ADVERTISEMENT

കൊച്ചി∙ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) ഇടപെടലിനെതിരെ കുറിപ്പെഴുതിയതില്‍ അസ്വാഭാവികതയില്ലെന്ന് അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്ന ജി.മോഹന്‍കുമാര്‍. റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ലെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ പിഎംഒ ഇടപെടുന്നതിനെതിരെ എഴുതിയ കുറിപ്പ് വന്‍ വിവാദമായ സാഹചര്യത്തിലാണ് മുന്‍ പ്രതിരോധ സെക്രട്ടറി ജി.മോഹന്‍കുമാര്‍ മനോരമ ന്യൂസിനോട് മനസ് തുറന്നത്.

തന്റെ അറിവില്‍ റഫേല്‍ ഇടപാട് സുതാര്യമായിരുന്നുവെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കൂടിയാലോചനകളും ചര്‍ച്ചകളുമാണ് നടന്നത്. ചര്‍ച്ചകളുടെ ഓരോഘട്ടത്തിലും അതില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്. അതിലൊന്നുമാത്രമാണ് ഇത്.

റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ല. ഇപ്പോള്‍ പുറത്തുവന്ന കുറിപ്പ് ഗ്യാരന്റിയുമായി ബന്ധപ്പെട്ടതാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഏത് പ്രതിരോധ ഇടപാടിലും ഇടപെടാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. അത് വിവാദമാക്കേണ്ടതില്ല. ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നാണ് മനസിലാക്കുന്നതെന്നും മോഹന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ മോഹന്‍കുമാറിന്റെ വാദങ്ങള്‍ തള്ളിയ മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, പ്രതിരോധ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടത് അത്ഭുതകരമാണെന്നു പ്രതികരിച്ചു. കുറിപ്പ് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ചാണെന്ന മോഹൻകുമാറിന്റെ വാദവും എ.കെ.ആന്റണി തള്ളി. മോഹൻകുമാർ കുറിച്ചിരിക്കുന്നത് വ്യക്തമാണ്. റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയമില്ല. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അമിത താൽപര്യത്തിന്റെ കാരണമെന്താണെന്നും ആന്റണി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com