Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വർഷം കൊണ്ട് കർഷകരെ തകർത്തിട്ട്, പ്രതിദിനം 17 രൂപ നൽകുന്നത് അപമാനം: രാഹുൽ

Mallikarjuna Kharge

ന്യൂഡൽഹി∙ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിനെ തള്ളി കോൺഗ്രസ് രംഗത്ത്. അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വർഷം കൊണ്ട് കർഷകരുടെ ജീവിതം തകർത്തുതരിപ്പണമാക്കിയ മോദി സർക്കാർ, പ്രതിദിനം 17 രൂപ വീതം നൽകുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു.

കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, മുൻ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂർ എംപി തുടങ്ങിയവരും ബജറ്റിനെ വിമർശിച്ച് രംഗത്തെത്തി.

തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയാണ് ബജറ്റെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ബജറ്റിൽ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബിജെപി, തിരഞ്ഞെടുപ്പിനു മുൻപ് വോട്ടർമാർക്ക് കൈക്കൂലി നൽകിയിരിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. മേയ് മാസത്തിൽ കാലാവധി തീരുന്ന മോദി സർക്കാർ ആദായനികുതിയിളവ് പ്രഖ്യാപിച്ചത് വെറും ‘തമാശ’ മാത്രമാണെന്നും ഖാർഗെ പരിഹസിച്ചു.

‘സൈനികർ നമ്മുടെ അഭിമാനം’; 3 ലക്ഷം കോടി കവിഞ്ഞ് പ്രതിരോധ ബജറ്റ്, വിഡിയോ സ്റ്റോറി കാണാം

ഇടക്കാല ബജറ്റെന്ന പേരിൽ നീണ്ട ബജറ്റ് പ്രസംഗം നടത്തി എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചിരിക്കുകയാണ് ഇടക്കാല ധനമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം വിമർശിച്ചു. ഇത് ഇടക്കാല ബജറ്റല്ല, വലുപ്പിത്തിൽ സമ്പൂർണ ബജറ്റ് തന്നെയാണ്. അതിനു പിന്നാലെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗമാണ് പീയൂഷ് ഗോയൽ നടത്തിയതെന്നും ചിദംബരം പരിഹസിച്ചു. ബജറ്റിൽ വിദ്യാഭ്യാസം, തൊഴിലവസരം എന്നീ രണ്ടു വാക്കുകൾ കാണാൻ പോലുമില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. പ്രതിവർഷം കർഷകർക്ക് 6000 രൂപ നൽകുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. പ്രതിവർഷം 6000 രൂപയെന്നു പറയുമ്പോൾ മാസം ലഭിക്കുക 500 രൂപ മാത്രമാണ്. ആത്മാഭിമാനത്തോടെ ജീവിക്കാൻ കർഷകരെ പ്രാപ്തരാക്കാൻ ഉതകുന്ന തുകയാണോ ഇതെന്നും തരൂർ ചോദിച്ചു.

∙ ‘15 ലക്ഷത്തിന്റെ കാര്യം ജനങ്ങൾ മറന്നിട്ടില്ല’

ബജറ്റ് പ്രസംഗത്തിനു പിന്നാലെ സഭയ്ക്കു പുറത്ത് മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് ഖാർഗെ ബിജെപിയെ കടന്നാക്രമിച്ചത്. ബജറ്റ് പ്രസംഗം നിറയെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണുള്ളത്. ഈ മേയ് മാസം വരെ മാത്രമേ മോദി സർക്കാരിന് കാലാവധിയുള്ളൂ എന്നതിനാൽ, ഈ വാഗ്ദാനങ്ങളൊന്നും നടപ്പിലാകാൻ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ന് അവതരിപ്പിച്ച ബജറ്റ്, തിരഞ്ഞെടുപ്പ് പ്രമാണിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക മാത്രമാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചെയ്യുന്നതാണ്. ബിജെപി വോട്ടർമാർക്ക് കൈക്കൂലി നൽകിയിരിക്കുകയാണ് എന്ന് നേരിട്ട് ഞാൻ ആക്ഷേപം ഉന്നയിക്കുന്നു’ – ഖാർഗെ പറഞ്ഞു.

കർഷകര്‍ക്ക് വാരിക്കോരി നൽകി; ലക്ഷ്യം തിരഞ്ഞെടുപ്പ്, വിഡിയോ സ്റ്റോറി കാണാം

അഞ്ചു വർഷത്തെ ഭരണകാലയളവിൽ ബിജെപി സർക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ അവർ പാലിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്തൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു. ‘എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായി? അഞ്ചു വർഷത്തിനുള്ളിൽ 10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ കാര്യമോ?’ – ഖാർഗെ ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ഇനി നടക്കില്ലെന്നും ഖാർഗെ മുന്നറിയിപ്പു നൽകി.

‘അവർ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും മുഴച്ചുനിൽക്കുന്നത് രാഷ്ട്രീയമാണ്. ഈ ബജറ്റിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള യാതൊരു നിർദ്ദേശവുമില്ല. ദലിതർക്കും ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പാർലമെന്റിൽ അവർ ഉറക്കെ വായിച്ച പ്രകടനപത്രിക മാത്രമാണ് ബജറ്റ്. ലക്ഷ്യം തിരഞ്ഞെടുപ്പിൽ വോട്ടു നേടുക മാത്രം’ – ഖാർഗെ പറഞ്ഞു.

‘എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് വോട്ടു നേടാമെന്നാണ് ബിജെപിയുടെ വിചാരം. കഴിഞ്ഞ തവണ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ബിജെപി തങ്ങളെ വഞ്ചിക്കുകയും വിഡ്ഢികളാക്കുകയും ചെയ്ത അനുഭവം കർഷകരുടെയും യുവാക്കളുടെയും എല്ലാ ജനങ്ങളുടെയും മുന്നിലുണ്ട്. ഈ ബജറ്റിലും ബിജെപി അതു തന്നെയാണ് ആവർത്തിക്കുന്നതെന്ന ബോധ്യവും ജനങ്ങൾക്കുണ്ട്’ – ഖാർഗെ പറഞ്ഞു.

രണ്ടു ഹെക്ടറിനു താഴെ സ്ഥലമുള്ള കർഷകർക്ക് 6,000 രൂപ പ്രതിവർഷം നൽകുമെന്ന പ്രഖ്യാപനത്തെയും ഖാർഗെ ചോദ്യം ചെയ്തു. ഈ പ്രഖ്യാപനം അനുസരിച്ച് മാസം 500 രൂപമാത്രമാണ് കർഷകർക്കു ലഭിക്കുക. മൂന്നു മാസം കൂടുമ്പോൾ തവണ വ്യവസ്ഥയിൽ 2000 രൂപ മാത്രമാണ് വിതരണം ചെയ്യുകയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിനു മുൻപ് കർഷകർക്ക് പണം വിതരണം ചെയ്യുന്ന പരിപാടിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ആദായനികുതിയുടെ പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തിയത് ബിജെപിയുടെ ‘തമാശ’ മാത്രമാണെന്നും ഖാർഗെ പറഞ്ഞു. ഈ മേയ് മാസത്തിൽ മോദി സർക്കാരിന്റെ കാലാവധി അവസാനിക്കും. അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ ഈ വാഗ്ദാനം ആരു നടപ്പാക്കും. അത് പുതിയ സർക്കാരിന്റെ ചുമതലയാകും. മൊത്തത്തിൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനമാണ് ഇത്’ – ഖാർഗെ പറഞ്ഞു.

related stories