോൺഗ്രസ് നിയമസഭാംഗങ്ങൾ ചോദ്യം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ വൻ തുക നൽകി സ്വന്തമാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓപറേഷൻ താമര ഇപ്പോഴുമുണ്ടെന്നും ഞെട്ടിക്കുന്ന തുകകളാണു വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. എന്നാൽ കുമാരസ്വാമിയുടെ ആരോപണം ബിജെപി തള്ളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA