Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ വ്യാപക പ്രതിഷേധം; പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് ടിഎംസി പ്രവർത്തകർ

kolkata-cbi-police പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ചിത്രം: എഎൻഐ ട്വിറ്റർ

കൊൽക്കത്ത∙ പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡിനെത്തിയതിനെ തുടർന്നുണ്ടായ നാടകീയ നീക്കങ്ങൾ തുടരുന്നു. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി മെട്രോ ചാനലിൽ ധർണ നടത്തുകയാണ്. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ധർണ. രാജ്യത്തെ ഭരണഘടനയും ഫെഡറൽ സംവിധാനവും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ധർണയെന്ന് മമതാ ബാനർജി പറഞ്ഞു. 

ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് മേധാവി രാജീവ് കുമാറിന്റെ വീട് പരിശോധിക്കാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതിനു പിന്നാലെയാണ് മമതാ ബാനർജി സ്ഥലത്തെത്തിയത്. സിബിഐ നടപടിക്കെത്തിരെ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. 

റെയ്ഡിനെത്തിയ  സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. വീടിനു മുൻപിൽ സിബിഐ ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ ബലപ്രയോഗം നടന്നു. സംസ്ഥാന പൊലീസ് മേധാവി, കൊൽക്കത്ത മേയർ ഉൾപ്പെടെയുള്ളവരും രാജീവ് കുമാറിന്റെ വീട്ടിലെത്തിയത്. കൊല്‍ക്കത്തയിലെ സിബിഐ ഓഫിസ് പൊലീസ് വളഞ്ഞു. സിബിഐ ജോയിന്റ് ഡയറക്ടറുടെ വീടിനു മുന്നിലും പൊലീസെത്തിയിട്ടുണ്ട്.  ഇവിടേയ്ക്ക് സിആർപിഎഫ് ജവാന്മാരെ നിയോഗിച്ചിട്ടുണ്ട്.

പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കോടതി നിർദേശപ്രകാരമാണ് കേസ് അന്വേഷിക്കുന്നത്. രാജീവ് കുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിബിഐ ഇടക്കാല ഡയറക്ടർ എം.നാഗേശ്വര റാവു പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്ന രാജീവ് കുമാർ. കേസുമായി ബന്ധപ്പെട്ട് ചില രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിബിഐ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. രണ്ടുതവണ ചോദ്യചെയ്യലിനു സമൻസ് അയിച്ചിരുന്നെങ്കിലും രാജീവ് കുമാർ ഹാജരായില്ലെന്ന് സിബിഐ പറഞ്ഞു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.