Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവി പൂജാരി വധഭീഷണി മുഴക്കി; വിരട്ടൽ വേണ്ടെന്നു മറുപടി നൽകി: പി.സി. ജോർജ്

P.C. George പി.സി.ജോർജ്

കോട്ടയം∙ അറസ്റ്റിലായ അധോലോക നായകൻ രവി പൂജാരി തനിക്കു നേരെ വധഭീഷണി മുഴക്കിയതായി പി.സി. ജോർജ് എംഎൽഎ. രണ്ടാഴ്ച മുൻപ് ആഫ്രിക്കയിൽ നിന്നാണ് എനിക്ക് ഒരു നെറ്റ് കോൾ വരുന്നത്. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണു ചോദിച്ചത്. ഞാൻ കണ്ടില്ല, വായിക്കാൻ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണു വിളിച്ചയാൾ താൻ രവി പൂജാരിയാണെന്നു വെളിപ്പെടുത്തുന്നത്. 

എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്നാണു ഭീഷണിപ്പെടുത്തിയത്. ഇതു കേട്ടു ‘നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’എന്ന് അറിയാവുന്ന ഇംഗ്ലിഷിൽ ഞാനും മറുപടി പറഞ്ഞു– പി.സി. ജോർജ് വ്യക്തമാക്കി. രണ്ടാമതും ഇതേ നമ്പരിൽ നിന്നു തന്നെ വിളിച്ചിരുന്നു. ആ വിളിയിലാണ് ഈ കൊട്ടേഷൻ ബിഷപ്പ് ഫ്രാങ്കോയുടെ കേസിൽ കന്യാസ്ത്രീകൾക്കെതിരെ സംസാരിച്ചതിനാണെന്ന് എനിക്ക് മനസിലായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസം പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്നാണ് അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലാകുന്നത്. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി പിടിയിലായത്.

എഴുപതോളം കേസുകളിൽ പ്രതിയായ രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിൽ ബൈക്കിലെത്തിയ സംഘം വെടിയുതിർത്ത സംഭവത്തിൽ ബന്ധം ആരോപിക്കപ്പെട്ടതോടെ കേരളത്തിലും രവി പൂജാരി വിവാദ പുരുഷനായി. 15 വർഷത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.