പാർട്ടി നിർദേശിച്ചു; പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ നേതാവ് കീഴടങ്ങി

naseem-sfi
SHARE

തിരുവനന്തപുരം∙ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി എസ്എഫ്ഐ നേതാവ് നസീം കീഴടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെ കന്റോണ്‍മെന്റ് സ്റ്റേഷനിലാണു കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടാരുന്ന പൊലീസുകാര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. അന്നു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. നസീം ദിവസങ്ങള്‍ക്കു മുന്‍പു മന്ത്രി എ.കെ.ബാലന്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു പാര്‍ട്ടി നിര്‍ദേശപ്രകാരമാണു കീഴടങ്ങിയത്.

പാളയം യുദ്ധസ്മാരകത്തിനു സമീപമായിരുന്നു സംഭവം. സിഗ്നലില്‍ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ച് എസ്എപി ക്യാംപിലെ വിനയ ചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ക്കാണു നടുറോഡില്‍ മര്‍ദനമേറ്റത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. ട്രാഫിക് നിയമം ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞതാണ് നസീമിനെ പ്രകോപിപ്പിച്ചത്. ഇയാള്‍ പറഞ്ഞതനുസരിച്ച് യൂണിവേഴ്സിറ്റി കോളജില്‍നിന്നെത്തിയ വിദ്യാര്‍ഥികളുടെ സഘം പൊലീസുകാരെ മര്‍ദിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരന്‍ ശരത്തിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരത്തെ കീഴടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA