Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം മർദനം; ഇപ്പോൾ സസ്പെൻഷൻ; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

palayam-attack എസ്എഫ്ഐ പ്രവർ‌ത്തകർ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ, മർദനമേറ്റ ശരത് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പാളയത്ത് എസ്എഫ്ഐ പ്രവർത്തകരിൽനിന്ന് മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. പേരൂർക്കട എഎസ്പി ക്യാംപിലെ ശരത്തിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടതിന്റെ പേരിലാണു നടപടി. പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചാണ് പൊലീസ് ഉദ്യോഗസ്ഥരായ ശരത്തിനെയും വിനയചന്ദ്രനെയും എസ്എഫ്ഐ പ്രവർ‌ത്തകർ മർദിച്ചത്.

2018 ഡിസംബർ 12നായിരുന്നു സംഭവം. സിഗ്നലിൽ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ചു നടുറോഡിൽവച്ചാണ് അക്രമം നടന്നത്. യാത്രക്കാർ നോക്കിനിൽ‌ക്കെയായിരുന്നു സംഭവം. തുടർന്ന് എസ്എഫ്ഐ നേതാവ് നസീം കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പരിപാടിയിൽ നസീമും ഉള്ളതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ. പാർട്ടി നിർദേശ പ്രകാരമായിരുന്നു കീഴടങ്ങൽ എന്നാണു വിവരം.

അക്രമത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരന്‍ ശരത്തിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമം നടത്തിയതായും ആരോപണം ഉണ്ടായിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട കേസ് ഇല്ലാതാക്കാൻ പാർട്ടി ജില്ലാ നേതൃത്വം പൊലീസിലെ ഉന്നത തലത്തിൽ സമ്മർദം ചെലുത്തിയിട്ടുണ്ട്.എന്നാൽ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംഭവത്തിലാണ് ഇപ്പോഴത്തെ നടപടിയെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.