അഴിമതി തീണ്ടാത്ത നേതാവ്; ശവപ്പെട്ടി വിവാദം വേദനിപ്പിച്ചു: ഒ. രാജഗോപാല്‍

തിരുവനന്തപുരം ∙ കാര്‍ഗില്‍ യുദ്ധകാലത്ത് വീരചരമമടഞ്ഞ സൈനികര്‍ക്കായി ശവപ്പെട്ടികള്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന ആരോപണം ജോര്‍ജ് ഫെര്‍ണാണ്ടസിനെ വളരെയേറെ വിഷമിപ്പിച്ചിരുന്നതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും പ്രതിരോധ ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തിന്റെ ചുമതലയുണ്ടായിരുന്ന സഹമന്ത്രിയുമായിരുന്ന ഒ.രാജഗോപാല്‍. വാജ്‌പേയി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതിയുടെ കറപുരളാത്ത ആളായിരുന്നു അദ്ദേഹം.

1999ല്‍ കാര്‍ഗില്‍ യുദ്ധമുണ്ടായ സമയത്ത് നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. അവരുടെ ശരീരങ്ങള്‍ കുടുംബങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വേഗത്തില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. അതിനു മുന്‍പ് യുദ്ധസ്ഥലങ്ങളില്‍തന്നെ സംസ്‌കാരം നടത്തുന്നതായിരുന്നു പതിവ്. സൈനികരുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനാണ് വിപണിയില്‍നിന്ന് ശവപ്പെട്ടികള്‍ വാങ്ങിയത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചില്ലെന്നാണ് പ്രതിപക്ഷം അന്ന് ആരോപിച്ചത്. ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ മൃതദേഹങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ കഴിയുമായിരുന്നില്ല.

പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചുമതലയായതിനാല്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ടാങ്ക്, യുദ്ധകപ്പല്‍, തോക്ക് തുടങ്ങിയവ നിര്‍മിക്കുന്ന പതിനേഴോളം നിര്‍മാണശാലകളുടെ ചുമതലയുണ്ടായിരുന്നു. പ്രതിരോധവിഷയങ്ങളിലും മറ്റു വിഷയങ്ങളിലും ആഴത്തില്‍ അറിവുള്ള നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വലിയ കമ്മിഷന്‍ നല്‍കി വിദേശരാജ്യങ്ങളില്‍നിന്ന് വാങ്ങുകയായിരുന്നു പതിവ്. ആ പരമ്പരാഗത രീതിയില്‍ മാറ്റം വരുത്തി, പ്രതിരോധ ഉപകരങ്ങള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് മുന്‍കൈ എടുത്തു.

നേരും നെറിയുമുള്ള കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. ദേശീയതയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കിനു വിലയും അംഗീകാരവും സമൂഹത്തില്‍ ലഭിച്ചിരുന്നു. അതിലേറെ, വിദഗ്ധനായ ഭരണാധികാരിയായിരുന്നു. കാര്യക്ഷമതയുള്ള നേതാവായിരുന്നു - ഒ.രാജഗോപാല്‍ പറഞ്ഞു.