കാൽ നൂറ്റാണ്ടിനിടെ ആദ്യമായി ‘സ്വന്തം ശമ്പളം’; തച്ചങ്കരി കെഎസ്ആർടിസിക്കു പുറത്ത്

tomin-thachankary-pinarayi-vijayan
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ.തച്ചങ്കരിയെ തൽസ്ഥാനത്തുനിന്നു നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ‌ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനാണു പകരം ചുമതല. റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി വി.വേണുവിനെ നിയമിക്കാനും തീരുമാനിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യൻ വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലാണു നിയമനം.

കെഎസ്ആർടിസി തലപ്പത്ത് തച്ചങ്കരി ഒരു വർഷം തികയ്ക്കാൻ രണ്ടര മാസത്തോളം ശേഷിക്കേയാണു സ്ഥാനചലനം. സിഎംഡി ആയിരുന്ന ഡിജിപി എ.ഹേമചന്ദ്രനിൽനിന്നാണു തച്ചങ്കരി ചുമതലയേറ്റത്. കെഎസ്ആർടിസി ആസ്ഥാനത്തു തബല വായിച്ചുകൊണ്ടു തച്ചങ്കരി ചുമതലയേറ്റതു വലിയ വാർത്തയായിരുന്നു. തച്ചങ്കരിയുടെ പല നടപടികളും സർക്കാരിന്റെയും തൊഴിലാളി യൂണിയനുകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.

തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രിക്കു കത്തു നൽകി. ജീവനക്കാരുടേയും യൂണിയൻ പ്രവർത്തകരുടെയും എതിർപ്പുകളും തുടർച്ചയായി നേരിടേണ്ടി വന്നു. തച്ചങ്കരിയെ കെഎസ്ആർടിയിലേക്കു കൊണ്ടുവരുന്നതിനോടു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് ധാരണയിലെത്തിയതിനെ തുടർന്നായിരുന്നു നിയമനം.

പൊലീസിൽ തസ്തിക വേണമെന്ന തച്ചങ്കരിയുടെ അഭ്യർഥനയെ തുടർന്നു സ്റ്റേറ്റ്് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപിയായും അദ്ദേഹത്തെ നിയമിച്ചിരുന്നു. എഡിജിപിയെന്ന നിലയിൽ തച്ചങ്കരിയുടെ ശമ്പളവും അലവൻസുകളുമെല്ലാം പൊലീസിൽനിന്നു നൽകിയിരുന്നതിനാൽ കെഎസ്ആർടിസിക്കു സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നില്ല.

മാനേജിങ് ഡയറക്ടർ സ്ഥാനമേറ്റു കാര്യങ്ങൾ ഒരുവിധം പഠിച്ചു പരിഷ്കരണ നടപടികൾ തുടങ്ങിവയ്ക്കുമ്പോഴേക്കും മാറ്റുകയെന്ന സമീപനം തച്ചങ്കരിയെ നീക്കിയതിലൂടെ സർക്കാർ ആവർത്തിക്കുകയാണ്. നേരത്തേ ഡ്യൂട്ടി പരിഷ്കരണം, കോർപറേഷൻ വിഭജനം ഉൾപ്പെടെ കാര്യങ്ങളിൽ എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ കൃത്യമായ പഠനം നടത്തി നടപടികൾ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കെഎസ്ആർടിസി സ്വന്തം കയ്യിൽനിന്നു ജീവനക്കാർക്കു ശമ്പളം നൽകാൻ തുടങ്ങിയതിനു പിന്നാലെയാണു തച്ചങ്കരിയെ നീക്കിയത്.

കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകാൻ ഒരുങ്ങിയിരുന്നു. സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽ–പമ്പ സർവീസ് വഴി 45.2 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു. ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതും തുണയായി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണു മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി.വേണു നിര്‍വഹിക്കും. ആസൂത്രണ- സാമ്പത്തിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും.

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കു നിലവിലുള്ള ചുമതലകള്‍ക്കു പുറമെ പൊതുഭരണവകുപ്പിന്‍റെ അധിക ചുമതലയും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലയും നല്‍കും. മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്സ്.അനില്‍ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ്ങിന് അധിക ചുമതലകളായി നല്‍കും. ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ്.തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും.

ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെ പൊതുഭരണം (എഐഎസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സിപിഎംയു ഡയറക്ടര്‍ എന്നീ വകുപ്പുകളുടെ അധിക ചുമതലകള്‍ നൽകും. പത്തനംതിട്ട എഡിഎം വി.ആര്‍.പ്രേംകുമാറിനെ ഹയര്‍സെക്കൻഡറി ഡയറക്ടറായി മാറ്റി നിയമിക്കും.. അസാപ് സിഇഒയുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA