Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണ വില കുറഞ്ഞു, അമേരിക്ക ചൈന വ്യാപാര യുദ്ധം അയഞ്ഞു; വിപണിക്കിത് ‘നല്ല കാലം’

stock-market പ്രതീകാത്മക ചിത്രം

കൊച്ചി∙ വിപണിയുടെ അവസാന മൂന്നു ദിവസങ്ങളിലായി നടക്കാനുണ്ടായിരുന്ന സംഭവ വികാസങ്ങളുടെ സമ്മർദത്തിലായിരുന്നു ആഴ്ചയുടെ തുടക്കത്തിൽ വിപണി. ബുധനാഴ്ചയിലെ ഫെഡ് മീറ്റിങ്ങും, ഇന്ത്യയുടെ ധനകമ്മി വിവരണങ്ങളും, സാമ്പത്തിക അവലോകനവും, അവസാന ദിനത്തിലെ ജിഎസ്ടി ഡാറ്റയും, ഓട്ടോ സെയിൽസ് സംഖ്യകളും, എല്ലാറ്റിനുമുപരി യൂണിയൻ ബഡ്ജറ്റും.

എണ്ണ വില നേരിയ കുറവു രേഖപെടുത്തുന്നതും സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1320 രൂപയിൽ ചേക്കേറിയതും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ ഉഭയ കക്ഷി വ്യാപാര ബന്ധത്തിനു വഴിമാറുന്നതുമാണു രാജ്യാന്തര വിപണിയിലെ വിശേഷങ്ങൾ. പൊതുവെ വിപണിക്ക് അനുകൂലമായ അവസ്ഥയിലാണു രാജ്യാന്തര വിപണിയിൽ നിന്നുള്ള വാർത്തകൾ. ഓഹരി വിപണിയുടെ കഴിഞ്ഞയാഴ്ചത്തെ കയറ്റിറക്കങ്ങളും വരുന്ന ആഴ്ചയുടെ പ്രതീക്ഷകളും ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ വിലയിരുത്തുന്നു.

യുഎസ് ഫെഡ് നിരക്ക്

ഇത്തവണ അമേരിക്കൻ ഫെഡറൽ റിസർവ് നിരക്ക് കൂട്ടില്ലെന്നു വിപണി പ്രത്യാശിച്ചിരുന്നു, എങ്കിലും വിപണി ആശങ്കയിൽ തന്നെ ആയിരുന്നു. എന്നാൽ, ഭാവിയിൽ പലിശ നിരക്കു വർധനവിൽ 'വളരെ സംയമനം' പാലിച്ചു കൊണ്ടായിരിക്കുമെന്ന ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം വിപണിക്കു കൂടുതൽ കരുത്ത് നൽകി. ഫെഡറൽ റിസർവിന്റെ പോളിസിയിൽ തന്നെ ഒരു മാറ്റം ഇത്തവണ പ്രകടമായി. ഇതേ തുടർന്ന് ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് സൂചിക 400 പോയിന്റും, നാസ്ഡാക് 100 സൂചിക 2.5  ശതമാനവുമാണ് ഉയർച്ച നേടിയത്.

അമേരിക്കൻ സെൻട്രൽ ബാങ്കിന്റെ ചുവടു പിടിച്ച് ആർബിഐയും പലിശ നിരക്കു കുറച്ചേക്കുമെന്ന് ഇന്ത്യൻ ബാങ്കിങ് സെക്ടറും പ്രതീക്ഷിക്കുന്നുണ്ട്. ഫെബ്രുവരി 7 ന് നടക്കുന്ന ആർബിഐ പോളിസി മീറ്റിങ്ങിനെ വിപണി പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. നിരക്കുകൾ കുറച്ചാൽ, അത് ബാങ്കുകൾക്കും ഇതര ധനകാര്യ ഓഹരികൾക്കും വലിയ കുതിപ്പു നൽകും.

അമേരിക്കൻ  റിസൾട്ടുകൾ

ഫെഡ് റിസർവ് നൽകിയ ഊർജത്തിനു പിന്നാലെ അമേരിക്കയും ചൈനയുമായുള്ള ചർച്ചയുടെ പുരോഗതിയും അമേരിക്കൻ വിപണിക്കു കരുത്തു നൽകുന്നു.  കൂടാതെ ഫേസ്ബുക് 11 ശതമാനവും ജനറൽ ഇലക്ട്രിക്കൽസ് 12 ശതമാനവും വരുമാന വളർച്ച നേടിയതും അമേരിക്കൻ വിപണിയെ ആവേശത്തിലാക്കി. എസ്ആൻഡ്പി 500 സൂചിക 2015നു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ മാസ നേട്ടവും ജനുവരിയിൽ കൈവരിച്ചു.

ഇന്ത്യ ഫിസ്കർ ഡാറ്റ

ഇന്ത്യയുടെ ബഡ്ജറ്റ് ഗ്യാപ്, വിപണി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. 3.5% വരെയുള്ള ധനകമ്മി വിപണി അതിജീവിക്കുമെന്നും രൂപ വീണാലും പിടിച്ചു നിൽക്കും എന്ന തരത്തിലുള്ള ചർച്ചകൾക്കിടയിലേക്കാണ് 3.3% ശതമാനത്തിൽ നിന്നു 3.4 ശതമാനമായി ധനകമ്മി പുതുക്കി നിശ്ചയിച്ചത്. അമേരിക്കൻ നിക്ഷേപകനും അനലിസ്റ്റുമായ മാർക്ക് മോബിയൂസ് പറയുന്നത് 3.4% ഫിസ്കൽ ഡെഫിസിറ്റ് അത്ര മോശം കാര്യമല്ല, എന്നാൽ കറൻസി ‘മൂല്യം കാക്കണം’ എന്നാണ്. കൂടുതൽ കടമെടുക്കേണ്ടി വരുമെന്നതാണു ധനകമ്മിയുടെ അനന്തരഫലം. അത് രാജ്യത്തിന്റെ സാമ്പത്തിക നിലവാരവും, അതിലൂടെ റേറ്റിങ്ങും കുറയ്ക്കാനിടയുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക അവലോകനം

സാധാരണ നിലയിൽ ബഡ്ജറ്റിന്റെ തൊട്ടു തലേദിവസം അവതരിപ്പിക്കപ്പെടേണ്ടിയിരുന്ന സാമ്പത്തിക അവലോകനം ഒഴിവാക്കപ്പെട്ടു. അപൂർണമായ വിവരങ്ങളും ഈ സാമ്പത്തിക വർഷം ഒരു മാസം കൂടി ബാക്കി നിൽക്കുന്നുവെന്നതും ഇതിനു കാരണമായെന്നു സർക്കാർ വിശദീകരിക്കുന്നു. മാർക്ക് മോബിയൂസ് സാമ്പത്തിക രംഗത്തു ലോകമാകെ ലഭ്യമാകുന്ന വിവരങ്ങളുടെ ആധികാരികതയെയും കൃത്യതയെയും ചോദ്യം ചെയ്യുന്നുണ്ട്. കൃത്യമായ നിരൂപണങ്ങളും പുനർ നിർണയങ്ങളും നടത്തിയാണ് ഈ ഡാറ്റകൾ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ 8% വളർച്ചയെന്നതു വാസ്തവത്തോട് അടുത്തു നിൽക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കേന്ദ്ര ബജറ്റ്

ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി പുനർനിർണയിച്ചു കൊണ്ടു കർഷകനെയും വരുമാന നികുതി അടയ്ക്കുന്ന ഇടത്തരക്കാരനെയും സഹായിക്കുന്ന ബജറ്റെന്ന് മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിനെ വിലയിരുത്താം. പ്രതീക്ഷിച്ച രീതിയിൽ തന്നെ അപ്രതീക്ഷിതമായ ഒരു ബജറ്റാണു ധനമന്ത്രിയുടെ ചുമതയുള്ള റെയിൽവേ മന്ത്രിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ പീയുഷ് ഗോയൽ അവതരിപ്പിച്ചത്. 

പാവപ്പെട്ടവർക്കു പണം കൊടുത്തും ഇടത്തരക്കാര്‍ക്കു നികുതി ഒഴിവാക്കിയും വോട്ടുറപ്പിക്കുകയാണ് മോദി ചെയ്തത്. ഇത് 750 ബില്യൻ രൂപയുടെ  ബാധ്യതയും 185 ബില്യൻ രൂപയുടെ നഷ്ടവും അടുത്ത സർക്കാരിന്റെ ബുക്കിൽ വരുത്തും. ധനക്കമ്മി പുനർനിർണയിച്ചതു കൂടുതൽ കടമെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനു നൽകുന്നു. ഇത് രൂപയും ബോണ്ടും വീഴുന്നതിനു കാരണമായി. അതേസമയം വരുമാന നികുതി കുറയുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രഖ്യാപനങ്ങളും ഓഹരി വിപണിയിൽ ഓളങ്ങൾ സൃഷ്ടിച്ചു. രൂപ വീണില്ലെങ്കിൽ, എണ്ണ വില ഉയർന്നില്ലെങ്കിൽ, പൊതു തിരഞ്ഞെടുപ്പ് വരെ വിപണിയെ പിടിച്ചു നിർത്താൻ ഈ ബജറ്റിനു സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.  

ബജറ്റിൽ നേട്ടമുണ്ടാക്കിയവർ

ഈ ബജറ്റ് ഏറ്റവും ഗുണകരമാകുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും തന്നെയാണ്. വോട്ട് ഓൺ അക്കൗണ്ട് പാസാക്കേണ്ടിടത്ത്, ഭരണത്തിൽ രണ്ട് മാസം ശേഷിക്കെ ഇന്ത്യ കണ്ട ഏറ്റവും പ്രിയങ്കരങ്ങളായ പ്രഖ്യാപനങ്ങളുള്ള ഫുൾ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചത് മോദിക്കു തന്നെയാണു വലിയ നേട്ടം നൽകുന്നത്.

കർഷകർ

രണ്ട് ഹെക്ടറിൽ താഴെ ഭൂമി സ്വന്തമായുള്ള കർഷകർക്കു പ്രതിവർഷം 6000 രൂപ വച്ചു നൽകുന്നതിനായി 75000 കോടിയാണു തുടർന്നു വരുന്ന സർക്കാരുകൾ വർഷംതോറും ചെലവിടേണ്ടത്. ഇതു വിത്തും കാർഷികോപകരണങ്ങളും വാങ്ങുന്നതിനും പാവപെട്ട കർഷകർക്കു സഹായമാകുക തന്നെ ചെയ്യും. അതിലൂടെ വിഗാർഡ്, ശക്തി പമ്പ്, ജെയിൻ ഇറിഗേഷൻ, കിർലോസ്കർ, അവന്തി ഫീഡ്സ് മുതലായ കാർഷികോപകരണ കമ്പനികൾക്കും ഗുണമുണ്ടാകും.

നികുതി ദായകർ

അഞ്ചു ലക്ഷം വരെ വരുമാനമുള്ളവർക്ക് ഫുൾ റിബേറ്റും 6.5 ലക്ഷം വരെയുള്ളവർക്ക് പിഎഫ്, ഓഹരി എന്നിവയിൽ നിക്ഷേപിക്കുക വഴിയും 12500 രൂപ വരെ നികുതി ഒഴിവു ലഭിക്കും. ആറര ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് പഴയ നിരക്ക് തന്നെ ബാധകമായിരിക്കും. ഇത് ഓട്ടോമൊബൈൽ സെക്ടറിനും എഫ്എംസിജി, ജ്വല്ലറി, ഇലക്ട്രോണിക് സെക്ടറിനും ഗുണകരമാണ്.

കാർ കമ്പനികൾ

ബിഎസ് ഓട്ടോ സൂചിക 5.3% ഉയർച്ചയാണ് ബജറ്റിനെ തുടർന്നു നടത്തിയത്. ഇതു 2014ന് ശേഷം ആദ്യമാണ്. മാരുതി, ബജാജ്, ഹീറോ മോട്ടോർ കോർപറേഷൻ എന്നിവ കുതിപ്പിനു നേതൃത്വം നൽകി. ബജറ്റിലെ 5 ലക്ഷം വരെയുള്ള വരുമാനത്തിന് റിബേറ്റ് പ്രഖ്യാപിച്ചതു ഫലത്തിൽ ഓട്ടോ മൊബൈൽ കമ്പനികളുടെ വിൽപന കൂടുമെന്നു വിപണി പ്രതീക്ഷിക്കുന്നു. ഐഷർ, മഹിന്ദ്ര, ടാറ്റ മോട്ടോർസ്, ടിവിഎസ് എന്നിവയും നേട്ടമുണ്ടാക്കും. മധ്യ വർഗത്തിന്റെ ക്രയവിക്രയ ശേഷിയാണ് ഈ കമ്പനികളുടെ കരുത്തെന്നതു തന്നെ കാരണം.

ഗ്രാമീണ ഭാരതം

മൃഗ സംരക്ഷണത്തിനും പശുപരിപാലനത്തിനും മറ്റും കൂടുതൽ ചെലവിടുന്നതും ചെറുകിട ഇടത്തരം ലോണുകളുടെ പലിശയിൽ ഇളവുകൾ പ്രഖ്യാപിച്ചതും കർഷകർക്കു പണം കൊടുക്കുന്നതും ഗ്രാമീണ മേഖലയ്ക്കു മെച്ചമാണ്. ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇവ ഗുണകരമാവും.

ചെറുകിട ജോലിക്കാർ 

മെഗാ പെൻഷൻ പ്ലാൻ അസംഘടിത മേഖലയിലെ ജോലിക്കാർക്ക് 60 വയസിനു ശേഷം വലിയ ആശ്വാസം നൽകും. ഈ ബജറ്റിലെ ഏറ്റവും വിലമതിക്കുന്ന പ്രഖ്യാപനം എന്നു പറയാവുന്ന ഒന്നാണിത്.

റിയൽ എസ്റ്റേറ്റ് മേഖല

രണ്ടാമത്തെ  വീടിനു വാടക നികുതിയിളവ‌ു പ്രഖ്യാപിച്ചതും രണ്ട് കോടി വരെ രണ്ട് വീടുകളിൽ നിക്ഷേപിക്കുന്നതിനു ക്യാപിറ്റൽ ഗെയിൻ ടാക്സ് ഒഴിവാക്കിയതും അഫോർഡബിൾ ഭവൻ പദ്ധതിയെന്നു പല പ്രാവശ്യം പരാമർശിച്ചതും വിപണിയിൽ റിയൽ എസ്റ്റേറ്റ് സൂചിക പറക്കുന്നതിനു കാരണമായി.   ബജറ്റിന്റെ വെളിച്ചത്തിൽ കൂടുതൽ ഭവന നിക്ഷേപങ്ങൾ നടക്കുമെന്നു വിപണി കണക്കു കൂട്ടുന്നു. ഡിഎൽഎഫ്, പുറവങ്കര, ശോഭ, പ്രസ്റ്റീജ് റിയാലിറ്റി, ഒബ്‌റോയ് റിയാലിറ്റി എന്നിവ നേട്ടമുണ്ടാക്കിയേക്കും.

ബഡ്ജറ്റിൽ നഷ്ടം നേരിട്ടവർ

പ്രതിപക്ഷ കക്ഷികൾക്കാണ് ഈ ബജറ്റ് കൊണ്ടു പ്രധാന നഷ്ടം. കാരണം, കാലാവധി തികയ്ക്കാൻ രണ്ട് മാസം പോലുമില്ലാത്തപ്പോൾ സർക്കാർ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതു നോക്കി നിൽക്കേണ്ടി വരുന്നു. പുതിയ സർക്കാരിന്റെ ജൂലൈയിലെ ബഡ്ജറ്റിന് ഒരു ചൂണ്ടുപലക മാത്രമാണീ ഇടക്കാല ബജറ്റ്.

ബോണ്ട് ഉടമകൾ

മോദി സർക്കാർ തുടർച്ചയായ രണ്ടാമത്തെ വർഷവും ബജറ്റ് ഗ്യാപ് വർധിപ്പിക്കാൻ തീരുമാനിച്ചത് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിച്ചേക്കാം. മൂഡീസോ എസ്ആൻപിയോ ഇന്ത്യയുടെ റേറ്റിങ് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ബഡ്ജറ്റിൽ സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള വഴികളൊന്നും കണ്ട് വച്ചിട്ടില്ലെന്ന് മൂഡീസ് കുറ്റപ്പെടുത്തിക്കഴിഞ്ഞു. അതിനാൽ വരും വർഷങ്ങളിൽ ധനക്കമ്മി വീണ്ടും വർധിക്കുമെന്നും മൂഡീസ് അസോസിയേറ്റ് മാനേജിങ് ഡയറക്ടർ ജീൻ ഫാങ് ചൂണ്ടിക്കാട്ടുന്നു.

കൃഷിപ്പണിക്കാർ

ഭൂരഹിതരായ കർഷകർക്കായി സർക്കാർ ഒന്നും നീക്കി വച്ചിട്ടില്ല. ഒരു സർക്കാരുകളും കൂലിപ്പണിക്കാരായ കൃഷിക്കാരെ കാണുന്നില്ല. ഭൂവുടമകളായ കൃഷിക്കാർക്കാണ് 6000 രൂപയുടെ ആനുകൂല്യം ലഭ്യമാകുക.

പ്രതിരോധ മേഖല

തുക വർധിപ്പിച്ചെങ്കിലും ഡോളർ നിരക്കിൽ നോക്കുമ്പോൾ പ്രതിരോധമേഖലയിൽ കഴിഞ്ഞ വർഷത്തിൽ നിന്നും കുറഞ്ഞ തുകയാണു വകയിരുത്തിയിരിക്കുന്നതെന്നു കാണാം. 3.05 ലക്ഷം കോടിയാണ് ഈ വർഷത്തെ പ്രതിരോധ ബജറ്റ്, അതായത് 43 ബില്യൻ ഡോളർ. കഴിഞ്ഞ ബജറ്റ് തുകയായ 2.85 ലക്ഷം കോടിയുടെ 2018 ഫെബ്രുവരി ഒന്നിലെ മൂല്യം 44.5 ബില്യൻ ഡോളറാണ്. രൂപയുടെ വിലയിടിവും പണപ്പെരുപ്പവും നമ്മുടെ പ്രതിരോധ ബജറ്റിന്റെ ശോഭ കെടുത്തുന്നു. കാരണം നമ്മുടെ രാജ്യം ലോകത്തെ ആയുധ ഇറക്കുമതിക്കാരിൽ മുൻ നിരയിലാണ്.

ഓഹരികളും സെക്ടറുകളും

∙ സീ എന്റർടെയിൻമെന്റ് ഓഹരി വിൽപന സ്ഥിരീകരിച്ചാൽ ഓഹരി വാങ്ങാവുന്നതാണ്. നോമുറ 671 രൂപ ഓഹരിക്കു ലക്ഷ്യം കാണുന്നു.

∙ ബ്രിട്ടാനിയ നിഫ്റ്റിയിൽ ഇടം പിടിച്ചേക്കാമെന്ന ഊഹം വളരെ ശക്തമാണ്.

∙ യുബിഎസ് മാരുതിയിൽ 8200-9000 രൂപ ലക്ഷ്യം കാണുന്നു. അടുത്ത പാദത്തിൽ വിൽപന സംഖ്യയിൽ പുരോഗതി പ്രതീക്ഷിക്കുന്നതിനാലാണിത്.

∙ ഷോപ്പേഴ്സ് സ്റ്റോപ്പ് അപ്രതീക്ഷിത ലാഭം നേടി. മുൻ വർഷത്തിൽ നിന്നും 171% ലാഭം നേടി.

∙ എച്ച്സിഎൽ ടെക് പ്രതീക്ഷിച്ച 23.76 ബില്യൻ പകരം 26.1 ബില്യൻ ലാഭം നേടി. അടുത്ത പാദത്തിലും കുതിപ്പു തുടരുമെന്നു പ്രതീക്ഷിക്കുന്നു.

∙ ആക്സിസ് ബാങ്കും വളരെ മികച്ച ഫലങ്ങളാണു റിപ്പോർട്ട് ചെയ്യുന്നത്.

ഓട്ടോ ഡാറ്റ

ഫെബ്രുവരി ഒന്നിനു പുറത്തു വന്ന ഓട്ടോമൊബൈൽ വിൽപന വിവരങ്ങൾ മുൻ മാസത്തിലും മെച്ചമാണ്. വിപണിയുടെ പ്രതീക്ഷകൾക്കൊപ്പമുള്ള വിൽപന വിവരങ്ങളാണു മുൻനിര വാഹന നിർമാതാക്കൾ പുറത്തു വിട്ടത്. പല സെക്ടറുകളും കമ്പനികളും മുൻ വർഷത്തിലെ വിൽപനയ്ക്കൊപ്പം മികച്ചു നിൽക്കുന്നു. അശോക് ലെയ്‌ലാൻഡും, മഹീന്ദ്രയും, റോയൽ എൻഫീൽഡും മികച്ച വില്‍പന നടത്തി. അടുത്തപാദത്തിൽ എല്ലാ നിർമാതാക്കളും മികച്ച വിൽപന നേട്ടമാണു ലക്ഷ്യമിടുന്നത്

ജെറ്റ് എയർവേയ്സ്

ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ നേതൃത്വത്തിൽ നിന്നും പിന്മാറുന്നതും എത്തിഹാദിനു 40 % ഓഹരി പങ്കാളിത്തം ഉണ്ടാകുന്നതും ഓഹരിക്കു ഗുണകരമാണ്. കൂടാതെ എസ്ബിഐ കടമായി കൊടുത്ത പണത്തിനു ബദലായി കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുന്നു. പുതിയ കരാറനുസരിച്ച് ഗോയലിനു 22% ഓഹരിയാണുണ്ടാവുക. ഇതോടെ കടക്കെണിയിലായിരുന്ന വിമാനക്കമ്പനിക്കു പണത്തിനു കുറവുണ്ടാകുകയില്ല. ഇത് ഓഹരിക്ക് വൻ കുതിപ്പേകിയേക്കും. 

∙ ബജാജ് ഫിനാൻസ് മൂന്നാംപാദത്തിൽ വലിയ നേട്ടം പുറത്തു വിട്ടു. 9.8 ബില്യൻ പ്രതീക്ഷിച്ചിടത്ത് 10.23 ബില്യൻ നേടി. 41 ശതമാനമാണു വായ്പ വളർച്ച.

∙ എച്ച്ഡിഎഫ്സിയും പ്രതീക്ഷക്കപ്പുറമുള്ള മൂന്നാം പാദ ഫലങ്ങളാണു പുറത്തു വിട്ടത്. 21 ബില്യൻ രൂപയുടെ ലാഭം കമ്പനി സ്വന്തമാക്കി. മികച്ച ആസ്തി മൂല്യവും, 3.86 ലക്ഷം കോടി രൂപയുടെ ലോൺ ബുക്കും ഓഹരിയെ വളരെ ആകർഷകമാക്കുന്നു. കൂടാതെ 450 ബില്യൻ രൂപയുടെ ഡിബഞ്ചർ കൂടി ഇറക്കുന്നത് അടുത്ത പദത്തിലേക്കു പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കുന്നു.

∙ ഐസിഐസിഐ ബാങ്കിന്റെ ലാഭം പ്രതീക്ഷയ്ക്കും താഴെയാണ്. എന്നാൽ ആസ്തി മൂല്യം വർധിക്കുന്നുണ്ട്. സിഎൽഎസ്എ ഓഹരിയുടെ ലക്ഷ്യ വില 450 രൂപയിൽ നിന്നും 470 രൂപയായി വർധിപ്പിച്ചു. മോർഗൻ സ്റ്റാൻലി 525 രൂപയും ഓഹരിയിൽ ദീർഘ കാല ലക്ഷ്യം കാണുന്നു.

∙ ജൂബിലന്റ് ഫുഡ് വർക്സ് വളരെ ശക്തമായ തൃപാദഫലങ്ങളാണു കമ്പനി പുറത്തു വിട്ടത്. 74 കോടി ലാഭം പ്രതീക്ഷിച്ചിടത്ത് 96 കോടിയാണു ലാഭം നേടിയത്. മുൻവർഷത്തെ നിന്നും 27 % വില്‍പന വളർച്ചയും നേടി. മോർഗൻ സ്റ്റാൻലി 1525 രൂപയും മക്വിർ 1725 രൂപയും. ഓഹരിയിൽ ലക്ഷ്യം കാണുന്നു.

∙ ഡാബർ ഇന്ത്യ മെച്ചപ്പെട്ട ഫലങ്ങളാണ്‌ റിപ്പോർട്ട് ചെയ്യുന്നത്. വിൽപനയും ലാഭവും വർധിച്ചിരിക്കുന്നു. ഓഹരി അടുത്ത പദത്തിലും നല്ല റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. ദീർഘ  കാല നിക്ഷേപത്തിനു പരിഗണിക്കാം.

∙ ടൈറ്റാൻ വളരെ മികച്ച മൂന്നാം പാദ ഫലങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തിൽ നിന്നും 34% ആണ് വരുമാന വർധനവ്. സ്വർണ വില ഇനിയും വർധിച്ചാൽ ഓഹരി കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ അടുത്ത പാദങ്ങളിൽ റിപ്പോർട്ട് ചെയ്യും. വാച്ച് ബിസിനസും, കണ്ണട കച്ചവടവും മികച്ച നേട്ടം കൊടുത്തതും ഓഹരിക്കു നേട്ടമായി. ഓഹരിക്ക് 1150 രൂപ ലക്ഷ്യം കാണുന്നു.

∙ എസ്ബിഐ മികച്ച പ്രവർത്തന ഫലങ്ങളും വളർച്ച റിപ്പോർട്ടും പുറത്തു വിട്ടു. ചില്ലറ ലോൺ വർധനവ് ഓഹരിയിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. കൂടാതെ നിഷ്ക്രിയ ആസ്തി കുറയുന്നതും ബുക്ക് ക്ലീൻ ആകുന്നതും ഓഹരിയെ കൂടുതൽ ആകർഷകം ആക്കുന്നു. 320 രൂപയാണ് ഓഹരിയുടെ സമീപകാല ലക്ഷ്യം. ഓഹരി ഇപ്പോഴും ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യമാണ്.

വിപണി ഇനി എങ്ങോട്ട് ?

വളരെ അനുകൂലമായ സാഹചര്യങ്ങളാണ് അടുത്ത ആഴ്ചയിൽ വിപണിയിൽ കാത്തിരിക്കുന്നത്. എന്നാൽ എണ്ണ വിലയിലോ, ഇന്ത്യയുടെ റേറ്റിങ്ങിലോ, ഡോളർ വിലയിലോ വരുന്ന ചെറിയൊരു തിരിച്ചടി പോലും വിപണിയുടെ സഞ്ചാരപഥം മാറ്റിക്കളഞ്ഞേക്കാം.