Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവർക്കും സംതൃപ്തി നൽകുന്ന മികച്ച ബജറ്റ്: സംസ്ഥാന ബിജെപി

PS Sreedharan Pillai

തിരുവനന്തപുരം∙ സംതൃപ്ത സമൂഹത്തിനും സന്തുലിത സമ്പദ്ഘടനയ്ക്കും സഹായകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. നാലര വർഷക്കാലം കൊണ്ടു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം നേടിയെടുത്ത സാമ്പത്തിക പുരോഗതിയും സമ്പദ്ഘടനയുടെ സ്ഥിരതയും പ്രതിഫലിപ്പിക്കുന്ന ബജറ്റാണു ധനമന്ത്രി ഗോയൽ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ സകല വിഭാഗങ്ങൾക്കും സംതൃപ്തി നൽകാനും അതേയവസരത്തിൽ സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടു തന്നെ വികസനരംഗത്തു ഒരു കുതിപ്പിനു കളമൊരുക്കുകയുമാണ് 2019 - 20ലേക്കുള്ള കേന്ദ്ര ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി പീയൂഷ് ഗോയലും ഇക്കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നു.

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി; ഞെട്ടിച്ച് മോദി സർക്കാർ, വിഡിയോ സ്റ്റോറി കാണാം

കർഷകർ, ഗ്രാമീണരായ പാവപ്പെട്ടവർ, വേതനം പറ്റുന്ന മധ്യവർഗം എന്നിവരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിൽ പ്രത്യേക ഊന്നൽ ബജറ്റ് നൽകുന്നു. ചെറുകിട കർഷകർക്ക് 6000 രൂപ വാർഷികവരുമാനം ഉറപ്പാക്കുന്ന പ്രധാനമന്ത്രി കിസാൻ നിധി, മൂന്നു വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി, 60 വയസ് കഴിഞ്ഞവർക്കു പ്രതിമാസ പെൻഷൻ, ആദായനികുതിയിൽ നൽകിയ വമ്പിച്ച ഇളവുകൾ എന്നിങ്ങനെ എടുത്തു പറയേണ്ടതായ ഒട്ടനവധി പ്രഖ്യാപനങ്ങളും നിർദേശങ്ങളും പീയൂഷ് ഗോയൽ മുന്നോട്ടു വച്ചിരിക്കുന്നു. കണ്ണുള്ളവർക്കു ഇതു കാണാതിരിക്കാനും കാതുള്ളവർക്കു കേൾക്കാതിരിക്കാനും ആവില്ല. വരുമാനം ഉറപ്പു വരുത്തുന്നതിലൂടെ 12 കോടി ചെറുകിട കർഷകർക്കാണ് പ്രയോജനമുണ്ടാവുക. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 3000 രൂപാ വീതമാണു പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 10 കോടി തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം.

മധ്യവർഗത്തിനു ആദായനികുതി പരിധി അഞ്ചു ലക്ഷമായി വർധിപ്പിച്ചതിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്. മധ്യവർഗത്തിന്റെ കയ്യിൽ പണമുണ്ടാവുമ്പോൾ സാമ്പത്തിക പ്രക്രിയയെ അത് ത്വരിതപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാൽ 'സബ് കാ സാഥ് സബ് കാ വികാസ്' അഥവാ എല്ലാർക്കുമൊപ്പം എല്ലാവരുടെയും വളർച്ചയ്ക്ക് എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിൽ ബഹുദൂരം മുന്നോട്ടു പോകാൻ ഈ ബജറ്റ് സഹായിക്കുന്നു, ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

PK Krishnadas

ഇന്ത്യ കണ്ട ഏറ്റവും മികച്ച ബജറ്റ്‌: പി.കെ. കൃഷ്ണദാസ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ബജറ്റാണു പിയുഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്. സന്തുലിതവും സമഗ്രവുമായ വികസനത്തിനു വഴിതെളിയിക്കുന്ന ബജറ്റ് പുതിയൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ കാരണമാകും. ഭക്ഷ്യസുരക്ഷയ്ക്കും രാഷ്ട്രസുരക്ഷയ്ക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നല്‍കുന്നതുമായ ബജറ്റാണ്. നോട്ടു നിരോധനം ലക്ഷ്യം കണ്ടു. അതിലൂടെ കള്ളപ്പണം കണ്ടെത്താനും നികുതി വരുമാനം കൂട്ടാനും സാധിച്ചു. ഈ പണം ഉപയോഗിച്ചു സാധാരണക്കാര്‍ക്കു സഹായവും ആശ്വാസവും നല്‍കുന്ന പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. അസംഘടിത മേഖലയ്ക്കും കര്‍ഷകര്‍ക്കും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഗുണകരമായ ഇത്തരമൊരു ബജറ്റ് കോണ്‍ഗ്രസിനു സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവില്ല. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.

ബജറ്റിലും കേന്ദ്രസർക്കാരിന്റെ ഗോസ്നേഹം, വിഡിയോ സ്റ്റോറി കാണാം

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.