തിരുവനന്തപുരം∙ ശബരിമലയിൽ എത്തിയ യുവതികളുടെ എണ്ണത്തിൽ വ്യക്തതയില്ലാതെ സംസ്ഥാന സര്‍ക്കാര്‍. ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടുയുവതികള്‍ മാത്രമാണ് എത്തിയതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. നേരത്തെ 51 പേര് ദര്‍ശനം നടത്തിയെന്ന് സുപ്രീംകോടതിയെ അറിയിച്ച സര്‍ക്കാര്‍, വിവാദത്തെ തുടര്‍ന്ന് 17 ആക്കി തിരുത്തിയിരുന്നു.
രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്നു നിയമസഭയെ രേഖാമൂലം അറിയിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്, ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരണമില്ലെന്നും വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. ആചാരനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാന്‍ നടയടച്ച് പരിഹാരക്രിയ ചെയ്യണമെന്ന് ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ശുദ്ധിക്രിയ നടപടികള്‍ സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന് അല്ലെങ്കിലും, ദേവസ്വം മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ശബരിമലയെ സംഘര്ഷഭൂമിയാക്കിയതു മൂലം മണ്ഡല മകരവിളക്കു കാലത്ത് തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുവന്നിട്ടുണ്ട്. മണ്ഡല മകരവിളക്കു കാലത്തെ നടവരവ് 72.10 കോടി രൂപയായി കുറഞ്ഞു. തൊട്ടുമുന്‍വര്‍ഷം ഇത് 97.52 കോടി രൂപയായിരുന്നു. മണ്ഡലകാലത്തെ ആകെ വരുമാനത്തില്‍ നൂറു കോടി രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 279.43 കോടി രൂപ ലഭിച്ചപ്പോള്‍, ഇക്കുറി 180.18 കോടിയായി കുറഞ്ഞെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.