ADVERTISEMENT

തിരുവനന്തപുരം∙ കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശ്വാസിസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്‌ .ശ്രീധരൻ പിള്ള. സുപ്രീം കോടതിയിൽ സർക്കാരും ബോർഡും സ്വീകരിച്ച നിലപാട് ഈ കൊടുംവഞ്ചന പുറത്തു കൊണ്ടു വന്നിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

ശബരിമല പ്രശ്നത്തിന്റെ തുടക്കം മുതൽ തന്നെ ഇടതു സർക്കാർ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകർക്കുകയെന്ന സിപിഎം പരിപാടി നടപ്പാക്കാൻ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്ന് ബിജെപി തുറന്നു കാട്ടി. ബിജെപി പറഞ്ഞതൊക്കെ ശരിവയ്ക്കുന്നതാണു സംസ്ഥാനസർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ കൈക്കൊണ്ട നിലപാട്. യുവതീപ്രവേശത്തിനുള്ള വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണു സർക്കാരിന്റെയും ബോർഡിന്റെയും. ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോർഡ് മുൻ നിലപാടിനു വിരുദ്ധമായി ഇപ്പോൾ ആചാരലംഘനത്തിന് അനുകൂലമായ അഭിപ്രായമാണു കൈക്കൊണ്ടിട്ടുള്ളത്.

ക്ഷേത്രങ്ങൾ തകർക്കുകയെന്ന സിപിഎമ്മിന്റെ ഗൂഢപദ്ധതി നടപ്പാക്കുന്നതിനു കൂട്ടുനിൽക്കുകയാണ് സർക്കാരിന്റെയും പാർട്ടിയുടെയും കയ്യിലെ ചട്ടുകമായി മാറിയ ദേവസ്വം ബോർഡ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിസഭയാകട്ടെ അവിശ്വാസികളുടെ മാത്രമല്ല വിശ്വാസികളുടെ കൂടി മന്ത്രിസഭയാണെന്ന വസ്തുത മറന്നു പോവുകയോ മറച്ചു വയ്ക്കുകയോ ആണു ചെയ്യുന്നത്. കോടാനുകോടി ഭക്തജനങ്ങളുടെ വികാരവും വേദനയും അവഗണിച്ചുകൊണ്ട് സുപ്രീം കോടതിയിൽ കൈക്കൊണ്ട ക്ഷേത്രവിരുദ്ധ-വിശ്വാസവിരുദ്ധ നിലപാടിനു കേരളജനത പിണറായി സർക്കാരിനോടും മാർക്സിസ്റ്റ് പാർട്ടിയോടും എണ്ണിയെണ്ണി കണക്കു ചോദിക്കുമെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com