ADVERTISEMENT

തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്ക്കാര കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി രണ്ടര വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് നാലര കോടി രൂപ.

വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമേ 13 ലക്ഷം രൂപ വിഎസിന് ശമ്പള ഇനത്തില്‍ നല്‍കി. വിജിലന്‍സ് സംവിധാനം പരിഷ്ക്കരണം, കപാസിറ്റി ഡെവലപ്മെന്റ് ഓഫ് സിവില്‍ സര്‍വന്റ്സ്, വെല്‍ഫെയര്‍ ടു റൈറ്റ്സ് - ഇപ്ലിമെന്റേഷന്‍ ഓഫ് സെലക്ട് ലെജിസ്ലേഷന്‍സ് - എ റിവ്യൂ എന്നീ പേരുകളില്‍ മൂന്നു റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ശുപാര്‍ശകള്‍ പരിഗണിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. 

മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. കമ്മിഷന്‍ ചെയര്‍മാന് കാബിനറ്റ് പദവിയും അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ അധികാരങ്ങളുമാണ് നല്‍കിയിരിക്കുന്നത്.

അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 17 ജീവനക്കാര്‍ കമ്മിഷനിലുണ്ട്. ചെയര്‍മാന് പ്രൈവറ്റ് സെക്രട്ടറി അടക്കം 12 ജീവനക്കാരെ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും ശുപാര്‍ശകളും നടത്തുകയാണ് കമ്മിഷന്റെ ചുമതല. വികാസ് ഭവന്‍ ഐഎംജി കാംപസിലാണ് ഓഫിസ്.

2016 ഓഗസ്റ്റ് ആറാം തീയതിയാണ് നാലാം ഭരണ പരിഷ്ക്കാര കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുന്‍പ് മുഖ്യമന്ത്രിമാരാണ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നതെങ്കിലും വിഎസിന് ഉന്നതപദവി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്മിഷന്‍ രൂപീകരണം. 

∙ ചെയര്‍മാന്റെ പഴ്സണല്‍ സ്റ്റാഫില്‍ 12പേര്‍

1 പ്രൈവറ്റ് സെക്രട്ടറി, 1 അസി.പ്രൈവറ്റ് സെക്രട്ടറി, 2 പഴ്സണല്‍ അസിസ്റ്റന്റ്, 1 സ്റ്റെനോ, 4 ക്ലാര്‍ക്ക്, 2 ഡ്രൈവര്‍, 1 കുക്ക് എന്നിവരാണ് വിഎസിന്റെ പഴ്സണല്‍ സ്റ്റാഫിലുള്ളത്. മന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും കമ്മിഷന്‍ ചെയര്‍മാനുമുണ്ട്. ഔദ്യോഗിക വസതി അനുവദിച്ചിട്ടുണ്ട്.

പ്രതിമാസ ശമ്പളം 1000 രൂപയാണെങ്കിലും അലവന്‍സുകള്‍ അടക്കം ലക്ഷം രൂപ ചെയര്‍മാനായി ചെലവാക്കുന്നുണ്ട്. കമ്മിഷന്‍ അംഗം സി.പി.നായര്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്‍ഷന് പുറമേ 75,000 രൂപ പ്രതിമാസ ഓണറേറിയമായി ലഭിക്കും. ചീഫ് സെക്രട്ടറിക്ക് തുല്യമായ യാത്രാബത്തയും ദിനബത്തയുമുണ്ട്. സര്‍ക്കാര്‍ ഗസ്റ്റ് - റസ്റ്റ് ഹൗസുകളില്‍ ചീഫ് സെക്രട്ടറിക്ക് തതുല്യമായ പരിഗണന ലഭിക്കും. കമ്മിഷന്റെ ഓരോ സിറ്റിങിനും 2,500 രൂപ സിറ്റിങ് ഫീസ് ലഭിക്കും. ഔദ്യോഗിക വാഹനം ടൂറിസം വകുപ്പാണ് നല്‍കുന്നത്.

പാര്‍ടൈം അംഗം നീലാ ഗംഗാധരന്റെ ആസ്ഥാനം ബെംഗളൂരുവാണ്. മാസ വേതനം 37,500. ഇതിനു പുറമേ 10,000രൂപ അലവന്‍സ്. ചീഫ് സെക്രട്ടറിക്ക് തുല്യമായ യാത്രാബത്തയും ദിനബത്തയും, ഓരോ സിറ്റിങിനും 2500 രൂപ. ഔദ്യോഗിക വാഹനം ടൂറിസം വകുപ്പ് നല്‍കും.

∙ കമ്മിഷന്‍ ഓഫിസില്‍ 17 പേര്‍

1 അഡീ. സെക്രട്ടറി, 1 ഡെപ്യൂട്ടി കലക്ടര്‍,1 ഫിനാന്‍സ് ഓഫിസര്‍, 2 അണ്ടര്‍ സെക്രട്ടറി, 1 സെക്‌ഷന്‍ ഓഫിസര്‍, 3 അസിസ്റ്റന്റ്, രണ്ട് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (മലയാളം), 1 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ്), 3 ഓഫിസ് അറ്റന്‍ഡന്റ് (ദിവസവേതനം), 1 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 1 ഡ്രൈവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com