Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയില്ലാതെ എസ്ബിഐ ഡേറ്റാ സെർവർ; വിവരങ്ങൾ ചോർന്നതായി സംശയം

sbi പ്രതീകാത്മക ചിത്രം

മുംബൈ ∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍‌വറിൽനിന്നു ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യത. ബാങ്കിന്‍റെ പ്രധാന സെർവറുകളിലൊന്നു പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ലെന്നു കണ്ടെത്തിയതാണ് ആശങ്കയ്ക്കു വഴിതെളിച്ചത്. എസ്ബിഐയുടെ മുംബൈയിലുള്ള ഡേറ്റ സെർവറുകളിലൊന്നിലാണ് ഡേറ്റാ സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന ഒരാൾ കടന്നുകയറിയത്.

ബാങ്കിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പണമിടപാടു സംബന്ധിച്ച വിവരങ്ങൾ സെര്‍വറിൽ ലഭ്യമായിരുന്നു. തൽസമയം നടക്കുന്ന ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ആർക്കും സ്വന്തമാക്കാൻ കഴിയുന്ന നിലയിലായിരുന്നു. ഓരോ ഉപയോക്താവും രണ്ടു മാസത്തോളം നടത്തിയ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇത്തരത്തിൽ പരസ്യമായി ലഭ്യമായിരുന്നത്.  സുരക്ഷാവീഴ്ച കണ്ടെത്തിയ വിവരം ബാങ്ക് അധികൃതരെ അറിയിച്ചതിനെ തുടർന്ന് പിന്നീട് പാസ്‍വേഡ് നൽകി ഡേറ്റാ സെർവറിന്റെ സുരക്ഷ ഉറപ്പാക്കി. എന്നാൽ ഡേറ്റ ചോർന്നിട്ടുണ്ടോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല. 

എസ്എംഎസ് സംവിധാനത്തിലൂടെ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഓരോ ഉപയോക്താവിനും നൽകുന്ന എസ്ബിഐ ക്വിക്ക് എന്ന സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ച സെർവറിലാണു വീഴ്ച കണ്ടെത്തിയത്. ഡേറ്റ ആരെങ്കിലും ചോർത്തിയിട്ടുണ്ടെങ്കിൽത്തന്നെ പിൻ നമ്പറോ പാസ്‍വേ‍ഡോ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പണം നഷ്ടമാകില്ല. എന്നാൽ പണമിടപാടു സംബന്ധിച്ച വിവരങ്ങൾ സൈബർ ക്രിമിനലുകൾ പിന്നീട് സാമ്പത്തിക തട്ടിപ്പിനുള്ള ഉപാധിയാക്കാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.