ADVERTISEMENT

ബെല്ലാരി∙ ചരിത്ര പ്രാധാന്യമുള്ള കർണാടകയിലെ ഹംപിയിൽ സന്ദർശനത്തിനെത്തിയ യുവാക്കളുടെ പരിധിവിട്ട പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൈറല്‍. പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു യുവാക്കൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

വിഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണു യുവാക്കളുടെ നടപടിക്കെതിരെ ഉയരുന്നത്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കൾ ഒരു തൂൺ തള്ളി താഴെയിടുമ്പോൾ ഇതിനു സമീപത്തു നിരവധി തൂണുകൾ വീണ നിലയിൽ കാണാം. എന്നാൽ ഇതും യുവാക്കള്‍ തകർത്തതാണോയെന്നു വ്യക്തമല്ല. വിഡിയോ ദൃശ്യങ്ങൾ ഒരു വര്‍ഷം പഴക്കമുള്ളതാണെന്നാണു പൊലീസിന്റെ നിലപാട്. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങിയതായി ബെല്ലാരി ജില്ലാ പൊലീസ് അറിയിച്ചിട്ടുണ്ട്.

ഹംപിയിലെ സ്മാരകങ്ങൾക്കു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ പ്രതിഷേധം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ പേർ ഹംപി സന്ദർശിക്കാറുണ്ട്. ഒരു രാജ്യാന്തര മാധ്യമത്തിന്റെ ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഹംപി രണ്ടാം സ്ഥാനത്തായിരുന്നു. സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികളാണു ദിവസേന ഹംപി സന്ദർശിക്കാനെത്തുന്നത്. ആർക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണ് ഹംപി.

തൂണുകൾ തകര്‍ത്ത യുവാക്കളെ പിടികൂടാനായി സമൂഹമാധ്യമങ്ങളില്‍ ക്യാംപെയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ചിലര്‍ യുവാക്കളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. കർണാടകയിൽ ബെല്ലാരി ജില്ലയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com