അവസാന പോരാട്ടത്തിനിടെ ജോർജ് ഫെർണാണ്ടസിനെ കണ്ടുമുട്ടിയ കഥ

2009. ജോർജ് ഫെർണാണ്ടസിന്റെ അവസാനത്തെ തിരഞ്ഞെടുപ്പു പോരാട്ടം.
എത്രയോ തവണ പാർലമെന്റിലെത്തിച്ച സ്വന്തം മണ്ഡലമായ ബിഹാറിലെ മുസഫർപുരിൽ അത്തവണ ഒറ്റയ്ക്കായിരുന്നു ഫെർണാണ്ടസ്.
നിതീഷ് കുമാറിനും ശരത് യാദവിനുമൊപ്പം ജനതാദൾ യുവിലായിരുന്നു അദ്ദേഹം അപ്പോൾ. അനാരോഗ്യം ചൂണ്ടിക്കാട്ടി നിതീഷും യാദവും അദ്ദേഹത്തിനു സീറ്റു നിഷേധിച്ചു.
ആരോഗ്യം മോശമായിരുന്നു. തീരെ മോശമായിരുന്നു. പക്ഷേ, അതംഗീകരിക്കാനും വിട്ടുകൊടുക്കാനും ജോർജ് ഫെർണാണ്ടസിനു കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്യുന്നതായിരുന്നില്ല ശീലമെന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു സാക്ഷ്യം. അടിയന്തിരാവസ്ഥയ്ക്കെതിരെ പടനയിച്ച ഫെർണാണ്ടസ് 1977 ൽ ഇതേ മുസഫർപുരിൽ ജയിച്ചു കയറിയത് ജയിലിൽക്കിടന്നുകൊണ്ടായിരുന്നു!

അങ്ങനെ, നിതീഷിനോടും പാർട്ടിയോടും പിണങ്ങി, ഫെർണാണ്ടസ് സ്വതന്ത്രനായി പത്രിക നൽകി. പക്ഷേ, കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മുൻപു പറഞ്ഞതു പോലെ ആരോഗ്യം തന്നെയായിരുന്നു പ്രശ്നം. സംസാരിക്കാനോ തല ശരിക്കൊന്ന് അനക്കുവാനോ കഴിയാത്തത്രയും അവശനായിരുന്നു അദ്ദേഹം. 1990 ലുണ്ടായ ഒരു വീഴ്ചയുടെ ബാക്കിപത്രമായിരുന്നു ആ അവസ്ഥ.
അന്ന് മുസഫർപുരിലെ ഒരു വിദൂരഗ്രാമത്തിൽ പ്രചാരണത്തിനെത്തിയ ഫെർണ്ടാസിനെ കാണാനുള്ള ഞങ്ങളുടെ യാത്ര അങ്ങേയറ്റം കൗതുകരമായിരുന്നു. ചുമരിൽ കരിക്കട്ട കൊണ്ടു വരച്ച ചിത്രം പോലെ, ജീവനറ്റ, ഉണങ്ങി വരണ്ട ആ ഗ്രാമത്തിലെ ഒരേയൊരു കോൺക്രീറ്റ് വീട്ടിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച.

കൂടിക്കാഴ്ച എന്ന പറയാൻ കഴിയുമായിരുന്നില്ല. ഞാനും അന്ന് ഒപ്പമുണ്ടായിരുന്ന ഫൊട്ടോഗ്രഫർ അബു ഹാഷിമും അദ്ദേഹത്തെ കണ്ടുവെങ്കിലും അദ്ദേഹം ഞങ്ങളെ കാണുന്നുണ്ടായിരുന്നുവോ എന്നുറപ്പില്ല. കാരണം, ഒന്നിനോടും പ്രതികരിക്കാൻ കഴിയാത്ത വണ്ണം ശബ്ദവും ഓർമയും നഷ്ടപ്പെട്ടിരുന്നു അദ്ദേഹത്തിന്.

