തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്രയുദ്ധം; ദൗത്യം രാഹുലിന്: ആന്റണി

HIGHLIGHTS
  • നരേന്ദ്ര മോദിയെ പുറത്താക്കണം
  • പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് നല്‍കണം
janamahayatra-stage
കാസർകോട് ജനമഹായാത്രയിൽ സംസാരിക്കുന്ന എ.കെ. ആന്റണി
SHARE

കാസർകോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്രയുദ്ധമായിരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ രണ്ട് ദൗത്യമാണു ജനാധിപത്യ കക്ഷികള്‍ക്കുളളത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെ പുറത്താക്കണം. കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് നല്‍കണം എന്നിവയാണത്– അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി. കേരളത്തെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പ്രളയത്തില്‍ തകര്‍ന്നവരെ അവഗണിച്ചു. കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന ഒരേ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ പിണറായിയും നരേന്ദ്രമോദിയും നീങ്ങുന്നത്.  നരേന്ദ്ര മോദി നയിക്കുന്ന കൗരവരെ തകർക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കാണ്. യുദ്ധത്തിൽ കോൺഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്വം സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള പാർട്ടികളും കോൺഗ്രസിന്റെ കൂടെയുണ്ടാകും. 

ലോക്സഭാ തിരഞ്ഞെടുപ്പെന്നത് കേവലം അധികാര മാറ്റത്തിനു വേണ്ടിയല്ല.  മറിച്ചു ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും രക്ഷിക്കുന്നതിനുള്ള യുദ്ധമാണ്. ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനും പുതിയ ഭരണഘടനയുണ്ടാക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ട്. കർഷക ആത്മഹത്യ, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം രാജ്യത്തു വർധിച്ചു. ഈ അവസ്ഥയിലാണെങ്കിൽ രാജ്യം സംഘർഷത്തിലേക്കു നീങ്ങിയേക്കുമെന്നും ആന്റണി വ്യക്തമാക്കി.

ജനമഹായാത്ര ഈ മാസം 28 ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസംഗത്തിനിടെ കേന്ദ്ര സർക്കാരിനേയും കേരള സർക്കാരിനേയും രൂക്ഷഭാഷയിൽ വിമർശിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഏറ്റവും വലിയ അഴിമതിക്കാരനായി മാറിയതായി ചെന്നിത്തല ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA