Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗരത്വ നിയമഭേദഗതി ബിൽ: ചലച്ചിത്രകാരൻ അരിബാം ശർമ പത്മശ്രീ പുരസ്കാരം തിരികെ നൽകും

Aribam-Shyam-Sharma അരിബാം ശ്യാം ശർമ

ന്യൂഡൽഹി∙ പൗരത്വ നിയമഭേദഗതി ബില്ലിൽ പ്രതിഷേധിച്ച്, പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്നു വിഖ്യാത മണിപ്പൂരി ചലച്ചിത്രകാരൻ അരിബാം ശ്യാം ശർമ. ഞായറാഴ്ച മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലാണ് അരിബാം തീരുമാനം പ്രഖ്യാപിച്ചത്. 2006–ലാണ് അരിബാമിന് പത്മശ്രീ പുരസ്കാരം ലഭിച്ചത്. പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു തീരുമാനം.

മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ജനുവരി ആദ്യമാണ് ലോക്സഭ പാസാക്കിയത്. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികൾക്കാണു പ്രയോജനം. കോൺഗ്രസിന്റെയും ഇടതു കക്ഷികളുടെയും ശക്തമായ പ്രതിഷേധം മറികടന്നാണ് ലോക്സഭയിൽ ബിൽ പാസാക്കിയത്. ബില്ലിൽ പ്രതിഷേധിച്ച് അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത് എൻഡിഎ വിട്ടിരുന്നു.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാണ് ബില്ലെന്ന് ആരോപിച്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയരുന്നത്. തിരഞ്ഞെടുപ്പിനു മുൻപായി ഹിന്ദു വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള ബിജെപിയുടെ നടപടിയാണ് ഇതെന്നും അവർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.