സ്റ്റാംപിനു പോലും പണമില്ലാതെ സര്‍ക്കാര്‍; സെക്രട്ടേറിയറ്റില്‍ തപാല്‍ മുടങ്ങിയിട്ടു മാസങ്ങള്‍

Kerala-Government-Secretariat-Exclusive
SECRETARIATE BUILDING
SHARE

തിരുവനന്തപുരം∙ ധനമന്ത്രാലയം പണം നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ തപാല്‍ വിതരണം മുടങ്ങിയിട്ടു മാസങ്ങള്‍. പാവപ്പെട്ട ജനങ്ങളുടെ ധനസഹായത്തെക്കുറിച്ചും ചികില്‍സാപദ്ധതികളെക്കുറിച്ചും ഉള്ള അറിയിപ്പുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് അറിയിപ്പുകളാണ് മാസങ്ങളായി കെട്ടിക്കിടക്കുന്നത്. ക്രിസ്മസിനു ശേഷം ജനങ്ങളിലേക്കു വിവിധ ഡയറക്ടറേറ്റുകളിലേക്കുമുള്ള അറിയിപ്പുകളാണ് ഇത്തരത്തില്‍ മുടങ്ങിയിരിക്കുന്നത്. തപാലുകള്‍ ചെല്ലാത്തതിനാല്‍ പലര്‍ക്കും ചികില്‍സാ-സാമ്പത്തിക ആനുകൂല്യങ്ങള്‍ വാങ്ങാനും കഴിയുന്നില്ല.

മന്ത്രിമാരുടെ ഓഫിസുകളിലെ ഫയലുകളെ സംബന്ധിച്ച വിവരം, ധനസഹായ- ചികില്‍സാപദ്ധതികള്‍, വിവരാവകാശം തുടങ്ങി സര്‍ക്കാരില്‍നിന്നുള്ള എല്ലാവിധ അറിയിപ്പുകളും ജനങ്ങളിലേക്കും വിവിധ ഡയറക്ടറേറ്റുകളിലേക്കും ജില്ലാ ഭരണകൂടങ്ങളിലേക്കും കൈമാറുന്നത് പൊതുഭരണ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍നിന്നാണ്.

ധനവകുപ്പ് പണം കൈമാറാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 25ന് ശേഷം ഒരു തപാല്‍പോലും സെക്രട്ടേറിയറ്റില്‍നിന്ന് പോയിട്ടില്ല. പണം ഇല്ലെന്നാണ് ധനവകുപ്പ് പറയുന്നത്. ഇതുമൂലം വിവിധ വകുപ്പുകളുടെ സ്‌റ്റോര്‍ റൂമില്‍ തപാലുകള്‍ കെട്ടിക്കിടക്കുയാണ്. ഇനി ഒരുമിച്ച് പണമടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും തപാല്‍ നീക്കം സുഗമമാകാന്‍ മാസങ്ങള്‍ വേണ്ടിവരും. കെട്ടിക്കിടക്കുന്ന ഉരുപ്പടികള്‍ ഒന്നിച്ച് സ്റ്റാംപ് ചെയ്തു നീക്കാന്‍ തപാല്‍ വകുപ്പ് തയാറാകില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്.

ധനം, നിയമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടേതൊഴികെ എല്ലാ വകുപ്പുകളുടേയും തപാലുകള്‍ കൈകാര്യം ചെയ്യുന്നത് പൊതുഭരണവകുപ്പില്‍നിന്നാണ്. ഒരു ദിവസം നൂറുകണക്കിനു തപാല്‍ കൈകാര്യം ചെയ്യേണ്ടതിനാല്‍ ഭാരം നോക്കി സ്റ്റാംപ് പതിപ്പിക്കാന്‍ 'ഫ്രാങ്കിങ് മെഷിന്‍' ഉപയോഗിക്കുന്നുണ്ട്.

പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് (എ)യില്‍ നിന്നാണ് തപാല്‍ വിഭാഗത്തിലേക്ക് പണം അനുവദിക്കുന്നത്. (എ)യില്‍നിന്ന് അക്കൗണ്ട്‌സ് (കെ)യിലേക്ക് പണം കൈമാറും. ഫണ്ട് അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തപാല്‍ വിഭാഗം ട്രഷറിക്ക് കൈമാറും. ട്രഷറിയില്‍നിന്ന് ഫണ്ട് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ടിലേക്ക് മാറ്റും.

ആര്‍ബിഐ അത് പോസ്റ്റ് ഓഫിസിലേക്ക് മാറ്റും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പോസ്റ്റ് ഓഫിസില്‍നിന്ന് തപാല്‍ വിഭാഗത്തിലേക്ക് സന്ദേശമെത്തും. ആ സന്ദേശം പോസ്റ്റ് ഓഫിസിലെത്തിച്ച് പരിശോധിച്ച് മെഷിനിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നെറ്റുവഴി പണം കൈമാറും. മുന്‍പ് പണം കൈമാറുന്നതിന് 48 മണിക്കൂര്‍ വേണമായിരുന്നു. ഇപ്പോള്‍ 24 മണിക്കൂറിനകം പണം കൈമാറാം.

പൊതുഭരണ വകുപ്പില്‍ നാല് യന്ത്രങ്ങളാണുള്ളത്. മറ്റു വകുപ്പുകളില്‍ ഓരോ യന്ത്രം വീതം. ഓരോ വകുപ്പും യന്ത്രങ്ങളില്‍ വ്യത്യസ്ഥ തുകയാണ് ആവശ്യപ്പെടാറുള്ളത്. പൊതുഭരണവകുപ്പിന് 12,500 മുതല്‍ 15,000 രൂപവരെ ഒരു ദിവസം സ്റ്റാംപ് പതിപ്പിക്കാന്‍ ചെലവാകുന്നുണ്ട്. ഈ തുക ഓരോ വകുപ്പിലും വ്യത്യാസപ്പെടാം. ഫ്രാങ്കിങ് മെഷിനീലേക്ക് തപാലുകള്‍ വച്ചാല്‍ അതിന്റെ ഭാരത്തിനനുസരിച്ച് സ്റ്റാംപ് പതിച്ച് പുറത്തെത്തും.

തപാല്‍ വിഭാഗം മുന്‍കൂട്ടി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണമില്ലെന്ന മറുപടിയാണ് ധനകാര്യവിഭാഗത്തില്‍നിന്ന് ലഭിച്ചത്. സ്റ്റാംപ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഡിസംബര്‍ 25 മുതലുള്ള തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA