തിരുവനന്തപുരം∙ ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ വെബ്സൈറ്റിലെ സുരക്ഷാപിഴവു മൂലം രജിസ്റ്റർ ചെയ്ത 3,800 പേരുടെ രോഗവിവരങ്ങളും വ്യക്തിവിവരങ്ങളും പുറത്ത്. ഫ്രഞ്ച് സൈബർ സുരക്ഷാവിദഗ്ധനായ എലിയറ്റ് ആല്‍ഡേഴ്സൺ ആണ് പിഴവ് കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിഴവ് പരിഹരിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി.
ജനനസമയത്ത് സങ്കീർണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് ഹൃദ്യം പദ്ധതി. 2017ൽ രാജ്യത്താദ്യമായാണ് വെബ്സൈറ്റ് രജിസ്ട്രേഷൻ ഉപയോഗിച്ച് ഇത്തരത്തിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ സംവിധാനം രൂപീകരിച്ചത്. എന്നാൽ സൈറ്റിന് അടിസ്ഥാന സുരക്ഷാസൗകര്യങ്ങൾ പോലുമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യകേരളത്തിന്റെയും ട്വിറ്റർ ഹാൻഡിലിനെ പരാമർശിച്ചുകൊണ്ട് വിവരം എലിയറ്റ് ആൽഡേഴ്സൺ ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ പലരും ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. രാത്രി വൈകിയാണെങ്കിലും അധികൃതർ എലിയറ്റുമായി ആശയവിനിമയം നടത്തി.
മെഡിക്കൽ വിവരചോർച്ച; നിയമം വരുന്നു
മെഡിക്കൽ വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമത്തിന്റെ കരടുരൂപം കഴിഞ്ഞ മാർച്ചിലാണ് പ്രസിദ്ധീകരിച്ചത്. നിയമം അനുസരിച്ച് പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ചോർന്നാൽ അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഡേറ്റ സുരക്ഷിതമാക്കി വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ശിക്ഷ ലഭിക്കാം. ആക്ട് അനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തും രൂപീകരിക്കുന്ന അതോറിറ്റികൾക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടായിരിക്കുമെന്നും കരട് പറയുന്നു.