Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ആദ്യം രോഗമുണ്ടാക്കും; പിന്നെ ചികില്‍സിക്കും: പരിഹസിച്ച് പ്രധാനമന്ത്രി

PTI2_3_2019_000099A എയിംസ് തറക്കല്ലിടൽ ചടങ്ങിനുശേഷം കശ്മീരിലെ സംബയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി∙ അധികാരമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെ വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സർക്കാരുകളുടെ നടപടിയില്‍ വളരെ കുറച്ചു പേർക്കു മാത്രമാണു നേട്ടം ലഭിക്കുന്നതെന്നു പ്രധാനമന്ത്രി ആരോപിച്ചു. ഒരു ദശാബ്ദത്തിനു മുൻപ് സമാനമായ വാഗ്ദാനം നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. പക്ഷേ എല്ലാവരെയും കോൺഗ്രസ് കബളിപ്പിക്കുകയായിരുന്നു– പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീര്‍ സന്ദർശനത്തിനിടെ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസിന്റെ നടപടികൾ രോഗം വ്യാപിപ്പിച്ച ശേഷം അതിൽ ചികില്‍സ നടത്തുന്നതുപോലെയാണ്. പ്രശ്നങ്ങളുണ്ടാക്കിയ ശേഷം അവർ അതിനു പരിഹാരം തേടും. 30 മുതല്‍ 35 ലക്ഷം വരെ ജനങ്ങൾ കാർഷിക വായ്പകൾ നേടുന്നതിന് അർഹതയുണ്ടായിരുന്നില്ലെന്ന് സിഎജി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

കാർഷിക വായ്പകള്‍ എഴുതത്തള്ളുമെന്ന പ്രഖ്യാപനവുമായാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയോടുള്ള കർഷക രോഷം കൂടിയായതോടെ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലേറി. ഇതിനു പിന്നാലെ കടങ്ങൾ എഴുതിത്തള്ളിയതായി അതതു സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ അറിയിക്കുകയും ചെയ്തു. കശ്മീരില്‍ ഞായറാഴ്ച തുടക്കംകുറിക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തുമെന്ന് ഉറപ്പു നല്‍കുന്നുവെന്ന് ലേയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍ പദ്ധതി പൂര്‍ത്തിയായതോടെ വിനോദ സഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കശ്മീരിലെ ലഡാക് മേഖലയിലെ ആദ്യ സർവകലാശാലയായി ലഡാക് സർവകലാശാലയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നിർവഹിച്ചു. ലേയിലും കാർഗിലിലും സര്‍വകലാശാലയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകൾ ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജമ്മുവിലെ വിജയ്പൂരിലും പുല്‍വാമയിലെ അവന്തിപോറിലും പ്രധാനമന്ത്രി എയിംസിനു തറക്കല്ലിട്ടു. ജമ്മുവിലും ശ്രീനഗറിലും ലേയിലും പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു കശ്മീരില്‍ വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. ശ്രീനഗര്‍ ഉള്‍പ്പെടെയുടെ നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പ്രധാന വിഘടനവാദി നേതാക്കളെല്ലാം ഇന്നലെ മുതല്‍ വീട്ടുതടങ്കലിലാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. എല്ലായിടത്തും ത്രിതല സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

PTI2_3_2019_000058B കശ്മീരിൽ ലേയിലെ പരിപാടിയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.