Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായനികുതിയിൽ മോദിയുടെ ‘സർജിക്കൽ സ്ട്രൈക്’; 6.5 ലക്ഷം വരെ ഇളവ്

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി; ഞെട്ടിച്ച് മോദി സർക്കാർ, വിഡിയോ സ്റ്റോറി കാണാം

ന്യൂഡൽഹി ∙ ഇടത്തരക്കാർക്ക് ആദായനികുതിയിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ ‘തിരഞ്ഞെടുപ്പ് ബജറ്റ്’. ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുളള ശമ്പളവരുമാനക്കാർക്ക് അടുത്ത സാമ്പത്തിക വർഷം(2019–20) ആദായനികുതി ഒഴിവാക്കി. ഇതുവരെ 2.5 ലക്ഷം രൂപയായിരുന്ന ഇളവാണ് ഒറ്റയടിക്ക് ഇരട്ടി ഇളവാക്കിയത്.

നികുതി ഇളവുകൾ ഒറ്റനോട്ടത്തിൽ

∙ അഞ്ചു ലക്ഷം രൂപ വരുമാനവും ഒപ്പം 80 സി പ്രകാരം പ്രോവിഡന്റ് ഫണ്ട്, പ്രഖ്യാപിത ഓഹരികൾ തുടങ്ങിയവയിലെ നിക്ഷേപങ്ങൾക്ക് 1.5 ലക്ഷം രൂപ വരെയും നികുതിയില്ല (6.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ നികുതിയിളവ് നേടാം).

∙ മൂന്നു കോടി നികുതിദായകർക്ക് ഉദ്ദേശം 18,500 കോടി രൂപയുടെ ഗുണഫലം ഇതിലൂടെ ലഭിക്കും.

∙ ശമ്പള വരുമാനക്കാർക്കുള്ള വ്യക്തിഗത ഇളവ് 40,000 ൽ നിന്ന് 50,000 രൂപയാക്കി. മെഡിക്കൽ റീഇംബേഴ്സ്മെന്റ്, യാത്രാ ഇളവ് എന്നിവയാണ് ഇതിൽ ഉൾപ്പെടുക. അഞ്ചു ലക്ഷം രൂപ വരെ വരുമാനനികുതി ഒഴിവാക്കലും നിക്ഷേപങ്ങളിൽ 1.5 ലക്ഷം രൂപ ഇളവും കണക്കാക്കുമ്പോൾ പെൻഷൻ വരുമാനക്കാർക്ക് ഇത്തരത്തിൽ ഏഴുലക്ഷം രൂപ വരെ വരുമാനനികുതി ഇളവ് ലഭിക്കും.

∙ ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപ പലിശയ്ക്കു സ്രോതസ്സിൽ നിന്നു നികുതി ഈടാക്കുന്നത്(ടിഡിഎസ്) പതിനായിരത്തിൽ നിന്ന് 40,000 രൂപയാക്കി. 

∙ വാടക വരുമാനത്തിന് സ്രോതസ്സിൽ നിന്ന് ഈടാക്കാനുള്ള പരിധി 1.8ലക്ഷത്തിൽ നിന്ന് 2.4 ലക്ഷമായി ഉയർത്തി. 

∙ സേവിങ്സ് ബാങ്ക് പലിശയിലുള്ള ഇളവ് 10,000 ൽ നിന്ന് 40,000 രൂപയാക്കി ഉയർത്തി.

ആദായനികുതി റിട്ടേണുകൾ 24 മണിക്കൂറിനകം പരിശോധിച്ച് ഉടൻ തന്നെ ബാങ്കിലേക്ക് റീഫണ്ട് ലഭ്യമാക്കുന്ന പദ്ധതി രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കും. ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ പൂർണമായും ഇലക്ട്രോണിക് അധിഷ്ഠിത റിട്ടേൺ സംവിധാനമാണ് ഒരുക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഗോയൽ പറഞ്ഞു.

ബജറ്റിലും കേന്ദ്രസർക്കാരിന്റെ ഗോസ്നേഹം, വിഡിയോ സ്റ്റോറി കാണാം

ചരക്കു സേവന നികുതി വരുമാനം ഈ വർഷം ലക്ഷം കോടി കവിയുമെന്ന് ധനമന്ത്രി പറഞ്ഞു. അഞ്ചു കോടി രൂപയിൽ താഴെ വിറ്റുവരവുള്ളവർ മൂന്നു മാസത്തിൽ ഒരിക്കൽ റിട്ടേൺ നൽകിയാൽ മതിയാകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞു. സർക്കാർ നടപ്പാക്കിയ ചരക്കു സേവന നികുതിയിലെ ഇളവുകൾ 35 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണകരമാകും. കള്ളപ്പണത്തിനെതിരായ നടപടികളിൽ 1.30 ലക്ഷം കോടി രൂപ അധികനികുതി വരുമാനമുണ്ടായി. 50,000 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു. 6,900 കോടിയുടെ ബെനാമി സ്വത്ത് കണ്ടുകെട്ടി. വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തെന്നും മന്ത്രി വിശദീകരിച്ചു.

നികുതിയിളവുകൾ ഗോയൽ പ്രഖ്യാപിച്ചപ്പോൾ ബഞ്ചിലടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുളള എൻഡിഎ ബഞ്ച് അത് സ്വീകരിച്ചത്. ‘മോദി, മോദി...’ എന്ന മുദ്രാവാക്യങ്ങളും ഇതിനിടെ ഉയർന്നു. 2019 പൊതുതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാവർക്കും ‘കുറഞ്ഞ വേതനം ഉറപ്പാക്കു’മെന്ന് അടുത്തിടെ പ്രഖ്യാപിച്ച കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് ലോക്സഭാതലത്തിൽ സാക്ഷിയാകേണ്ടി വന്ന ‘സർജിക്കൽ സ്ട്രൈക്’ കൂടിയായി ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം.

മുൻ ബജറ്റുകളിലും നികുതിദായകർക്ക് മോദി സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 2014 ലെ ബജറ്റിൽ നികുതിയിളവ് രണ്ടിൽ നിന്ന് 2.5 ലക്ഷത്തിലേക്ക് ഉയർത്തി. 80 സി പ്രകാരം നൽകുന്ന നികുതി ഇളവുകൾ അന്ന് 50,000 ൽ നിന്ന് 1.5 ലക്ഷം രൂപയാക്കുകയും ചെയ്തു. ഭവനവായ്പ നൽകുന്നവർക്ക് പലിശയിലുളള ഇളവ് രണ്ടു ലക്ഷം രൂപയാക്കാനും 2014 ൽ തീരുമാനമായിരുന്നു.

നിലവിൽ അറുപതു വയസിനു താഴെയുളള ആദായനികുതിദായകർക്ക് 2.5 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുന്നത്. 60 മുതൽ 80 വയസിനു താഴെവരെ ഈ ഇളവ് 3 ലക്ഷം രൂപയും 80 വയസും അതിനു മേലുമുള്ളവർക്ക് 5 ലക്ഷം രൂപയുമായിരുന്നു ഇളവ്. 2017 ലെ ബജറ്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി 2,50,001 മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ളവർക്ക് ആദായനികുതി പത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയിരുന്നു. ഇതിലൂടെ 12,500 രൂപയാണ് അന്ന് നികുതിദായകർക്ക് ആദായനികുതിയിൽ ഇളവ് ലഭിച്ചത്.

related stories