അങ്ങേയറ്റം, ദുഃഖകരമായ കാഴ്ചയായിരുന്നു അത്. ഒരിക്കൽ ജ്വലിച്ചുനിന്ന വിപ്ലവസൂര്യന്റെ അസ്തമനമായിരുന്നു മുസഫർപുരിലെ ആ ചെറുഗ്രാമത്തിൽ ഞങ്ങൾ കണ്ടത്.

ആ തിരഞ്ഞെടുപ്പിൽ ഫെർണ്ടാസ് ദയനീയമായി പരാജയപ്പെട്ടു. പക്ഷേ, ശരത് യാദവും നിതീഷ്കുമാറും ഫെർണാണ്ടസിനെ കൈവിട്ടില്ല. ജൂലൈയിൽ ശരത് യാദവ് കാലാവധി പൂർത്തിയാക്കിയപ്പോൾ ഒഴിവുവന്ന രാജ്യസഭാ സീറ്റ് അവർ ഫെർണാണ്ടസിനു നൽകി. അങ്ങനെ, വീണ്ടും ജോർജ് ഫെർണാണ്ടസ് പാർലമെന്റിലെത്തി, അവസാനമായി.

ജോർജ് ഫെർണാണ്ടസിനെ കാണാൻ നടത്തിയ അന്നത്തെ ഞങ്ങളുടെ യാത്രയുടെ കഥ ഇവിടെ ചേർക്കുന്നു. 2009 ഏപ്രിൽ 21 ലെ മനോരമയിൽ പ്രസിദ്ധീകരിച്ചതാണിത്:

2009 ഏപ്രിൽ 21 ലെ മനോരമയിൽ പ്രസിദ്ധീകരിച്ചത്.

പാതിരാസൂര്യന്റെ നാട്ടിൽ

കെ. ടോണി ജോസ്

ഗോതമ്പും നെല്ലും ചോളവും വിളയുന്ന അതിവിശാലമായ പാടങ്ങൾക്കു നടുവിലൂടെ പൊടിപാറിച്ചും പൊടിക്കാറ്റുകൊണ്ടും വേണം മുസഫർപൂരിൽനിന്ന് അൻപതു കിലോമീറ്റർ അകലെ ഔറായി എന്ന ഗ്രാമത്തിലെത്താൻ. പുരാതനമായ ഏതോ കാലത്തുനിന്നു ബാക്കി വന്നതെന്നു തോന്നിക്കുന്ന, വൈക്കോലിട്ടു മേഞ്ഞ, പൊടിപിടിച്ച വീടുകൾ.


കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ ഗോതമ്പു കൂട്ടിയിട്ടിരിക്കുകയാണ്. അതു സംഭരിക്കാൻ വണ്ടികൾ വരണം. കുട്ടനാട്ടിൽ കാണുന്ന അതേ കാഴ്‌ച. കുടിലുകൾ മാത്രമുള്ള ഗ്രാമത്തിന്റെ ഏക ആഡംബരം പഴയ എംഎൽഎ ഗണേഷ് യാദവിന്റെ വീടു മാത്രം. ഫാം ഹൗസ് എന്നു വിളിക്കാവുന്ന വീടിന്റെ മുറ്റത്തു സാമാന്യം വലിയൊരാൾക്കൂട്ടമുണ്ട്. പത്തൻപതു ബൈക്കുകൾ. കുറെ കാറുകൾ. എല്ലാത്തിലും ചുവന്ന കൊടികൾ വച്ചുകെട്ടിയിട്ടുണ്ട്.
കേരളത്തിൽനിന്നു വരുന്നവർ ദൂരെനിന്നു നോക്കിയാൽ സിപിഎമ്മിന്റെ ബൈക്ക് റാലി തുടങ്ങാൻ പോകുന്നുവെന്നേ തോന്നൂ. പക്ഷേ, അടുത്തു വരുമ്പോൾ കൊടിയിലെ ചിഹ്നം വേറെയാണ് – കൊട്ട. ചുവന്ന കൊടിയാവട്ടെ ഒരു പാർട്ടിയുടേതുമല്ല. മുസഫർപുരിൽ സ്വതന്ത്രനായി മൽസരിക്കുന്ന മുൻ കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ചിഹ്നമാണു കൊട്ട! കൊടി അനുയായികൾ സ്വയം ഡിസൈൻ ചെയ്‌തതാണ്. റയിൽവേ സമരവും ഡൈനമിറ്റ് കേസുമൊക്കെ ഓർമയിലുള്ള പഴയ ആരാധകർക്ക്, ജോർജ് ഫെർണാണ്ടസിന്റെ കൊടിക്കു ചുവപ്പല്ലാതെ മറ്റൊരു നിറം കൊടുക്കാനാകുമോ?

ആരോഗ്യമില്ലെന്ന പേരു പറഞ്ഞ് ഇത്തവണ നിതീഷ്‌കുമാറും ശരത് യാാദവും ജോർജ് ഫെർണാണ്ടസിനു മുസഫർപൂരിൽ ജനതാദൾ യുണൈറ്റഡിന്റെ സീറ്റ് നിഷേധിച്ചു. അടിയന്തരാവസ്‌ഥയ്‌ക്കെതിരെ പട നയിച്ച ഫെർണാണ്ടസ് 1977 ൽ ഇതേ മുസാഫർപൂരിലെ ജയിലിൽ കിടന്നു തിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ചതാണ്. ആകെ ആറുതവണ ഇവിടെനിന്നു ലോക്‌സഭയിലെത്തി. അങ്ങനെയൊരാൾക്കു സീറ്റ് നിഷേധിച്ചതു ശരിയോ? ഫെർണാണ്ടസ് സ്വതന്ത്രനായി പത്രിക നൽകി. പക്ഷേ, ജനപിന്തുണ, ചോരാതെ കൊട്ടയിൽ കോരിയെടുക്കാവുന്ന നിലയിലല്ല ജോർജ് ഫെർണാണ്ടസിന്റെ സ്ഥിതി ഇപ്പോൾ.

ഗണേഷ് യാദവിന്റെ വീട്ടുമുറ്റത്തു ചെന്നിറങ്ങിയതും കൈപിടിച്ചു കൊണ്ടുപോയത് ഊണുമുറിയിലേക്ക്. ഉച്ചയൂണിനു ശേഷം ‘സാബ്’ വിശ്രമിക്കുകയാണ്. ഉണർന്നശേഷമേ അടുത്ത പ്രചാരണത്തെക്കുറിച്ച് ആലോചിക്കൂ. 23നാണ് ഇവിടെ തിരഞ്ഞെടുപ്പെങ്കിലും ഫെർണാണ്ടസിന് ഓടി നടന്നു പ്രചാരണത്തിനു കഴിയില്ല.

അതിഥികൾക്കു സ്വന്തം കൈകൊണ്ടു ചോറു വിളമ്പണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടു ഗണേഷ് യാദവിന്. ചോറു നിറച്ച പാത്രത്തിൽ കയ്യിട്ട് ഒരുപിടി നിറയെ ഇലയിലേക്ക്! ഒപ്പം വിളമ്പിയതു രാഷ്‌ട്രീയം. ഉപമകൾ കൊണ്ടാണു കളി: ‘അച്‌ഛനു വയസ്സായെന്നു കരുതി ആരെങ്കിലും തൊഴുത്തിൽ കട്ടിലിട്ടു കിടത്തുമോ? അതാണു നിതീഷ് കുമാറും ശരത് യാദവും ചെയ്‌തത്. അവർക്കുള്ള മറുപടിയാവും ഇവിടെ ഫെർണാണ്ടസ്‌ജിയുടെ വിജയം. നിതീഷും ശരതും കൂടി നിർത്തിയ ജനതാദൾ യുവിന്റെ സ്‌ഥാനാർഥി ഇവിടെ മൂന്നാമതാകും’ – പഴയ എംഎൽഎയ്‌ക്ക് ഉറപ്പ്.

പാർട്ടിയില്ലാത്ത ജോർജ് ഫെർണാണ്ടസിനു നാട്ടുകാർ വോട്ട് ചെയ്യുമെന്നതിന് എന്താണുറപ്പ് എന്നു ചോദിച്ചപ്പോൾ വീണ്ടും ഉപമ: വീട്ടുമുറ്റത്തു കൂടെ വെള്ളം ഒഴുകുമ്പോൾ ആരെങ്കിലും കിണറ്റിലെ വെള്ളമെടുത്തു കുടിക്കുമോ? രാജ്യം മുഴുവനും, ലോകമെങ്ങും അറിയപ്പെടുന്ന ഫെർണാണ്ടസ്‌ജിക്കു വോട്ട് ചെയ്യണോ അതോ ലോക്കൽ കക്ഷികൾക്കു വോട്ട് കൊടുക്കണോ?

ഗണേഷ് യാദവിന്റെ വീട്ടിലെ ഒരു മുറിയിലാണ് ഈ ഗ്രാമത്തിലെ ഒരേയൊരു എയർ കണ്ടീഷണർ സ്‌ഥാപിച്ചിട്ടുള്ളത്. കറന്റുപോലുമില്ലാത്ത വീടുകളിൽ കഴിയുന്ന ഗ്രാമത്തിന് അതുതന്നെ അത്യാഢംബരം! എസി മുറിയിൽ ജോർജ് ഫെർണാണ്ടസ് ഉറങ്ങുന്നു. മുൻപ് ഫെർണാണ്ടസിന്റെ അഭിഭാഷകനും ഇപ്പോൾ സഹചാരിയുമായ അഭിജാത് ബാലും ഒപ്പമുള്ള ഡോക്‌ടറും മുറിക്കു മുന്നിൽ കാത്തുനിൽപ്പുണ്ട്.

ഡൽഹിയിൽ അഭിഭാഷകനായ അഭിജാത് വർഷങ്ങളായി ഫെർണാണ്ടസിനൊപ്പമാണ്. നിതീഷും ശരത് യാദവും കാണിച്ച നന്ദികേടിന്റെ പേരിൽ ശക്‌തമായ സഹതാപ തരംഗം ജോർജ്‌ ഫെർണാണ്ടസിനുണ്ടെന്നാണ് അഭിജാതിന്റെ വിലയിരുത്തൽ. ‘പ്രചാരണത്തിനു പോകുന്ന ഓരോ സ്‌ഥലത്തെയും ജനങ്ങളുടെ ആവേശം അതാണു കാണിക്കുന്നത്. സീറ്റ് നൽകാമെന്ന് ആദ്യം നിതീഷും ശരതും സമ്മതിച്ചതാണ്. നോമിനേഷൻ കൊടുക്കാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിതീഷ് സമ്മതിക്കുകയും ചെയ്‌തു. പക്ഷേ ഒറ്റ രാത്രികൊണ്ടാണു കാര്യങ്ങൾ മാറിയത്. ഫെർണാണ്ടസ് പട്‌നയിലെത്തിയപ്പോൾ ജെഡിയു മുസഫർപുരിൽ വേറൊരു സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. ആ നന്ദികേടു സഹിക്കാൻ പറ്റുമോ? നേരെ വന്നു സ്വതന്ത്രനായി പത്രികനൽകി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടല്ലോ, അവരുടെ പിന്തുണ കിട്ടും’ – അഭിജാതിന് ഉറപ്പ്.

പക്ഷേ, ഫെർണാണ്ടസിന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്രയും ഉറപ്പ് ആർക്കുമില്ല. 1990ൽ തലയ്‌ക്കു പരുക്കേറ്റതാണ്. അന്നു തലയ്‌ക്കുള്ളിൽ രക്‌തം കട്ടപിടിച്ചു കിടന്നത് ആരും ശ്രദ്ധിച്ചില്ല. ഇപ്പോൾ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡും കെട്ടിക്കിടക്കുന്നു. അത് ഒഴുക്കിക്കളയാൻ സ്‌റ്റെന്റ് ഇട്ടിരിക്കുകയാണ്. തലയനക്കാൻ ബുദ്ധിമുട്ടുണ്ട്. ഓർമയും ഇടയ്‌ക്കിടെ മുറിഞ്ഞുപോകുന്നു.

നീണ്ട വിശ്രമത്തിനുശേഷം മൂന്നരയോടെ ഫെർണാണ്ടസ് ഉണർന്നു. ഡോക്‌ടറുടെ പരിശോധനകൾക്കു ശേഷം പുറത്തേക്കിറങ്ങുമ്പോൾ കണ്ടതു പഴയ ഫെർണാണ്ടസിന്റെ നിഴൽ. പിച്ച വയ്‌ക്കാൻ പഠിക്കുന്ന കുട്ടിയെപ്പോലെ ആടിയുലഞ്ഞ്. സോഷ്യലിസത്തിന്റെയും തീവ്ര പ്രതികരണങ്ങളുടെയും പഴയ മിശിഹ, യുദ്ധകാലത്തു കാർഗിലിൽ മലകൾ കയറി സൈനികർക്കൊപ്പം കഴിഞ്ഞ ഊർജസ്വലനായ പ്രതിരോധ മന്ത്രി, 1967ലെ തിരഞ്ഞെടുപ്പിൽ കോൺസ്രിന്റെ എസ്.കെ. പാട്ടീലിനെ മലർത്തിയടിച്ച ജയന്റ് കില്ലർ. ഭരണമുന്നണിയായ എൻഡിഎയെ കൈപിടിച്ചു നടത്തിയ കരുത്തനായ കൺവീനർ... ഒരു കാലത്തു ജോർജ് ഫെർണാണ്ടസ് എന്തൊക്കെആയിരുന്നുവോ അതിന്റെയെല്ലാം ഓർമ മാത്രമാണ് ഇന്നീ ശരീരം.

കേരളത്തിൽനിന്നു വന്ന പത്രക്കാരാണെന്ന് അഭിജാത് പരിചയപ്പെടുത്തുമ്പോൾ തല ചെരിക്കാതെ, ഇരുകൈകളും പാതി കൂപ്പിയുള്ള അഭിവാദ്യം. ചോദ്യങ്ങൾക്കു പ്രസക്‌തിയില്ല. കാരണം ജോർജ് ഫെർണാണ്ടസിന്റെ മങ്ങുന്ന ഓർമയിൽ ഉത്തരങ്ങളില്ല. അഭിജാതിന്റെ തോളിലൂന്നി പുറത്തെത്തുമ്പോൾ മുദ്രാവാക്യം വിളികൾ മുഴങ്ങി, ജോർജ് ഫെർണാണ്ടസ് സിന്ദാബാദ്. ദേഖോ ദേഖോ നിതീഷ് ദേഖോ ജൻതാ കിസ്‌കി സാഥ് ഹേ... (നോക്കിക്കോളൂ നിതീഷ് കുമാറേ ജനങ്ങൾ ആരോടൊപ്പമെന്ന് എന്ന് ഈണമില്ലാത്ത മലയാള പരിഭാഷ).

