‘നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി’; എട്ട് പുരുഷന്മാരെ കൊന്ന് സ്വവർ‌ഗപ്രണയി

crime
SHARE

ഒട്ടാവ ∙ കാനഡക്കാർ, പ്രത്യേകിച്ചും ഇവിടെയുള്ള സ്വവർഗപ്രണയികൾ വലിയ ഞെട്ടലിലാണ്. ബ്രൂസ് മക് ആർതർ എന്ന 67കാരന്റെ വെളിപ്പെടുത്തലാണു രാജ്യത്തെ ഭയപ്പെടുത്തിയത്. 2010 മുതൽ 2017 വരെ കാണാതായ സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആർതറിന്റെ വെളിപ്പെടുത്തൽ.

ബ്രൂസ് മക് ആർതർ എന്ന സീരിയൽ കില്ലറിലേക്കു പൊലീസ് എത്തിയത് ഇയാളുടെ സ്നേഹിതനും അവസാന ഇരയുമായ ആൻഡ്രൂ കിൻസ്മാനിൽനിന്നാണ്. 2017 ജൂൺ 26ന് ആൻഡ്രൂവിനെ കാണാതായി. പരാതി അന്വേഷിക്കുന്നതിനിടെ വീട്ടിൽ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറിൽ ‘ബ്രൂസ്’ എന്നു കുറിച്ചിട്ടതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്പു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആർതറിലെത്തിയത്.

ആൻഡ്രൂ കിൻസ്മാനെ (49) കൂടാതെ, സെലിം എസൻ (44), മജീദ് കെഹാൻ (58), സൊരൗഷ് മഹ്‌മൂദി (50), ഡീൻ ലിസോവിച്ച് (47), സ്കന്ദരാജ് നവരത്നം (40), അബ്ദുൽബസീർ ഫൈസി (42), കിരുഷ്നകുമാർ കനഗരത്നം (37) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസിനോടു ബ്രൂസ് വെളിപ്പെടുത്തിയത്. ടൊറന്റോയിലെ ഗേ വില്ലേജുമായി ബന്ധമുള്ളവരാണു കൊല്ലപ്പെട്ടവരിൽ മിക്കവരും. കഴിഞ്ഞ ദിവസമാണു 8 കൊലപാതങ്ങൾ നടത്തിയതായി ഇയാൾ വെളിപ്പെടുത്തിയത്. വിചാരണ നടപടികൾ ഫെബ്രുവരി നാലിന് ആരംഭിക്കും.

മികച്ച ലാൻഡ്സ്കേപ്പർ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ൽ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയിൽനിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവർഗാനുരാഗ സമൂഹത്തിൽ പേരെടുത്തു.

2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആൺവേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലിൽ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ആളുകളെ കാണാതായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കഴിഞ്ഞ ജനുവരിയിലും ഇയാൾ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെട്ടു. ഒരു യുവാവ് അപ്പാർട്ട്മെന്റിലേക്കു കയറിയതിനു പിന്നാലെപോയി ബ്രൂസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു. യുവാവ് കട്ടിലിൽ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. എന്നാൽ മർദനമേറ്റ ലക്ഷണമില്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല.

ആൻഡ്രൂ കിൻസ്മാനെ കാണാതായെന്ന കേസിൽ ഇയാൾ ജനുവരി മുതൽ കസ്റ്റഡിയിലാണ്. കാണാതായ പുരുഷന്മാരെ എന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ടാണ്, അവരെയെല്ലാം താൻ കൊന്നതായി ബ്രൂസ് പൊലീസിനോടു വെളിപ്പെടുത്തിയത്. ‘ആ എട്ടുപേരെ നമുക്കിനി തിരികെ കൊണ്ടുവരാനാകില്ല. അവരുടെ കുടുംബങ്ങൾക്കും സമുദായത്തിനും സാന്ത്വനമേകി, നീതി നടപ്പാക്കുകയാണ് ചെയ്യാനുള്ളത്’– ഹോമിസൈഡ് ഡിറ്റക്ടീവ് ഡേവിഡ് ഡിക്കിൻസൻ മാധ്യമങ്ങളോടു പറഞ്ഞു.

കൊലപാതകങ്ങളെല്ലാം ലൈംഗിക പീഡനങ്ങളെ തുടർന്നാണെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണു നിഗമനം. കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സർജിക്കൽ കയ്യുറ, കയർ, സിപ്പുകൾ, ബംഗി വയർ, സിറിഞ്ചുകൾ‌ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയിൽ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തു. ‘നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി’ എന്നാണു ടൊറന്റോ മേയർ ജോൺ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA