ADVERTISEMENT

കൊച്ചി∙ മട്ടാഞ്ചേരി സ്വദേശിനി ആൻലിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയും ഭർത്താവുമായ വി.എം. ജസ്റ്റിന്റെ റിമാൻ‍ഡ് കാലാവധി കോടതി നീട്ടി. ചാവക്കാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് കാലാവധി പതിനാലാം തീയതി വരെ നീട്ടിയത്. പ്രതി പുറത്തിറങ്ങുന്നത് തെളിവുകൾ ഇല്ലാതാക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് റിമാൻഡ് നീട്ടിയത്. മറ്റൊരു പ്രതിക്കൊപ്പം കയ്യിൽ വിലങ്ങ് അണിയിച്ചാണ് ഇന്ന് ജയിലിൽ നിന്നും ജസ്റ്റിനെ പൊലീസ് കോടതിയിലെത്തിച്ചത്.

മകളുടെ മരണത്തിൽ ഭർതൃവീട്ടുകാരുടെ നടപടികളിൽ സംശയമുണ്ടെന്നും മകളെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ആൻലിയയുടെ പിതാവ് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് തൃശൂർ സിറ്റി കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പൊ‌ലീസ് പ്രതിക്കെതിരെ ചുമത്തിയത്.

ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർക്കായിരുന്നു അന്വേഷണച്ചുമതല. കേസിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഈ സാഹചര്യത്തിലാണ് പ്രതി രണ്ടാഴ്ച മുമ്പ് ചാവക്കാട് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ നടപടികൾ പുരോഗമിക്കുന്നുണ്ട്. പൊലീസ് പരാതിക്കാരുടെയും ബന്ധുക്കളുടെയും മൊഴികളെടുക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിയെ പതിനാലു ദിവസത്തേയ്ക്ക് കൂടി റിമാൻ‍‍‍‍ഡ് ചെയ്തതിൽ മകൾ നഷ്ടമായ തനിക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ആൻലിയുയുടെ പിതാവ് ഹൈജിനസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com