‘വാധ്‌ര മിഷന്‍’ നേരിടാന്‍ കോൺഗ്രസ്; രാഷ്ട്രീയ മറുപടിക്ക് കളമൊരുക്കി പ്രിയങ്ക

priyanka-gandhi-robert-vadra
പ്രിയങ്ക ഗാന്ധിയും റോബർട് വാ‌ധ്‌രയും.
SHARE

ന്യൂഡൽഹി ∙ റോബര്‍ട് വാധ്‌രയ്ക്കെതിരായ എന്‍ഫോഴ്സമെന്റ് നടപടികളെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസമായി തുടര്‍ന്ന ചോദ്യംചെയ്യലിന്റെ ആദ്യദിനം പ്രിയങ്ക ഗാന്ധി വാധ്‌രയ്ക്കൊപ്പമെത്തിയത് ബിജെപിക്കുള്ള രാഷ്ട്രീയ സന്ദേശമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

റോബര്‍ട്ട് വാധ്‌രയ്ക്കെതിരായ സ്വത്തുകേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് എത്തിയ സന്ദര്‍ഭമാണ് കേസിന് പതിവിലുമേറെ രാഷ്ട്രീയ നിറം നല്‍കുന്നത്. വാധ്‌രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

അതിന് എന്‍ഫോഴ്സമെന്റ് തിരഞ്ഞെടുത്തതാകട്ടെ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കഗാന്ധി ചുമതലയേല്‍ക്കുന്ന ദിവസവും. എന്നാല്‍ പ്രിയങ്കയാകട്ടെ ചോദ്യംചെയ്യല്‍ കേന്ദ്രംവരെ ഭര്‍ത്താവിനെ അനുഗമിച്ചും അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചും രാഷ്ട്രീയമറുപടിക്ക് കളമൊരുക്കിക്കഴിഞ്ഞു.

ബിജെപി ഉയര്‍ത്തുന്ന വ്യക്തിപരമായ അധിഷേപങ്ങളെ നേരിടാന്‍ സംഘടന ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന ആധികാരികമായ സന്ദേശമാണ് പ്രിയങ്ക നല്‍കുന്നത്. നിയമപരമായി നേരിടുമെന്ന പതിവ് പ്രതികരണങ്ങളേക്കാള്‍ ശക്തമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ വിഷയത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍. പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് വാധ്‌രയ്ക്കെതിരായ കേസിലൂടെ തടയിടാനുള്ള ബിജെപിയുടെ നീക്കങ്ങളെ ജനത്തിനു മുന്നിൽ തുറന്നുകാട്ടിക്കൂടിയാകും കോണ്‍ഗ്രസിന്റെ പ്രചാരണമെന്നാണ് സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA