ADVERTISEMENT

കോഴിക്കോട്∙ ഐകെഎം ഡപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രനെ അനധികൃതമായി നിയമിച്ച സംഭവത്തിൽ കൂടുതൽ തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഡി.എസ്.നീലകണ്ഠന്റെ അനധികൃത നിയമനത്തിനെതിരെ സിപിഎം എംഎൽഎതന്നെ പരാതി നൽകിയെന്നും എങ്കിലും മന്ത്രി അതു മുക്കിയെന്നും ഫിറോസ് ആരോപിച്ചു.

തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു സ്വന്തം ലെറ്റര്‍ പാഡില്‍ മന്ത്രി എ.സി. മൊയ്തീന് 2 മാസം മുൻപെഴുതിയ കത്തും ഫിറോസ് പുറത്തുവിട്ടു. പരാതിയില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ടു തേടിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. നേരത്തേ നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി സ്വന്തം എംഎല്‍എയുടെ പരാതിയെക്കുറിച്ചു മറുപടി പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഡിസംബറിലാണ് അനധികൃത നിയമനം നടന്നത്. ഒരു ലക്ഷം രൂപ ശമ്പളം നല്‍കി 5 വർഷത്തേക്കായിരുന്നു കരാര്‍ നിയമനം. ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നതിനു മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷേ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 %  ഇൻക്രിമെന്റുമടക്കം വന്‍ തുക നീലകണ്ഠന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ബന്ധുനിയമനം നടത്തിയതു തെളിഞ്ഞിട്ടും കെ.ടി. ജലീല്‍ രാജിവയ്ക്കാത്തതിനു കാരണം ഈ കേസിലെ കോടിയേരിയുടെ താല്‍പര്യമാണെന്ന് യൂത്ത്‌ലീഗ് നേരത്തേ ആരോപിച്ചിരുന്നു. ഇപ്പോൾ ഇതു കൂടുതല്‍ വ്യക്തമായതായും ഫിറോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com