ADVERTISEMENT

മോസ്കോ ∙ ഹൈസ്കൂൾ സഹപാഠിയെ കൊന്നു രക്തം കുടിച്ച്, വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഡോക്ടറായി ജോലിയെടുത്തിരുന്ന റഷ്യക്കാരൻ അറസ്റ്റിൽ. ബോറിസ് കൊൺട്രാഷിൻ (36) ആണ് വെള്ളിയാഴ്ച പിടിയിലായത്. ചെല്ല്യാബിൻസ്കിലെ ഉറാൽസ് നഗരത്തിൽ വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി ബോറിസ് ജോലി ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യാജരേഖകൾ കാണിച്ചാണു ജോലി നേടിയതെന്ന ആരോപണത്തെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. 1998ൽ സഹപാഠിയായ പതിനാറുകാരനെ ബോറിസ് മരുന്ന് കുത്തിവച്ച് മയക്കി കൊല്ലുകയും ശരീരം മുറിച്ചു രക്തം കുടിക്കുകയും ചെയ്തിട്ടുണ്ടെന്നു റഷ്യൻ മാധ്യമങ്ങൾ പറയുന്നു.

ബോറിസ് കൊൺട്രാഷിനെ രക്തദാഹിയായ മനുഷ്യൻ എന്നാണു പ്രദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ‘ആചാരത്തിന്റെ ഭാഗമായി’ നടത്തിയ കൊലയെന്നാണു ബോറിസ് ഇതേപ്പറ്റി പൊലീസിനോടു പറഞ്ഞത്. അന്വേഷണത്തിനൊടുവിൽ 2000 ഓഗസ്റ്റിൽ, നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. ചികിത്സയ്ക്കൊപ്പം 10 വർഷത്തെ തടവുശിക്ഷയും വിധിച്ചു.

പുറത്തിറങ്ങി കുറച്ചുകാലത്തിനു ചെല്ല്യാബിൻസ്കിൽ എത്തിയ ബോറിസ്, ആരോഗ്യവകുപ്പിനു കീഴിലുള്ള സിറ്റി ഹോസ്പിറ്റൽ നമ്പർ 11–ൽ പ്രഥമശുശ്രൂഷാ ഡോക്ടറായി പ്രവേശിച്ചു. മദ്യത്തിന്റെയും പുകയിലയുടെയും ദോഷങ്ങൾ മനസ്സിലാക്കി ആളുകളെ പിന്തിരിപ്പിക്കുക, വ്യായാമത്തെപ്പറ്റി ബോധവൽക്കരിക്കുക തുടങ്ങിയവയായിരുന്നു ജോലി. അവശ്യം സൂക്ഷിച്ചിരിക്കേണ്ട തൊഴിൽപരിചയ രേഖകൾ നഷ്ടപ്പെട്ടെന്നാണു ഇയാൾ വിശ്വസിപ്പിച്ചിരുന്നതെന്നു ആരോഗ്യവകുപ്പ് മേധാവി നതല്യ ഗോർലോവ മാധ്യമങ്ങളോടു പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇയാളുടെ തട്ടിപ്പ് പിടിക്കപ്പെട്ടത്. ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം, നേരത്തേ ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയിൽപെട്ടതോടെയാണു കള്ളി വെളിച്ചത്തായത്. തുടർന്നാണ് ഇയാളുടെ ചരിത്രം ആശുപത്രി അധികൃതർ വിശദമായി പരിശോധിച്ചത്.

ബോറിസിന്റെ സഹോദരി ഡോക്ടറാണ്. സഹോദരിക്കും അമ്മയ്ക്കുമൊന്നും ബോറിസ് ഡോക്ടറായ കാര്യം അറിയില്ലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ മകനുള്ളൂവെന്ന് അമ്മ വെളിപ്പെടുത്തി. രേഖകൾ വ്യാജമായുണ്ടാക്കിയാണു ജോലിയിൽ പ്രവേശിച്ചതെന്നും കണ്ടെത്തി. പൊതുസമൂഹത്തിന് ഭീഷണിയല്ലെങ്കിലും ബോറിസ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നു നതല്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com