sections
MORE

മൂന്നര മണിക്കൂര്‍ വാദം, നാടകീയ രംഗങ്ങള്‍; വിധി മാറ്റരുതെന്ന് സര്‍ക്കാരും ബോര്‍ഡും

sabarimala-supreme-court
SHARE

ന്യൂഡല്‍ഹി ∙ ശബരിമല യുവതീപ്രവേശത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജികൾ പരിശോധിക്കുന്ന കാര്യത്തിൽ വാദം പൂർത്തിയായി. വിധി പിന്നീട് പ്രസ്താവിക്കും. 55 പുനഃപരിശോധന ഹർജികളാണ് കോടതി ഇന്നു പരിഗണിച്ചത്. ഇതിൽ ആറു പേർക്കു മാത്രമാണു വാദിക്കാൻ അവസരം ലഭിച്ചത്. മൂന്നര മണിക്കൂർ വാദം നീണ്ടു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിധിയെ പിന്തുണച്ച് പുനഃപരിശോധന ഹർജിയെ എതിർത്തു. ഏഴുദിവസത്തിനകം വാദങ്ങൾ എഴുതി നൽകാൻ മറ്റു ഹർജിക്കാർക്ക് കോടതി നിർദേശം നൽകി.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, സർക്കാര്‍ നിലപാടിനോടു യോജിച്ച് ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവസ്വം ബോർഡ്‌. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാവില്ലെന്ന് ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. വ്യക്തിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല. ആർത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ല, എല്ലാ വ്യക്തികളും തുല്യരാണെന്നതാണു മതത്തിന്റെ അടിസ്ഥാനം. യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനമാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു. അതിനിടെ, രാകേഷ് ദ്വിവേദിയുടെ നിലപാടുമാറ്റത്തെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു. യുവതീപ്രവേശത്തെ നിങ്ങൾ എതിർത്തിരുന്നുവല്ലോയെന്ന് അവർ ചോദിച്ചു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ എന്താണു വിധിയിലെ പിഴവെന്നു വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരനാണ് വാദം ആരംഭിച്ചത്. ഭരണഘടനയുടെ 15, 17, 25 അനുച്‌ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുന്നത്. ശബരിമല യുവതീപ്രവേശത്തിൽ കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA