Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബജറ്റ് ട്രയൽ മാത്രമെന്നു നരേന്ദ്ര മോദി; പ്രകടന പത്രികയെന്ന് കോൺഗ്രസ്

narendra-modi പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ‌ കർഷകർക്കും മധ്യവർഗക്കാർക്കുമായി ബജറ്റിൽ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ 15 കോടി പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേട്ടമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു മോദി.

നികുതിഭാരത്തിൽ ഇളവുനേടിയ മധ്യവർഗക്കാരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി വളരെയധികം സംഭാവനകൾ നൽകുന്നവരാണിവർ. അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കും. 12 കോടി കർഷകർ, 3 കോടി ശമ്പളക്കാർ എന്നിവർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും ബജറ്റിൽ നല്ല പ്രഖ്യാപനങ്ങളുണ്ട്.

കൂടുതൽ പേർ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടക്കുന്നതിൽ സന്തോഷം. പുതിയ മധ്യവർഗക്കാർ രൂപപ്പെടുകയാണ്. അവരുടെ സ്വപ്നങ്ങളും വളരുകയാണ്. അടുത്ത തവണ അവതരിപ്പിക്കാൻ പോകുന്ന സമ്പൂർണ ബജറ്റിന്റെ ട്രയൽ ആണ് ഇടക്കാല ബജറ്റ്. ദരിദ്രരുടെയും മധ്യവർഗത്തിന്റെയും  പുരോഗതിയും  കർഷകരുടെ മുന്നേറ്റവുമാണു ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിനുശേഷം രാജ്യം വികസനക്കുതിപ്പിലേക്ക് നീങ്ങും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനം 50 കോടി പേര്‍ക്കു ലഭിക്കും. കര്‍ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത ആനുകൂല്യമാണു പ്രഖ്യാപിച്ചത്.

ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. ജനങ്ങളോടുള്ള സര്‍ക്കാരിന്‍റെ ആത്മാര്‍ഥതയുടെ തെളിവാണിത്. മത്സ്യമേഖലയ്ക്കായി പ്രഖ്യാപിച്ച വകുപ്പ് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമാകും– പ്രധാനമന്ത്രി പറഞ്ഞു.

നികുതിയിളവ് എത്ര? അറിയാൻ ക്ലിക്ക് ചെയ്യൂ

കർഷകരുടെയും തൊഴിലാളികളുടെയും മധ്യവർഗത്തിന്റെയും പ്രതീക്ഷകൾ സാക്ഷാൽക്കരിക്കുന്നതാണു ബജറ്റെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു. വോട്ട് ഓൺ അക്കൗണ്ടല്ല, അക്കൗണ്ട് ഫോർ വോട്ടാണു ബജറ്റെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. ബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായി മാറി. അഞ്ചു വർഷം കർഷകരുടെ ജീവിതം തകർത്തിട്ടു ദിവസവും 17 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം അപമാനകരമാണെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.