ജോർജ് സാബിനു മാലയിടാൻ അണികളുടെ തിരക്കുണ്ട്. പക്ഷേ, ഫെർണാണ്ടസ് അതൊന്നുമറിയുന്നില്ല. കഴുത്തിൽ വീഴുന്ന മാലകൾ മറ്റാരോ എടുത്തുമാറ്റുന്നു. കാറിലേക്കു കയറ്റാൻ ഒട്ടേറെ പേരുടെ കൈ സഹായം വേണം. നേരത്തേകിട്ടിയ ജമന്തി മാലകൾ കാറിന്റെ പലഭാഗത്തായി കൊരുത്തിട്ടു പ്രവർത്തകർ. ജോർജ് ഫെർണാണ്ടസിന്റെ പ്രചാരണ യാത്ര പുറപ്പെടുകയായി.
അതു വിളിച്ചറിയിക്കുന്ന അനൗൺസ്‌മെന്റില്ല. വഴിയിൽ അവിടവിടെ ആളുകൾ കൂടി നിൽക്കുന്നിടങ്ങളിൽ ഒരു നിമിഷം കാർ നിൽക്കുന്നു. ചുറ്റും കൂടുന്ന ഗ്രാമീണരുടെ തൊഴുകൈകളിലുണ്ടു ഫെർണാണ്ടസിനോടുള്ള അവരുടെ ആദരവത്രയും. ആ ആദരവിലാണു ഫെർണാണ്ടസ് ആരാധകർ പ്രതീക്ഷയർപ്പിക്കുന്നതും.

ഔറായി ബസാറിനോടു ചേർന്നുള്ള കവലയിൽ കാർ നിന്നു. ഈപ്രചാരണ യാത്രയ്‌ക്കിടെ ജോർജ് ഫെർണാണ്ടസ് വണ്ടിയിൽനിന്നിറങ്ങുന്ന ഒരേയൊരു പോയിന്റ്. രാം മനോഹർ ലോഹ്യയുടെ പ്രതിമയുണ്ട് ഈ കവലയിൽ. പതിയെ അടിവച്ച് അവിടേക്ക്. പ്രതിമയുടെ ചുവട്ടിലെത്തിയപ്പോൾ അഭിജാത് ഓർമിപ്പിച്ചു, മാലയിടാം. ഏറെ പാടുപെട്ട് കൈകളുയർത്തി ജോർജ് ഫെർണാണ്ടസ് തന്റെ ഗുരുവിന്റെ പ്രതിമയെ പുഷ്‌പഹാരമണിയിച്ചു. ഉറക്കെ ഉയർന്ന മുദ്രാവാക്യം ഇങ്ങനെ: ഇൻക്വിലാബ് സിന്ദാബാദ്, ഡോ. ലോഹ്യ സിന്ദാബാദ്, ജോർജ്‌ ഫെർണാണ്ടസ് സിന്ദാബാദ്....

കൊയ്‌തു കഴിഞ്ഞ പാടങ്ങൾക്കു നടുവിലൂടെ ഫെർണാണ്ടസിന്റെ വാഹനം മുസാഫർപൂരിലെ ഹോട്ടലിലേക്കു മടങ്ങുകയാണ്. പാടങ്ങളിലെ പണികഴിഞ്ഞു സൈക്കിളിൽ വീടുകളിലേക്കു മടങ്ങുന്ന കർഷകരത്രയും ആദരവോടെ വണങ്ങുന്നു തങ്ങളുടെ പ്രിയ നേതാവിനെ.

കൊയ്‌തിട്ട ഗോതമ്പുകൂമ്പാരങ്ങൾക്കും മീതേ സൂര്യൻ സന്ധ്യയിലേക്കു ചായുന്നു.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഉച്ചസൂര്യനെപ്പോലെ തീവ്രമായി ജ്വലിച്ച നേതാവിന്റെ രാഷ്‌ട്രീയ ജീവിതവും സന്ധ്യയിലേക്കു മങ്ങുകയാണ്.
അതിന്റെ അസ്‌തമനം ഇത്തവണ മുസഫർപൂരിൽ ഉണ്ടാവുമോ? വിധിയെഴുത്തു 23നാണ്.