ലയനത്തിന്റെ ഗുണം ലഭിച്ചില്ലെന്ന് മാണിയും; പരസ്യമായി കേരള കോൺഗ്രസിലെ ഭിന്നത

km-mani-pj-joseph-4
SHARE

കോട്ടയം∙ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കേ കേരള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമായി. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. ജോസ് കെ. മാണിയുടെ കേരളായാത്ര പാര്‍ട്ടി തീരുമാനപ്രകാരമാണ്. യാത്ര ഉദ്ഘാടനം ചെയ്തതു പി.ജെ. ജോസഫാണെന്നും മാണി പറഞ്ഞു. പി.ജെ. ജോസഫ് ഭിന്നാഭിപ്രായം പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടില്ല. ലയനത്തിന്‍റെ ഗുണം തനിക്കു കിട്ടിയിട്ടില്ല. 100 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചു, 90 ശതമാനമാണു കിട്ടിയെതെന്നും മാണി പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു രണ്ടു സീറ്റിന് അര്‍ഹതയുണ്ടെന്നും കെ.എം. മാണി പറഞ്ഞു. ‌രണ്ടു സീറ്റ് വേണമെന്നു പി.ജെ. ജോസഫ് പറഞ്ഞതില്‍ തെറ്റില്ല. ഏതെങ്കിലും സീറ്റല്ല, മറിച്ച് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ലഭിച്ചില്ലെന്നു പി.ജെ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ജോസ് കെ മാണിയുടെ കേരള യാത്രയെന്ന് ജോസഫ് തുറന്നടിച്ചു. പാര്‍ട്ടിക്ക് രണ്ട് സീറ്റ് കിട്ടണമെന്ന നിലപാടില്‍ മാറ്റിമില്ലെന്നും ജോസഫ് പറഞ്ഞിരുന്നു.

ജോസ് കെ. മാണിയുടെ യാത്രയ്ക്കു പാര്‍ട്ടിയില്‍നിന്നു കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതു ശ്രദ്ധയില്‍പെടുത്തിയപ്പോഴാണു വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്. ജോസ് കെ മാണിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്റ നീക്കമാണോ യാത്രയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണം. കേരള കോണ്‍ഗ്രസുകള്‍ ലയിച്ചിട്ടും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല.

ജനാധിപത്യ കേരള കോണ്‍ഗ്രസടക്കം പുറത്തുള്ള കേരള കോണ്‍ഗ്രസ് ഘടകങ്ങളുമായി കൈകോര്‍ക്കുമോയെന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസുകാര്‍ ലയിക്കുക പതിവാണന്നും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു ജോസഫിന്റെ മറുപടി. കേരളയാത്ര നടക്കുന്നതിനിടെ മറ്റന്നാള്‍ ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോസഫ് തിരുവനന്തപുരത്ത് സര്‍വമത പ്രാര്‍ഥന യജ്‍ഞം സംഘടിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ തെളിവാണന്നും സൂചനയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA