ADVERTISEMENT

ചെന്നൈ∙ ആഴ്ചകൾക്കു മുൻപു പള്ളിക്കരണി മാലിന്യ സംസ്കരണ പ്ലാന്റിനു സമീപം കണ്ടെത്തിയ സ്ത്രീയുടെ കാലുകളും, കൈയും കന്യാകുമാരി സ്വദേശിനി സന്ധ്യ(35)യുടേതെന്നു കണ്ടെത്തി. സംഭവത്തിൽ സന്ധ്യയുടെ ഭർത്താവും സംവിധായകനുമായ എസ്.ആർ.ബാലകൃഷ്ണനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു താൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.

കഴിഞ്ഞ ജനുവരി 21ന് ആണ് പള്ളിക്കരണി മാലിന്യ സംസ്കരണ പ്ലാന്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ കാലുകളും, വലതു കയ്യും കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്താൻ ചെന്നൈ ഡപ്യൂട്ടി കമ്മിഷണർ മുത്തുസ്വാമിയുടെ നേതൃത്വത്തിൽ 3 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിച്ചത്. സന്ധ്യയെ കാണാനില്ലെന്നു കാണിച്ചു 2 ദിവസം മുൻപു തൂത്തുക്കുടി പൊലീസിനു ലഭിച്ച പരാതിയാണു വഴിത്തിരിവായത്.

ശരീര ഭാഗങ്ങളിലെ അടയാളങ്ങൾ ഒത്തുവന്നതോടെ പൊലീസ് ബാലകൃഷ്ണനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. സംഭവത്തിൽ പങ്കില്ലെന്ന് ആദ്യം പറഞ്ഞ ബാലകൃഷ്ണൻ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.കണ്ടെടുത്ത കയ്യിൽ പച്ചകുത്തിയിരുന്ന ശിവപാർവതി രൂപമാണ് മരിച്ചത് സന്ധ്യയാണെന്നു സ്ഥിരീകരിക്കാൻ സഹായിച്ചത്. പൊങ്കലിനു ബാലകൃഷ്ണന്റെ വീട്ടിൽ സന്ധ്യ എത്തിയിരുന്നെന്ന അയൽവാസികളുടെ മൊഴിയും നിർണായകമായി. സന്ധ്യയുടെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.പള്ളിക്കരണിയിൽ കണ്ടെടുത്ത ശരീരഭാഗങ്ങൾ ക്രോംപെട്ട് സർക്കാർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

ജനുവരി 20ന് രാത്രി പത്തോടെയാണു കൊല നടന്നതെന്നു ഫൊറൻസിക് വിദഗ്ധർ പറഞ്ഞു.തമിഴ് സിനിമകളിൽ ചെറു വേഷങ്ങൾ ചെയ്തിരുന്ന സന്ധ്യയും സഹസംവിധായകനായിരുന്ന ബാലകൃഷ്ണനും പ്രണയിച്ചാണു വിവാഹം കഴിച്ചത്. 2010ൽ ബാലകൃഷ്ണൻ സ്വന്തമായി സിനിമ നിർമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു പലരുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലകൃഷ്ണൻ സ്ഥിരമായി വഴക്കിട്ടിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.തുടർന്നു സന്ധ്യ വിവാഹബന്ധം വേർപെടുത്താൻ കോടതിയെ സമീപിച്ചിരുന്നു. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി ഇരുവരും വെവ്വേറെയാണു താമസിച്ചിരുന്നത്.

കഴിഞ്ഞ ജനുവരി 15ന് പൊങ്കൽ പ്രമാണിച്ച് സന്ധ്യ ജാഫർഖാൻപെട്ടിലെ ബാലകൃഷ്ണന്റെ വാടക വീട്ടിൽ എത്തിയിരുന്നു. പിന്നീട് സന്ധ്യയെക്കുറിച്ചു വിവരം ലഭിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ബാലകൃഷ്ണനെ പലതവണ ഫോണിൽ ബന്ധപ്പെട്ടപ്പോഴും സന്ധ്യ പുറത്തുപോയെന്ന മറുപടിയാണു ലഭിച്ചത്. ഇതെ തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പ്രശ്നങ്ങൾ ഒത്തുതീർക്കാമെന്നു വിശ്വസിപ്പിച്ചു സന്ധ്യയെ ജാഫർഖാൻപെട്ടിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്നു ബാലകൃഷ്ണൻ പൊലീസിനോടു സമ്മതിച്ചു. ഇവർക്കു 2 മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com