മുന്നണി രാഷ്ട്രീയത്തിന്റെ മര്‍മമറിഞ്ഞ നേതാവ്; വാജ്‌പേയി സുഖമായി കവിതയെഴുതി

George-Fernandes-and-Vajpayee
SHARE

മുന്നണി രാഷ്ട്രീയത്തിന്റെ യഥാര്‍ഥ മര്‍മം തിരിച്ചറിഞ്ഞ നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. അതുകൊണ്ടാണ് 24 പാര്‍ട്ടികള്‍ അംഗമായ, ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ സഖ്യകക്ഷികളുള്ള ഒരു രാഷ്ട്രീയ മുന്നണിയുടെ പ്രധാനമന്ത്രിയായി വാജ്‌പേയി കവിതയെഴുതി കാലം തികച്ചതെന്നു വിമര്‍ശകര്‍ പോലും അംഗീകരിക്കും.

ബിഹാറില്‍ ലാലുപ്രസാദ് യാദവിനെ നേരിടാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടിയും ബിജെപിയുമായുണ്ടാക്കിയ പ്രാദേശിക സഖ്യമാണു '98ല്‍ എന്‍ഡിഎ രൂപീകരണത്തിലേക്കു വളര്‍ന്നത്. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയോട് അകന്നു നിന്നിരുന്ന രാഷ്ട്രീയ കക്ഷികള്‍ ഫെര്‍ണാണ്ടസിന്റെ മതേതര പ്രതിച്ഛായയില്‍ ആകൃഷ്ടരായി. എന്‍ഡിഎ കണ്‍വീനറായി ഫെര്‍ണാണ്ടസ് ചുമതലയേറ്റതോടെ മതേതര കക്ഷികള്‍ സഹകരിക്കാന്‍ തയാറായി. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തില്‍ '98ല്‍ എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതില്‍ അതുല്യമായ പങ്കായിരുന്നു ഫെര്‍ണാണ്ടസിന്റേത്.

ദേശീയ ജനാധിപത്യ സഖ്യത്തിനു പ്രതിസന്ധിഘട്ടങ്ങളില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തി പരിഹാരവുമായി മടങ്ങിയെത്തിയിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് നിത്യ കാഴ്ചയായിരുന്നു. ഒരു നേതാവിനെയും ഒരിക്കലും അംഗീകരിച്ചു ശീലമില്ലാത്ത മമത ബാനര്‍ജി എത്ര പ്രാവശ്യം എന്‍ഡിഎയില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്നും മമതയുടെ പിന്നാലെ ഫെര്‍ണാണ്ടസ് എത്രതവണ കൊല്‍ക്കത്തയ്ക്കു വണ്ടികയറിയിട്ടുണ്ടെന്നും ചരിത്രം. എന്തായാലും, ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ മാത്രമൊക്കെ വളരുന്നതിന് മുന്‍പ് എന്‍ഡിഎ എന്ന മുന്നണിക്ക് കെട്ടുറപ്പു നല്‍കുന്നതില്‍ മുന്നണി കണ്‍വീനറെന്ന നിലയില്‍ ഫെര്‍ണാണ്ടസിന്റെ പങ്ക് തീരെ നിസാരമായിരുന്നില്ലെന്ന് ചുരുക്കം.


പയറ്റിത്തെളിഞ്ഞ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്...

George-Fernandes-and-Narendra-Modi

1967ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈയില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചുകൊണ്ടായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ഈ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മുടിചൂടാമന്നനായിരുന്ന കോണ്‍ഗ്രസ് നേതാവ് എസ്.കെ. പാട്ടീലിനെ മലര്‍ത്തിയടിച്ചതോടെ ദേശീയ രാഷ്ട്രീയത്തില്‍ അദേഹം ശ്രദ്ധേയനായി. അതോടെ ഒരു പേരും വീണു, 'ജയന്റ് കില്ലര്‍'.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മുസാഫര്‍പൂരില്‍ മണ്ഡലത്തില്‍നിന്ന് ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വന്‍വിജയം കൊയ്തു. ജയിലിലായിരുന്നതിനാല്‍ പ്രചാരണത്തിനായി ഒരിക്കല്‍പോലും മണ്ഡലത്തില്‍ എത്താനായില്ലെങ്കിലും മൂന്നു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് അദേഹം വിജയിച്ചു. തുടര്‍ന്നുവന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അദേഹം വ്യവസായവകുപ്പ് മന്ത്രിയായി. എന്നാല്‍, അന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അഡ്വാനി എന്നിവരുടെ ആര്‍എസ്എസ് ബന്ധം ഉയര്‍ത്തി ഫെര്‍ണാണ്ടസ് ജനതാപാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയത് ഒടുവില്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പതനത്തിലാണ് കലാശിച്ചത്.

George-Fernandes-3

തുടര്‍ന്നു 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസാഫര്‍പൂരില്‍നിന്ന് വീണ്ടും വിജയിച്ചു. എന്നാല്‍, 1984ല്‍ ഇന്ദിര സഹതാപ തരംഗത്തില്‍പ്പെട്ട് ബെംഗളൂരു നോര്‍ത്തില്‍നിന്നു സി.കെ. ജാഫര്‍ ഷെരീഫിനോടു തോറ്റതോടെ അദേഹം തന്റെ പ്രവര്‍ത്തന മണ്ഡലം ബിഹാറിലേക്ക് മാറ്റി. ബിഹാര്‍ തട്ടകമാക്കിയതിനുശേഷം മുസാഫര്‍പൂര്‍, നളന്ദ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1989ല്‍ വി.പി സിങ് അധികാരത്തിലേറിയപ്പോള്‍ ഫെര്‍ണാണ്ടസ് റെയില്‍വെ മന്ത്രിയായി. മലയാളിയായ ഇ. ശ്രീധരന്റെ എന്‍ജിനീയറിങ് മികവില്‍ കൊങ്കണ്‍ പാത പൂര്‍ത്തിയാകുമ്പോള്‍ അതിന് പിന്നിലെ സുപ്രധാന പിന്തുണ റയില്‍വെ മന്ത്രാലയത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റേതായിരുന്നു.

ജനതാദള്‍ പലതായി പിളര്‍ന്നു തുടങ്ങിയ 1990കളുടെ മധ്യത്തിലാണ് ഫെര്‍ണാണ്ടസും സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. ബിഹാറില്‍ ലാലുപ്രസാദ് യാദവിനെ നേരിടാനായി 1994ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ്‌കുമാറും ചേര്‍ന്നാണ് സമതാ പാര്‍ട്ടി സ്ഥാപിച്ചത്. അതില്‍ പിന്നെയാണ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലെയും ആശയത്തിലെയും സുപ്രധാന വഴിത്തിരിവുകള്‍ സംഭവിച്ചത്. ആര്‍എസ്എസിനോടു കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് പക്ഷേ, പിന്നീട് 1996-ല്‍ സമതാ പാര്‍ട്ടിയുമായി ബിജെപി പാളയത്തിലേക്ക് ചേക്കേറി. സോഷ്യലിസ്റ്റെന്ന നിലയില്‍ സംഘപരിവാറിനോട് എന്നും അകല്‍ച്ച പാലിച്ചിട്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കു കൈത്താങ്ങു നല്‍കാന്‍ ഫെര്‍ണാണ്ടസ് തയാറായത് അക്കാലത്തെ രാഷ്ട്രീയാത്ഭുതങ്ങളില്‍ ഒന്നായിട്ടാണു വിലയിരുത്തപ്പെട്ടത്. ബിജെപിയുമായി കൂട്ടുചേര്‍ന്നതോടെ ഇരുവര്‍ക്കും കേന്ദ്രമന്ത്രിമാരാകാനും സാധിച്ചു. 1999ല്‍ 24 പാര്‍ട്ടികളെ ചേര്‍ത്ത് വാജ്‌പേയി അഞ്ചുവര്‍ഷം ഭരിച്ചതിന്റെ ക്രെഡിറ്റ് എന്‍ഡിഎയുടെ മുന്നണി കണ്‍വീനറായിരുന്ന ഫെര്‍ണാണ്ടസിന് അവകാശപ്പെട്ടതാണ്.

George-Fernandes-2

തുടര്‍ന്ന് വിവിധ സര്‍ക്കാരുകളില്‍ അദേഹം മന്ത്രിയായി. റെയില്‍വെ, പ്രതിരോധം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1999ല്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെയാണ് കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തില്‍ ഇന്ത്യ വിജയം നേടിയതോടെ സര്‍ക്കാരിന്റെയും ഫെര്‍ണാണ്ടസിന്റെയും തിളക്കം വര്‍ധിച്ചു. എന്നാല്‍, ഇക്കാലയളവില്‍ ചില അഴിമതി ആരോപണങ്ങളും ഫെര്‍ണാണ്ടസിനെതിരെ ഉയര്‍ന്നു.

സമതാ പാര്‍ട്ടി ക്ഷയിച്ചു തുടങ്ങിയതോടെ ശരദ് യാദവിന്റെ ജെഡിയുവിലേക്ക് ചേക്കേറിയ ഫെര്‍ണാണ്ടസിന് പിന്നീട് അസ്തമയകാലമായിരുന്നു. നിതീഷിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണു ഫെര്‍ണാണ്ടസ് സമതാ പാര്‍ട്ടിയെ ജെഡിയുവില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചത്. ഇക്കാര്യത്തില്‍ ജയാ ജയ്റ്റ്‌ലിയുടെ എതിര്‍പ്പും ഫെര്‍ണാണ്ടസ് വകവച്ചില്ല. എന്നാല്‍, ജെഡിയുവില്‍ മല്‍സരിക്കാന്‍ സീറ്റ് പോലും കിട്ടാതായപ്പോള്‍ 2009ല്‍ മുസാഫര്‍പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മല്‍സരിച്ചുവെങ്കിലും തോറ്റു. പിന്നീട് നിതീഷ് കുമാറിന്റെയും ശരത് യാദവിന്റെയും പിന്തുണയോടെ രാജ്യസഭയിലത്തെിയെങ്കിലും അനാരോഗ്യം വലച്ചു. 2010 ല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച് പൊതുരംഗം വിട്ടു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA