ADVERTISEMENT

‘ഡൽഹിയിലെ ഭരണാധികാരികൾ അധികാരത്തിലേക്കുള്ള ഞങ്ങളുടെ യാത്ര തടയാൻ ശ്രമിക്കുകയാണ്. ഭയപ്പെടുത്താൻ സിബിഐയെ നിയോഗിച്ചിരിക്കുന്നു. സിബിഐ, ഐബി, ആദായനികുതി, റോ എന്നിവയോ ലോകത്തിലെ ഏതു ഏജൻസിയോ വിചാരിച്ചാലും എന്നെ കീഴ്‍പ്പെടുത്താനാകില്ല’– 2013 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിലെ ആർപ്പുവിളികൾക്കിടെ നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ. കാലം കടന്നു പോയി, ഗുജറാത്ത് മുഖ്യമന്ത്രിയിൽനിന്നു മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അടുത്ത പൊതുതിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയിരിക്കെ മോദിയെ തിരിഞ്ഞുകൊത്തുകയാണ് ആ പഴയ വാചകങ്ങൾ.

എതിരാളികളെ വരുതിക്കു നിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ മോദി സർക്കാർ രംഗത്തിറക്കുന്നുവെന്നു പ്രതിപക്ഷ കക്ഷികൾ പലപ്പോഴായി ആരോപണം ഉന്നയിക്കാറുണ്ട്. സിബിഐ ഉൾപ്പെടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു റെയ്ഡുകൾ നടത്തലും കേസെടുക്കലുമാണ് ഇതിന് ആയുധമാക്കുന്നതെന്നാണ് ആക്ഷേപം. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മോദി സർക്കാരിനെതിരായ ഈ ആരോപണമുന ഒന്നുകൂടി കൂർത്തിരിക്കുന്നു.

രാജ്നാഥ് സിങ്. അമിത് ഷാ, നരേന്ദ്ര മോദി

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളിൽ സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. സിബിഐ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ കേന്ദ്ര സർക്കാർ മണിക്കൂറുകൾക്കകം സിആർപിഎഫിനെ (കേന്ദ്ര റിസർവ് പൊലീസ് സേന) വിന്യസിച്ചു. ഇതോടെ കേന്ദ്ര, സംസ്ഥാന ഏറ്റുമുട്ടൽ അത്യപൂർവമായ ഭരണഘടനാ പ്രതിസന്ധിയിലേക്കു നീങ്ങി. പ്രോട്ടോക്കോൾ നോക്കാതെ കമ്മിഷണറുടെ വസതിയിലേക്കു പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി  മോദിക്കെതിരെ ആഞ്ഞടിച്ചു. പിന്നാലെ മധ്യ കൊൽക്കത്തയിൽ മമത ധർണയുമിരുന്നു.

ശാരദ, റോസ് വാലി കേസുകളിലെ ചില രേഖകൾ കാണാതായതു സംബന്ധിച്ച് ചോദ്യം ചെയ്യാനാണു നാൽപതോളം പേർ വരുന്ന സിബിഐ സംഘം ലൗഡൻ സ്ട്രീറ്റിലെ സിറ്റി കമ്മിഷണറുടെ വസതിയിലെത്തിയത്. ഇവരെ പൊലീസ് ത‍‍ടഞ്ഞു. ഇതോടെ കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കത്ത് നൽകാൻ സിബിഐ ഉദ്യോഗസ്ഥർ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു, ഫോണുകൾ പിടിച്ചെടുത്തു. സിബിഐ കിഴക്കൻ മേഖല ജോയിന്റ് ഡയറക്ടർ പങ്കജ്  ശ്രീവാസ്തവയുടെ ഓഫിസ് ഉൾപ്പെടുന്ന മേഖല കൊൽക്കത്ത പൊലീസ് വളഞ്ഞു. ഇതോടെ പ്രതിസന്ധി മൂർച്ഛിച്ചു.

ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ സമരമായി മമതയുടെ പ്രതിഷേധം മാറി. ബംഗാളിൽ സിബിഐക്കുള്ള പ്രവർത്തനാനുമതി കഴിഞ്ഞ നവംബർ 16നു സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സിബിഐക്ക് ഒരു സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കിൽ അവിടത്തെ സർക്കാരിന്റെ അനുമതി ആവശ്യമാണ്. മമതയ്ക്കു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന രാജ്യത്തെ പ്രധാന ചർച്ചയായി സിബിഐ. തലപ്പത്തുള്ളവരുടെ സ്ഥാനചലനം ഉൾപ്പെടെ ‘സ്വന്തം കേസിൽ’പെട്ടു പ്രതിച്ഛായാനഷ്ടം നേരിടുന്നതിനൊപ്പമാണു രാഷ്ട്രീയ ചട്ടുകമാണെന്ന ആരോപണവും പരമോന്നത ഏജൻസിയെ പിടികൂടിയിരിക്കുന്നത്.

കൂട്ടിലടയ്ക്കപ്പെട്ട തത്തയെന്നു സുപ്രീംകോടതി വിശേഷിപ്പിച്ച സിബിഐ മാത്രമല്ല പ്രതിസ്ഥാനത്തുള്ളത്. ആദായനികുതി വകുപ്പ് (ഐടി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ ആയുധമാക്കുന്നെന്നു പ്രതിപക്ഷ പാർട്ടികൾ പറയുന്നു. അതിനവർ നിരവധി ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറിയ ശേഷം നടന്ന പ്രധാന സംഭവങ്ങളിൽ ചിലതു ചുവടെ.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയയുമായി അടുപ്പമുള്ള ഓസ്കർ ഫെർണാണ്ടസ്, മോത്തിലാൽ വോറ തുടങ്ങിയവരുൾപ്പെട്ട നാഷനൽ ഹെറാൾഡ് കേസിൽ വലിയ തോതിൽ ഈ ഏജൻസികളുടെ ഇടപെടലുണ്ടായി. ഡൽഹി ഹൈക്കോടതി ഉത്തരവിനു പിന്നാലെ ആദായനികുതി വകുപ്പിന്റെ റെയ്‍ഡുകൾ നടന്നു. കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവർ സ്ഥിരം ഇരകളാണ്. ഐഎൻഎക്സ് മീഡിയ, എയർസെൽ മാക്സിസ് ഇടപാടുൾപ്പെടെ ഇരുവർക്കുമെതിരെ നിരവധി കേസുകളും അന്വേഷണങ്ങളുമാണു നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടുകേസിലും ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതിയും ലഭിച്ചു.

മായാവതി, അഖിലേഷ് യാദവ്

ഒന്നാം യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന ഡിഎംകെ നേതാവ് ദയാനിധി മാരനും സഹോദരനും സൺ നെറ്റ്‍‌വർക് ഉടമയുമായ കലാനിധി മാരനും സിബിഐ വലയ്ക്കുള്ളിലാണ്. സൺ നെറ്റ്‌‍വർക്കിനുവേണ്ടി അതിവേഗ ടെലിഫോൺ ലൈനുകൾ അനധികൃതമായി സ്ഥാപിച്ചെന്നാണ് ആരോപണം. ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെയും അനവധി കേസുകളെടുത്തിട്ടുണ്ട്. മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചു തോറ്റ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാൾ ആണ് എഎപിയിലെ ‘ശത്രുപട്ടിക’യിൽ ഒന്നാമത്.

ആം ആദ്മി വിമത എംഎൽഎ കപിൽ ശർമയുടെ ആരോപണത്തിന്മേൽ ആദായനികുതി വകുപ്പ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അഴിമതിവിരുദ്ധ വിഭാഗം മറ്റൊരു കേസുമെടുത്തു. ലഫ്റ്റനന്റ് ഗവർണർ പരമാധികാരം കാട്ടി കേ‌ജ്‌രിവാൾ സർക്കാരിനെ വിരട്ടുന്നതിനും കേന്ദ്രത്തിന്റെ സമ്മതമുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായയെ ചിട്ടിത്തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്യാൻ സിബിഐ ഉത്സാഹം കാട്ടിയതും വിവാദമായി. നോട്ടുനിരോധനത്തിനെതിരെ മമത ബാനർജി ആക്രമണം ശക്തമാക്കിയ സമയത്തായിരുന്നു ചിട്ടികേസിലെ നടപടി.

അരവിന്ദ് കേജ്‌രിവാൾ

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ കോൺഗ്രസ് നേതാവ് വീരഭദ്ര സിങ്ങും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. 2015 സെപ്റ്റംബറിൽ മകളുടെ വിവാഹദിവസം, അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ സിങ്ങിന്റെ വസതി റെയ്ഡ് ചെയ്തത് ആരോപണങ്ങൾക്കു ശക്തി പകർന്നു. 

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തിനെതിരെയും സിബിഐ കേസുണ്ട്. വിശ്വാസവോട്ടെടുപ്പിൽ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് എംഎൽഎയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു കേസ്. ഗുഡ്ഗാവ് ഭൂമിയിടപാട് കേസാണു ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദ്രർ സിങ് ഹൂഡയ്ക്കെതിരെയുള്ളത്. യുപി മുൻ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിക്കെതിരെ ദേശീയാരോഗ്യ മിഷൻ അഴിമതിയാരോപണത്തിൽ സിബിഐ അന്വേഷണം നടക്കുന്നു.

യുപി മുൻ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിനെതിരെ ഖനന ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതു കഴിഞ്ഞദിവസമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപി പിടിച്ചാൽ ഇന്ത്യ ഭരിക്കാമെന്നാണു പൊതുവിശ്വാസം. ഉത്തർപ്രദേശിൽ ശത്രുത മറന്ന് എസ്പിയും ബിഎസ്പിയും കൈകോർത്തിരിക്കെ കേന്ദ്ര ഏജൻസികളെക്കൊണ്ടു സഖ്യശക്തി ഇല്ലാതാക്കാനാണു ബിജെപി ശ്രമമെന്ന് ഇരുപാർട്ടികളും ആരോപിക്കുന്നു.

നാഷനൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് 113 കോടിയുടെ അഴിമതി ആരോപണ കേസ് അന്വേഷിക്കുന്നതും സിബിഐ ആണ്. ആംബുലൻസ് വാങ്ങിയതിലെ ക്രമക്കേടും അഴിമതിയും ആരോപിച്ച് കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കാർത്തി ചിദംബരം, മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ മകൻ രവി കൃഷ്ണ എന്നിവർക്കെതിരെ 2015 ഓഗസ്റ്റിൽ സിബിഐ എഫ്ഐആർ ഇട്ടു.

റാബറി ദേവി, തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്

ജയിലിൽ കഴിയുന്ന മുൻ ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ആർജെഡി തലവൻ ലാലു പ്രസാദ് യാദവ്, മകൻ തേജസ്വി യാദവ്, മകൾ മിസ ഭാരതി തുടങ്ങിയവർക്കെതിരെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐ, ഇഡി എന്നിവർ അന്വേഷണം നടത്തുന്നു. ഏജൻസികളെക്കൊണ്ട് അപ്രതീക്ഷിത റെയ്ഡ് നടത്തി, പാർട്ടികളെയും നേതാക്കളെയും സമ്മർദത്തിലാക്കുന്നുവെന്ന ആരോപണവും എൻ‍ഡിഎ സർക്കാരിനെതിരെയുണ്ട്.

കർണാടക സർക്കാരിൽ ജലവിഭവ മന്ത്രിയായ ഡി.കെ.ശിവകുമാറിനെതിരായ ആദായനികുതി വകുപ്പു റെയ്ഡുകൾ സ്ഥിരമാണ്. ശക്തനായ കോൺഗ്രസ് നേതാവും ധനികനുമായ ശിവകുമാറിനെ സമ്മർദത്തിലാക്കിയാൽ കർണാടകയിലെ കോൺഗ്രസിനെയും തളർത്താമെന്നു ബിജെപി കണക്കുകൂട്ടുന്നു. 2017 ഓഗസ്റ്റിൽ ശിവകുമാറിനു ബന്ധമുള്ള 64 ഇടങ്ങളിലാണ് ആദായനികുതി റെയ്ഡ് നടന്നത്. കഴിഞ്ഞവർഷം ബിജെപിയെ തറപറ്റിച്ച് സർക്കാരുണ്ടാക്കാൻ എംഎൽഎമാരെ കൂടെനിർത്തിയ ശിവകുമാറിനോട് ഇപ്പോഴും ശത്രുതയിൽ തന്നെയാണ് കേന്ദ്ര ഏജൻസികൾ.

ഡി.കെ.ശിവകുമാർ

കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖി, ശിവരാജ് പാട്ടീലിന്റെ മകൻ ശൈലേഷ് പാട്ടീലിന്റെ ഓഫിസ്, മുൻ കർണാടക മന്ത്രി രമേഷ് ജർക്കിഹോളി, മഹിള കോൺഗ്രസ് നേതാവ് ലക്ഷ്മി ഹെബ്ബാൽക്കർ എന്നിവരുമായി ബന്ധമുള്ള സ്ഥലങ്ങൾ, അണ്ണാ ഡിഎംകെ നേതാക്കളെ വിരട്ടാനായി തമിഴ്നാട്ടിലെയും കർണാടകയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ റെയ്ഡുകൾ നടന്നതും ഈ സർക്കാരിന്റെ കാലത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com