ADVERTISEMENT

കർഷകർ രോഷത്തിലാണ്. മഹാരാഷ്ട്രയിലെ വിദർഭയിൽ, നർമദാ തീരത്തെ ഗ്രാമങ്ങളിൽ, മധ്യപ്രദേശിലെ മന്ദ്സോറിൽ, രാജസ്ഥാനിലെ ഉദയ്പുരിൽ, ആഗ്രയിലെ യമുനാതടങ്ങളിൽ കണ്ടത് അതൃപ്തരായ അന്നദാതാക്കളെയാണ്. അവരുടെ രോഷം ശമിപ്പിക്കാൻ കേന്ദ്ര ബജറ്റിൽ പ്ര‌ഖ്യാപിച്ച 6,000 രൂപ മതിയാവില്ല.

കടാശ്വാസം കൊണ്ടും താൽക്കാലിക ധനസഹായം കൊണ്ടും പരി‌ഹരിക്കാനാവാത്ത പ്രതിസന്ധിയിലാണു കർഷക സമൂഹം. അവർക്കു വേണ്ടത് അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരമാണ്. ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കർഷകർക്കു കഴിയുന്നില്ല. സവാളയും ത‌ക്കാളിയും വിപണിയിലെത്തിക്കുന്നതിനെക്കാൾ ലാഭം കുഴിച്ചുമൂടുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സം‌സ്ഥാനങ്ങളിൽ നടത്തിയ ദീർഘസഞ്ചാരത്തിനിടെ കണ്ടതു കടക്കെണിയിൽ കുടുങ്ങിയ ഗ്രാമീണ കർഷ‌കരുടെ ദുഃഖവും വേദനയും.

ജലമില്ലാത്ത വാർധ

വാഗ്ദാനങ്ങളുടെ പെരുമഴ കണ്ട നാടാണു മഹാരാഷ്ട്രയിലെ വാർധ. തുടർവരൾ‌ച്ചയിൽ കരിഞ്ഞുണങ്ങിയ പ്രദേശം. സ്വാതന്ത്ര്യ കാലം മുത‌ൽ ജലസേചന പദ്ധതികളെക്കുറിച്ചു കേട്ടുമടുത്ത കർഷകർ പദ്ധതികൾ വരുമെന്ന പ്രതീക്ഷ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. മഴ കനിഞ്ഞാൽ കൃഷി തഴയ്ക്കും. മഴ പിണങ്ങിയാൽ കർഷകൻ കടക്കെണിയിലാകും. ഓരോ ഗ്രാമത്തിലും കേൾക്കുന്നതു കെണിയിൽനിന്നു കരകയറാനാവാതെ ജീവനൊടുക്കിയവരുടെ കഥകൾ.

വില തേടുന്ന നാസിക്

ഉള്ളിയുടെ നാടാണു നാസിക്. അടുത്ത കാലത്തു കർഷക പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ ലോങ് മാർച്ച് തുടങ്ങിയത് ഇവിടെ നിന്നാണ്. 750 കിലോ സവാള വിറ്റപ്പോൾ കിട്ടിയ 1064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രതിഷേധ സൂചകമായി അയച്ചു കൊടുത്ത സഞ്ജയ് ബാലകൃഷ്ണ സാഠെ ഇന്നാട്ടുകാരൻ. കൂടുതൽ ഉൽപാദിപ്പിക്കാനാണു സർക്കാർ പറഞ്ഞത്. ഉൽപാദിപ്പിച്ചപ്പോഴോ? ഡൽഹിയിലും മുംബൈയിലും 30 രൂപയ്ക്കു നാട്ടുകാർ വാങ്ങുന്ന സവാള ഉൽപാദിപ്പിക്കുന്ന കർഷകനു കിട്ടുന്നത് ഒന്നര രൂപ!

നർമദയുടെ ഗ്രാമങ്ങൾ

ഗുജറാത്തിലെ വഡോദരയ്ക്കടുത്തു സർദാർ പട്ടേലിന്റെ ഐക്യപ്രതിമ തലയുയർത്തി നോക്കുന്നതു നർമദാതടത്തിലെ ആദിവാസി കർഷകരുടെ ദുരിതത്തിലേക്കാണ്. ഐക്യപ്രതിമയുടെ പരിസര ഗ്രാമങ്ങൾ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായി വികസിക്കുന്നു. എന്നാൽ, അണക്കെട്ടിൽനിന്നു താഴ്‌വാരത്തു വെള്ളം നിറയ്ക്കുന്നതോടെ ഗ്രാമങ്ങൾ മുങ്ങും. കർഷകർ വീടും തൊടിയും ഉപേക്ഷിച്ചു പോകണം. അവർ പറയുന്നു: ഇതു ഞങ്ങളുടെ നാട്. ഞങ്ങൾ പോവില്ല.

രക്തം മണക്കുന്ന മന്ദ്സോർ

മധ്യപ്രദേശിൽ ര‌ത്‌ലാമിനടുത്തു മന്ദ്സോറിന്റെ മണ്ണിന് ഇപ്പോഴും രക്തഗന്ധം. ഉൽപന്നങ്ങൾക്കു വിലയിടിയുന്നതിൽ പ്രതിഷേധിച്ചു സമരം ചെയ്ത കർഷകരുടെ ജാഥയ്ക്കുനേരെ 2017 ജൂണിൽ പൊലീസ് നടത്തിയ വെടിവയ്പിൽ മരിച്ചത് ആറു പേരാണ്. ഗ്രാമങ്ങളിൽ ഈ രക്‌തസാക്ഷികളുടെ പ്രതിമകൾ. നാട്ടുകാർ പറയുന്നു: രക്തസാക്ഷിത്വം കൊണ്ടു പ്രയോജനമുണ്ടായില്ല. എല്ലാം പഴയതു പോലെ.

വഞ്ചിക്കപ്പെടുന്നവർ

ഉദയ്പുരിനടുത്തു ജാമർ കോപ്പടയിൽ കർഷകരുടെ സമ്പാദ്യം തട്ടിയെടുക്കുന്ന ബാങ്കുകളെക്കുറിച്ചാണു കേട്ടത്. നൂറുകണക്കിനു കർഷകരുടെ നിക്ഷേപം ബാങ്കു‌കൾ, അവരറിയാതെ ഇൻഷുറൻസ് പ്രീമിയമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. വഞ്ചന തിരിച്ചറിയാൻ വൈകിയ കർഷകർക്കൊപ്പം നിൽക്കാൻ പൊതുസമൂഹം രംഗ‌ത്തുള്ളത് ആശ്വാസം.

മുങ്ങുന്ന കൃഷിയിടങ്ങൾ

വികസനപദ്ധതികൾക്കു കർഷക ഭൂമി പിടിച്ചു വാങ്ങുന്ന സർക്കാർ യമുനാതടത്തിൽ ഭൂമിയേറ്റെടുക്കുന്നില്ല. കൃഷിയിറക്കുന്നതിനു തടസമില്ല. എന്നാൽ അണക്കെട്ടു തുറന്നുവിട്ടു കൃഷി മുങ്ങിയാൽ നഷ്ടപരിഹാരമില്ല. ഭൂമി ഏറ്റെടുത്തു നഷ്ടപരിഹാരം നൽകാനും ഭരണകൂടം തയാ‌റല്ല.

പ്രതിഷേധാഗ്നി

എങ്ങും കാണുന്നതു പുകയുന്ന പ്രതിഷേധമാണ്. അവഗണിക്കപ്പെടുന്ന കർഷകൻ ചോദ്യങ്ങൾ ചോദിക്കുന്നു. കടാശ്വാസം കൊണ്ടു മാത്രം ‌പ്രശ്നപരിഹാരമാവില്ലെന്നും ബജറ്റിൽ ‌പ്രഖ്യാപിച്ച 6,000 രൂപ പോരാതെ വരുമെന്നും ഓർമിപ്പിക്കുന്നു.

വേണ്ടതു പ്രശ്നങ്ങൾ‌ക്കു ശാശ്വതപരിഹാരമാണ്. ജലസേചനം, വൈദ്യുതി, റോഡുകൾ, സംഭരണ, സംസ്കരണ സൗക‌ര്യങ്ങൾ, ഇടനിലക്കാരില്ലാതെ വിപണ‌നം, ന്യായവില തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര പാക്കേജാണത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യവിഷയമായിരുന്നതു കർഷ‌കൻ. ലോക്സഭാ തിരഞ്ഞെടുപ്പി‌ൽ മുഖ്യവിഷയമാകാനിരിക്കുന്നതും കർഷ‌കൻ. പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കെൽപുള്ളത് ഏതു രാഷ്ട്രീയകക്ഷിക്ക്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com