Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് കേരള പൊലീസ്; ഇന്റർപോളിനെ സമീപിച്ചു

Ravi Pujari രവി പൂജാരി (ഫയൽ ചിത്രങ്ങൾ)

കൊച്ചി∙ വിദേശത്ത് അറസ്റ്റിലായ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്റർപോളിനെ സമീപിച്ചു. ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണു കത്തയച്ചത്. എന്നാൽ പൂജാരിയെ ഇന്ത്യയിലേക്ക് എന്നെത്തിക്കുമെന്ന കാര്യത്തിൽ തന്നെ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.

നടി ലീന മരിയ പോൾ കൊച്ചിയിൽ നടത്തുന്ന ബ്യൂട്ടിപാർലറിനു നേരെ ആക്രമണം ഉണ്ടായത് ഇക്കഴിഞ്ഞ ഡിസംബർ 15ന്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്തു മടങ്ങുമ്പോൾ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന. 25 കോടി ആവശ്യപ്പെട്ടു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നൽകി.

റെക്കോർഡ് ചെയ്‌ത സംഭാഷണം പരിശോധിച്ചു ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ വിദേശത്തു കഴിയുന്ന പൂജാരിയെ കിട്ടാൻ ഒരു വഴിയുമില്ലാതിരിക്കെ വെടിവയ്പിന് ഏർപ്പാട് ചെയ്‌ത പ്രാദേശിക ക്രിമിനൽ സംഘങ്ങളെ കണ്ടെത്താനായിരുന്നു അന്വേഷണം. ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു കേസിൽ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് നടക്കുന്നത്‌. ഇന്ത്യയിലേക്ക് എത്തിക്കാൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ശ്രമം തുടരുമ്പോഴാണു കൊച്ചി പൊലീസും ഇടപെടുന്നത്.

വെടിവയ്പ്പ് കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിബിഐ മുഖേന ഇന്റർപോളിനു കത്തയച്ചത് ആദ്യപടിയാണ്. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകൾ പൂജാരിയുടെ പേരിലുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഈ കേസുകൾ നിലനിൽക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയിൽ എളുപ്പമല്ല. അതുകൊണ്ടാണു മുൻകൂർ അവകാശവാദം ഉന്നയിച്ചു കത്തയച്ചത്.

വെടിവയ്പ്പ് ഉണ്ടായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം റജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ രവി പൂജാരി പ്രതിയല്ല. അതുകൊണ്ടു തന്നെ പിന്നീട് പൊലീസ് രേഖപ്പെടുത്തിയ ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജാരിയെ പ്രതിചേർത്ത് അന്വേഷണസംഘം വൈകാതെ കോടതിക്കു റിപ്പോർട്ട് നൽകും. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇത് അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.