Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളും : രാഹുല്‍ ഗാന്ധി

Rahul Gandhi രാഹുൽ ഗാന്ധി (ഫയൽ ചിത്രം).

പട്നാ∙ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി‍. ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടു നടന്ന കോണ്‍ഗ്രസിന്‍റെ മഹാറാലിയിലാണ് രാഹുലിന്റെ പ്രഖ്യാപനം. രാജ്യത്തെ കർഷകരെ പ്രധാനമന്ത്രി അപമാനിച്ചു. കർഷകരെ അപമാനിച്ചാൽ അവർ അതിനു മറുപടി നൽകും. ബിജെപിയെയല്ല, കോൺഗ്രസിനെ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സംയുക്ത പ്രതിപക്ഷത്തിന്‍റെ സര്‍ക്കാര്‍ വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആർജെഡി നേതാവ് തേജ്വസി യാദവ്, ശരദ് യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന.

അധികാരത്തിലെത്തിയാൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കും എന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പുതിയ വാഗ്ദാനം. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ‌ അധികാരത്തിലേറിയ ഉടൻ കാർഷിക കടങ്ങൾ എഴുതിത്തള്ളിയതും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്ര ബജറ്റിൽ കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായ നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാഗ്ദാനമെന്ന പ്രത്യേകതയുണ്ട്.

അതേസമയം, കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. ഒരു ദശാബ്ദത്തിനു മുൻപ് സമാനമായ വാഗ്ദാനം നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. പക്ഷേ എല്ലാവരെയും കോൺഗ്രസ് കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗം വ്യാപിപ്പിച്ച ശേഷം അതിൽ ചികില്‍സ നടത്തുന്നതുപോലെയാണ് കോൺഗ്രസിന്റെ നടപടികൾ. പ്രശ്നങ്ങളുണ്ടാക്കിയ ശേഷം അവർ അതിനു പരിഹാരം തേടുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.