ADVERTISEMENT

ന്യൂഡൽഹി∙ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതു നിർബന്ധമെന്ന് സുപ്രീം കോടതി. ആദായ നികുതി വകുപ്പിലെ സെക്ഷൻ 139 എഎ സ്ഥിരീകരിച്ചാണ് ഇതെന്ന് ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തേ തീരുമാനമെടുത്തിട്ടുള്ളതായും അറിയിച്ചു.

ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി നിർദേശം. പാൻ നമ്പരുമായി ആധാർ ലിങ്ക് ചെയ്യാതെതന്നെ 2018–19 വർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ശ്രേയ സെൻ, ജയശ്രീ സത്പുതെ എന്നിവർക്കു ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു കേന്ദ്രത്തിന്റെ അപ്പീൽ. സുപ്രീം കോടതിയിൽ വിഷയം പരിഗണനയിലായതു കൊണ്ടാണ് അന്ന് ഹൈക്കോടതി അത്തരം ഉത്തരവു പുറത്തിറക്കിയത്. അതിനു ശേഷം സുപ്രീം കോടതി തന്നെ വിഷയത്തിൽ തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്– ബെഞ്ച് നിരീക്ഷിച്ചു.

ആധാര്‍ പദ്ധതിക്കു ഭരണഘടനാപരമായ മൂല്യമുണ്ടെന്നു കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ നിയമത്തിൽ നിയന്ത്രണങ്ങൾ ആവശ്യമെന്നു വിലയിരുത്തിയ കോടതി, നിർണായകമായ രണ്ടു വകുപ്പുകളും ഒരു ഉപവകുപ്പും റദ്ദാക്കി. സ്വകാര്യകമ്പനികൾക്കു വിവരങ്ങൾ നൽകാൻ നിർദേശിക്കുന്ന സെക്‌ഷൻ 33 (2), ദേശീയ സുരക്ഷയ്ക്കായി വിവരങ്ങൾ കൈമാറണമെന്നു നിർദേശിക്കുന്ന സെക്‌ഷൻ 57, ആധാർ സംബന്ധിച്ചു വ്യക്തികൾക്കു പരാതി നൽകാൻ അനുവദിക്കാത്ത സെക്‌ഷൻ 47 എന്നിവയാണു റദ്ദാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com