ADVERTISEMENT

ഭൂമിയിൽ സാറ്റലൈറ്റ് കണ്ണെത്താവുന്നിടത്തോളം ഭാഗങ്ങളിലെല്ലാം നാസയുടെ ‘മാപ്പിങ്’ ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. അത്തരത്തിൽ ഒരു പ്രദേശത്തിന്റെ തന്നെ ചിത്രങ്ങൾ തുടരെത്തുടരെയെടുക്കാൻ തുടങ്ങിയതിനു ശേഷം ഇതാദ്യമായി അവർക്കു മുന്നിൽ ഒരു ‘അദ്ഭുത ദ്വീപ്’ ഉയർന്നു വന്നു. തെക്കൻ പസഫിക് സമുദ്രത്തിൽ 2014 ഡിസംബറിനും 2015 ജനുവരിക്കും ഇടയിലായിരുന്നു അത്. ടോംഗോയ്ക്കു സമീപം ഹുംഗ ടോംഗ, ഹുംഗ ഹാപയ് എന്നിങ്ങനെ രണ്ടു ദ്വീപുകള്‍ നേരത്തേയുണ്ട്. ഇവയ്ക്കു നടുവിലെ അഗ്നിപർവതം പൊട്ടിയാണ് പുതിയ ദ്വീപ് ഉയർന്നു വന്നത്. 

അഗ്നിപർവതത്തിലെ ചാരവും മറ്റും കുമിഞ്ഞുകൂടിയുള്ള ദ്വീപ് സാധാരണഗതിയിൽ തിരയടിയിൽപ്പെട്ട് വൈകാതെ നശിച്ചു പോവുകയാണ് പതിവ്. എന്നാൽ തുടർച്ചയായ സാറ്റലൈറ്റ് നിരീക്ഷണത്തിൽ നാസ ഒരു കാര്യം തിരിച്ചറിഞ്ഞു– ചെടികളും പക്ഷികളുമെല്ലാമായി ആ ദ്വീപിൽ ഒരു ആവാസവ്യവസ്ഥ തന്നെ രൂപപ്പെട്ടിരിക്കുന്നു. ആറു മുതൽ  30 വർഷം വരെ അതു കടലിൽ നിലനിൽക്കാനുള്ള സാധ്യതയും നാസ കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഡ്രോൺ, സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നായിരുന്നു അത്. അതിനു പിന്നാലെ 2017 ഒക്ടോബറിൽ നാസയുടെ ഗോദർദ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലെ ഒരു കൂട്ടം ഗവേഷകർ ദ്വീപിലെത്തി. ദ്വീപിൽ കാലുകുത്തുന്ന ആദ്യത്തെ സംഘമായിരുന്നു അത്. അവരെ അവിടെ കാത്തിരുന്നതാകട്ടെ ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളും. 

കടൽച്ചെടികൾ നിറഞ്ഞു കഴിഞ്ഞിരുന്നു ദ്വീപിൽ. സമീപത്തെ രണ്ടു ദ്വീപുകളിൽ നിന്നായിരിക്കും വിത്തുകൾ എത്തിയതെന്നു കരുതുന്നു. പക്ഷിക്കാഷ്ഠവും മറ്റും സമൃദ്ധമായതോടെ ചെടികൾക്കുള്ള വളവും ലഭിച്ചു. കടൽപ്പക്ഷികളും ഒരിനം മൂങ്ങയും ദ്വീപിലെ അന്തേവാസികളായി മാറിയിരുന്നു. ഏറ്റവും അദ്ഭുതപ്പെടുത്തിയത് ദ്വീപിലെ മണ്ണായിരുന്നു. പരിശോധനയിൽ അത് അഗ്നിപർവതത്തിൽ നിന്നുള്ള ചാരമല്ലെന്നു വ്യക്തമായി. പശിമയുള്ള ചെളിക്ക് സമാനമായിരുന്നു ദ്വീപിലെ മണ്ണ്. ഇളംകറുപ്പ് നിറമായിരുന്നു അതിന്. പലയിടത്തും ചരൽപോലെ കറുത്ത നിറത്തിലുള്ള വസ്തുക്കളുമുണ്ടായിരുന്നു. ഭൂമിയിൽ ഇന്നേവരെ കാണാത്ത തരം മണ്ണിൽ ചെടികൾ വളരുന്നതാണു ഗവേഷകരെ ഏറെ അമ്പരപ്പിച്ചത്. 

ഹംഗ ടോംഗ ദ്വീപ്

മണ്ണിനെപ്പറ്റി കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് അവർ. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ചൊവ്വാഗ്രഹത്തിലും വെള്ളമുണ്ടായിരുന്നെന്നാണു കണക്കാക്കുന്നത്. അന്നു വൻതോതിൽ അഗ്നിപർവതങ്ങളും അവിടെയുണ്ടായിരുന്നു. ഇവ രണ്ടും എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്ന് അറിയാനും ‘ഹുംഗ ടോംഗ’ ദ്വീപ് സഹായിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.

ഹംഗ ടോംഗ ദ്വീപിന്റെ ഉപഗ്രഹ ദൃശ്യം.

കഴിഞ്ഞ വർഷത്തെ നാസയുടെ റിപ്പോർട്ടിൽ നിന്നു വ്യത്യസ്തമായി ദ്വീപിൽ പലയിടത്തും ശോഷണവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരയടി ശക്തമായ തെക്കൻ ഭാഗത്താണ് ഏറെ ഭീഷണി. മഴയും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കരുതിയതിലും മുൻപേ ദ്വീപ് ഇല്ലാതാകും മുൻപ് പഠനവും പൂർത്തിയാക്കാനാണ് നാസയുടെ ശ്രമം. അതിസൂക്ഷ്മ ജിപിഎസ് സംവിധാനവും ഡ്രോണും ഉപയോഗിച്ച് ദ്വീപിന്റെ 3ഡി മാപ്പിങ് നടക്കുകയാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com