ADVERTISEMENT

ന്യൂഡൽഹി∙ റഫാല്‍ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപെട്ടെന്ന മുൻ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ഇതിനിടെ, ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ കത്ത് കേന്ദ്രസര്‍ക്കാര്‍ വിട്ടു.

റഫാല്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപെടുന്നുവെന്ന മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും പരീക്കര്‍ കത്തില്‍ നിര്‍ദേശിച്ചിരുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലാണ് റഫാല്‍ ഇടപാടില്‍ സമാന്തര ഇടപെടല്‍ നടത്തിയതെന്ന് വിഷയം ലോക്സഭയില്‍ ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യദ്രോഹികളുടേതാണെന്നും സൗഗത റോയ് കുറ്റപ്പെടുത്തി. റഫാല്‍ വിഷയത്തിലെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ട ഇംഗ്ലീഷ് ദിനപ്പത്രത്തിന്‍റെ പകര്‍പ്പ് ഉയത്തിക്കാട്ടി തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

മോദി സർക്കാർ രാജ്യദ്രോഹികളാണെന്ന് കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ ആരോപിച്ചു. ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണം. എല്ലാ കാര്യങ്ങളും അപ്പോൾ വ്യക്തമാകും. ഇനി സർക്കാരിന്റെ വിശദീകരണം കേൾക്കാനില്ല. മറ്റൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ ലോക്സഭയിൽ പറഞ്ഞു.

എന്നാൽ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പു തള്ളാതിരുന്ന കേന്ദ്രസർക്കാർ ന്യായീകരണവുമായി രംഗത്തെത്തി. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് അന്നത്തെ പ്രതിരോധമന്ത്രി മറുപടി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിൽ അപാകതയില്ലെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ കൗൺസിലെന്നും അവർ വിശദീകരിച്ചു.

പത്ര വാര്‍ത്തയ്ക്കു പിന്നില്‍ ചില താല്‍പര്യങ്ങളുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നുതെന്നും പരീക്കര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്നും നിര്‍മല സീതാരമാന്‍ ലോക്സഭയില്‍ പറഞ്ഞു.

യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഒാഫിസിലെ ഒാരോ കാര്യങ്ങളിലും സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി ഇടപ്പെട്ടിരുന്നത് എന്തിനായിരുന്നുവെന്നും നിര്‍മല ചോദിച്ചു. 

ഇടപെടൽ അദ്ഭുതകരം; മോദിയുടെ ഓഫിസിന് അമിത താല്‍പര്യമെന്ത്: ആന്‍റണി

തന്റെ കുറിപ്പ് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ചാണെന്ന മുൻ പ്രതിരോധ സെക്രട്ടറി ജി.മോഹൻകുമാറിന്‍റെ വാദം തള്ളി മുന്‍ പ്രതിരോധമന്ത്രി കൂടിയായ എ.കെ. ആന്റണി. റിപ്പോർട്ടിന്റെ ആധികാരികതയിൽ സംശയമില്ല. മോഹൻകുമാർ കുറിച്ചിരിക്കുന്നത് വ്യക്തമാണ്. പ്രതിരോധ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടത് അല്‍ഭുതകരമാണ്. റഫാലിൽ പ്രധാനമന്ത്രിയുടെ ഓഫിസിന് അമിത താൽപര്യമെന്തെന്നും ഡല്‍ഹിയില്‍ ആന്‍റണി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com