ADVERTISEMENT

തിരുവനന്തപുരം ∙ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലിൽ വലയിലായത് തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിന്റെ സമയോചിത ഇടപെടലിലൂടെയാണ് നഗരത്തിലെ ധാരാളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവ് (38) പിടിയിലായത്.

ബുധനാഴ്ച രാവിലെ പൂജപ്പുരയിൽ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. സംഭവം നടന്നതിനു സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകൾ വയർലസ് സൈറ്റിലൂടെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു.

ഈ സമയം മ്യൂസിയം സ്റ്റേഷനു മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു ഈ വയർലെസ് സന്ദേശം കേൾക്കുകയും റോഡിലും പരിസരത്തും നിരീക്ഷണം നടത്തുകയുമുണ്ടായി. വയർലെസ് സന്ദേശത്തിൽ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയതോടെ വാഹനം നിരീക്ഷണത്തിലാക്കി. അൽപനേരം കഴിഞ്ഞ് ആ ബൈക്ക് എടുക്കാൻ വന്ന യുവാവിനെ തടഞ്ഞു നിർത്തുകയും വിവരം തൊട്ടടുത്ത മ്യൂസിയം സ്റ്റേഷനിൽ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.

സിസിടിവി ദൃശ്യവുമായി ഒത്തുനോക്കി മോഷ്ടാവ് ഇയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനിടയിൽ ഷാഡോ പൊലീസെത്തിയാണ് മുൻപു നടന്ന പല മാല മോഷണ കേസുകളിലും ഉൾപ്പെട്ട പൂജപ്പുര സ്വദേശി സജീവാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടെത്തുന്നതിന് നിർണായക ഇടപെടൽ നടത്തിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിജുകുമാർ തിരുവല്ലം വണ്ടിത്തടം സ്വദേശിയാണ്. ബിജുകുമാറിനെ സിറ്റി പൊലീസ് കമ്മിഷണർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com