ADVERTISEMENT

പാരിസ്∙ ലോക കാലാവസ്ഥയിൽ ശക്തമായ വ്യതിയാനം അതിവേഗം വരുമെന്നു മുന്നറിയിപ്പ്. അന്റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ്‌ ഉരുകുന്നതിന്റെ വേഗം വർധിച്ചിട്ടുണ്ട്. ഈ കൂറ്റൻ മഞ്ഞുമലകൾ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തിൽ കാലാവസ്ഥാമാറ്റം അതിവേഗത്തിൽ പ്രകടമാകും. ദശകങ്ങൾക്കുള്ളിൽ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂർണമാകുമെന്നും ന്യൂസീലൻഡിലെ വെല്ലിങ്ടൺ സർവകലാശാല അന്റാർട്ടിക് റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഐസ്ബ്രിഡ്ജ് മിഷന്റെ ഭാഗമായി പറക്കുന്ന പി–3 വിമാനത്തിന്റെ നിഴൽ ഐസ്പാളികളിൽ വീണപ്പോൾ.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഐസ്ബ്രിഡ്ജ് മിഷന്റെ ഭാഗമായി പറക്കുന്ന പി–3 വിമാനത്തിന്റെ നിഴൽ ഐസ്പാളികളിൽ വീണപ്പോൾ.

മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീൻലൻഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും. വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്ലാന്റിക് മെറിഡിയണൽ ഓവർടേണിങ് സർക്കുലേഷൻ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കൺവേയർ ബെൽറ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തിൽ നിലവിൽ നിർണായക പങ്കുവഹിക്കുന്നത്. ഉത്തരാർധഗോളത്തിലെ താപനിലയെ നിലനിർത്തുന്നതും ഇതുതന്നെ.

അന്റാർട്ടിക്കയിലെ മഞ്ഞുമലകളിലൊന്ന്.

എത്രപെട്ടെന്ന് മഞ്ഞ് ഉരുകുമെന്നതാണ് ഇപ്പോൾ പല ഗവേഷകരുടെയും പഠനവിഷയം. എന്നാൽ എങ്ങനെ ഇവ കാലാവസ്ഥാ സംവിധാനത്തെ ബാധിക്കുമെന്നതിൽ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. ഈ നൂറ്റാണ്ടിന്റെ പകുതിയോടെതന്നെ ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ എഎംഒസിയെ ബാധിക്കും. ഇപ്പോൾതന്നെ ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതു പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നും ഗവേഷകർ അംഗീകരിക്കുന്നു.

2065നും 75നും ഇടയിൽ സമുദ്രനിരപ്പുയരും

നിലവിലെ മഞ്ഞുരുകൽ കണക്കിലെടുക്കുമ്പോൾ 2065 – 75 വർഷങ്ങൾക്കിടയിൽ സമുദ്രനിരപ്പുയരുമെന്നാണു വ്യക്തമാകുന്നത്. ഇതു കാറ്റിന്റെ സഞ്ചാരത്തെയും ബാധിക്കും. ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രങ്ങളാവും ആദ്യം സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുക. മഞ്ഞുപാളികളോടു ചേർന്നുള്ള തീരപ്രദേശങ്ങളിൽ സമുദ്രനിരപ്പ് താഴുകയും ചെയ്യും.

കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് പൗച്ച് കോവിൽ കടലിലൂടെ നീങ്ങുന്ന മഞ്ഞുമല. ഗ്രീൻലാൻഡിലെയോ ബാഫിൻ ദ്വീപിലെയോ ഐസ് പാളികളിൽനിന്നു വിട്ടുപോരുന്നവയാണ് ഇവ.
കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് പൗച്ച് കോവിൽ കടലിലൂടെ നീങ്ങുന്ന മഞ്ഞുമല. ഗ്രീൻലാൻഡിലെയോ ബാഫിൻ ദ്വീപിലെയോ ഐസ് പാളികളിൽനിന്നു വിട്ടുപോരുന്നവയാണ് ഇവ.

ആഗോള താപനത്തിന്റെ ഫലമായി ഇപ്പോൾ താപനില 3–4 ഡിഗ്രി വരെ ഉയരുകയാണ്. മാത്രമല്ല, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ മഞ്ഞുപാളികൾ ഉരുകുന്നത് പൂർണമായും കണക്കിലെടുത്തിട്ടില്ല. മഞ്ഞ്‌ ഉരുകുന്നത് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും വരുംവർഷങ്ങളിൽ ഇതിന്റെ തോതു വർധിക്കും. ഭൂമിയിലെ കാലാവസ്ഥയെ മനുഷ്യർ സ്വീകരിക്കുന്ന പല നയങ്ങൾ വഴി നിയന്ത്രിച്ചു സ്ഥിരപ്പെടുത്തിയാലും ഇത്രയും നാള്‍ വ്യതിയാനം ഉണ്ടായതിന്റെ ഫലമായി കുറേനാൾക്കൂടി മഞ്ഞ്‌ ഉരുകൽ തുടരും. എന്നാൽ മുൻകരുതലുകളെടുത്താൽ ഭാവിയെ കുറച്ചുകൂടി സുരക്ഷിതമാക്കാമെന്നും പഠനത്തിൽ പറയുന്നു. ‘നേച്ചർ’ ‌ജേർണലിൽ സമ്പൂർണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com