കനിവ് വറ്റിയിട്ടില്ല; ആൽമരത്തിനായി കത്തയച്ച് സ്പീക്കർ, സ്നേഹലേപനവുമായി സർക്കാർ

banyan-tree-manorama-online-impact
SHARE

കാലങ്ങളോളം ജീവശ്വാസം നൽകിയ മുത്തശ്ശിമരം ഒരിറ്റു ശ്വാസത്തിനായി കെഞ്ചിയതു വെറുതെയായില്ല. ആരെങ്കിലും കൈനീട്ടുമെന്ന പ്രതീക്ഷ നിറവേറിയിരിക്കുന്നു. കനിവു വറ്റാത്ത ഒരു കൂട്ടം ‘പച്ചമനുഷ്യർ’ ഒറ്റക്കെട്ടായി നിന്നപ്പോൾ രണ്ടാംജന്മത്തിലേക്കു തളിരിട്ട ആൽമരത്തിനു സഹായം വേണമെന്ന ‘മനോരമ ഓൺലൈൻ’ വാർത്തയെ തുടർന്നു സർക്കാർ മുന്നിട്ടിറങ്ങി. പൊന്നാനി എംഎൽഎയും നിയമസഭാ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണൻ പ്രത്യേക താൽപര്യമെടുത്തതോടെ സ്നേഹലേപനം പുരട്ടി ഉഷാറാകാനുള്ള ഒരുക്കത്തിലാണ് ആൽമരം.

‘പ്രളയത്തിൽ നൊന്തു, മരിച്ചില്ല; പുനർജന്മത്തിന് കനിവു തേടി ആ ആൽമരം’ എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസമാണു നോവുന്ന അതിജീവനകഥ പ്രസിദ്ധീകരിച്ചത്. വിഷയം ശ്രദ്ധയിൽപെട്ട സ്പീക്കർ, പീച്ചിയിലെ കേരള വനം ഗവേഷണ കേന്ദ്രം (കെഎഫ്ആർഐ) ഡയറക്ടർക്കു നേരിട്ടു കത്തെഴുതി. കൂട്ടായ്മയുടെ സാഹസികതയിൽ മാറ്റിനട്ട വലിയ ആൽമരത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനസ്സ് അസ്വസ്ഥമാണെന്ന ആമുഖത്തോടെ ഹൃദയാർദ്ര ഭാഷയിലായിരുന്നു കത്ത്. മരത്തിന്റെ പുനരുജ്ജീവനത്തിനായി പരമാവധി സഹായം ചെയ്യണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

പി.ശ്രീരാമകൃഷ്ണന്റെ കത്തിനു പിന്നാലെ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ സാഹചര്യത്തിൽ മരത്തെ രക്ഷിക്കാൻ വനം ഗവേഷണ കേന്ദ്രം തയാറെടുത്തു. ഇവിടെനിന്നുള്ള പഠനസംഘം പൊന്നാനി ഈശ്വരമംഗലം തീരത്തു നിള കലാഗ്രാമം മ്യൂസിയത്തിലുള്ള മരം കാണാനെത്തി. മാറഞ്ചേരിയിൽനിന്നു മാറ്റിനടാൻ മുൻകയ്യെടുത്ത മിഷൻ ബോധി പ്രവർത്തകരുമായി സംസാരിച്ചു. പ്രളയത്തിൽ അടിച്ചുകയറിയ പുളിവെള്ളം മരത്തടിയിൽ കീടബാധ ഉണ്ടാക്കിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്നു സംഘം അറിയിച്ചു.

P.-Sreeramakrishnan
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

തായ്ത്തടിയിലുണ്ടായ കീടബാധ ഒഴിവാക്കുക, പുതുതായി മുള പൊട്ടിയ കൊമ്പുകളുടെ വളർച്ച ത്വരിതപ്പെടുത്തുക, തായ്ത്തടിയിലെ ജീവനുള്ള വേരുകളെ വേർതിരിച്ചു മണ്ണിലേക്കിറങ്ങാൻ സഹായിക്കുക എന്നിവ അടിയന്തരമായി ചെയ്യണം. പ്രളയവും ഉപ്പുവെള്ളവും എത്രമാത്രം ആഴത്തിൽ മരത്തെ ബാധിച്ചു, മരത്തിന്റെ ഉണക്കത്തിനു പ്രളയമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നെല്ലാം പഠിക്കുന്നതിനു മരത്തിന്റെ തൊലി, ചുറ്റിലുമുള്ള മണ്ണ് എന്നിവയുടെ സാംപിളുകൾ ശേഖരിച്ചു. തായ്ത്തടിയിലും മണ്ണിലും മണ്ണെണ്ണയുടെയോ മറ്റോ സാന്നിധ്യമുണ്ടെന്നു മിഷൻ ബോധി പ്രവർത്തകർ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം പരിശോധനയിലൂടെയേ ഉറപ്പിക്കാനാകൂവെന്നു സംഘം അറിയിച്ചു. 

കെഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും റിസർച്ച് കോ-ഓർഡിനേറ്ററുമായ ഡോ. പി.വി.സജീവിന്റെ കീഴിലുള്ള എന്റമോളജി വിഭാഗം റിസർച്ച് ഫെല്ലൊ തുഷാർ, തോമസ് എന്നിവരാണു മരത്തിന്റെ ആരോഗ്യാവസ്ഥയുടെ പ്രാഥമിക പരിശോധനയ്ക്കെത്തിയത്. ആദ്യഘട്ട ചികിത്സകൾക്കും പുനരുജ്ജീവന പ്രവർത്തനങ്ങൾക്കും ഇവരാകും നേതൃത്വം നൽകുക. ഈ സംഘം തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎഫ്ആർഐ വിദഗ്ധ സമിതിക്കു രൂപം നൽകി തുടർചികിത്സകൾ നടത്തും.

saving-banyan-tree
വനം ഗവേഷണ കേന്ദ്രത്തിലെ സംഘം ആൽമരം പരിശോധിക്കുന്നു. മിഷൻ ബോധി പ്രവർ‌ത്തകർ സമീപം

നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ജമാലുദ്ദീൻ മാറഞ്ചേരി, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.ജയരാജൻ, മിഷൻ ബോധി കോ–ഓർഡിനേറ്റർ ജമാൽ പനമ്പാട്, നിള പൈതൃക മ്യൂസിയം ക്യുറേറ്റർ പി.വി.യാസിർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാൻ മരാമത്തു വകുപ്പ് തീരുമാനിച്ചപ്പോൾ, 20 ടൺ ഭാരമുള്ള ആൽമരത്തെ വേരോടെ പിഴുതെടുത്തു കിലോമീറ്ററുകൾ അകലെയുള്ള പൊന്നാനിയിലേക്കു മാറ്റി നടുകയായിരുന്നു. കേരളമാകെ ചർച്ചയായ ശ്രമദാനത്തിന്റെ സന്നാഹങ്ങൾക്കായി ഒരു ലക്ഷത്തോളം രൂപ ചെലവായി. വെട്ടാനോങ്ങിയ കോടാലിയോടും കലി കയറിയ പ്രളയക്കടലിനോടും പടവെട്ടിയ ആൽമരം മൂന്നാം ജന്മത്തിലേക്കു തളിരിടുമെന്ന സ്വപ്നത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA