ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ക്കണമെന്ന് ബോര്‍ഡ് ഔദ്യോഗികമായി തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നും പുനഃപരിശോധനാ ഹര്‍ജികളിലെ കോടതി വിധി എന്തായാലും അതു നടപ്പിലാക്കുവാന്‍ ബോര്‍ഡ് സന്നദ്ധരാണെന്നുമാണ് 2018 നവംബര്‍ ഏഴിനു ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. എന്നാല്‍, ഇതിനു വിരുദ്ധമായാണ് വിധിയില്‍ പുനഃപരിശോധന പാടില്ലെന്നും ക്ഷേത്രാചാരങ്ങള്‍ ഭരണഘടനയ്ക്കു വിരുദ്ധമാകരുതെന്നും ദേവസ്വം അഭിഭാഷകന്‍ വാദിച്ചത്. യോഗത്തിന്റെ രേഖകള്‍ മനോരമ ഓണ്‍ലൈന് ലഭിച്ചു.

യുവതികള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധിവരുന്നത് 2018 സെപ്റ്റംബര്‍ 28നാണ്. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തവിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനാണ് 2018 നവംബര്‍ ഏഴിനു ബോര്‍ഡ് യോഗം ചേര്‍ന്നത്. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ ബോര്‍ഡ് സ്വീകരിക്കേണ്ട നിലപാടാണ് യോഗത്തില്‍ ചര്‍ച്ചയായത്.

devaswom-board-decision
നവംബർ ഏഴിന്റെ യോഗത്തിന്റെ രേഖയിൽ നിന്ന്.

യോഗത്തിന്റെ േരഖകളില്‍ പറയുന്നതിങ്ങനെ: ‘സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലുണ്ടായിരുന്ന കേസ് വാദത്തിനെടുത്തപ്പോള്‍ മുന്‍ ദേവസ്വം ബോര്‍ഡ് എടുത്തിരുന്ന നിലപാട് തന്നെയാണ് ഇപ്പോഴത്തെ ബോര്‍ഡും സ്വീകരിച്ചിരുന്നത്. ഇപ്പോഴത്തെ ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സമയപരിമിതിമൂലം കഴിഞ്ഞില്ല. കോടതിയുടെ ഏതു വിധിയും രാജ്യത്തെ നിയമമാണ്. ആ നിലയ്ക്ക് ബോര്‍ഡിന് വിധി അംഗീകരിക്കാനുള്ള നിയമപരമായ ബാധ്യതയുണ്ട്. അതുകൊണ്ട് വിധി അനുസരിച്ചുള്ള നടപടികളുമായി ബോര്‍ഡ് മുന്നോട്ടു പോകുകയാണ്. ശബരിമലയിലെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് യുവതികളായ ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്’.

തുലാംമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും യുവതികള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യം യോഗത്തിന്റെ രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. ‘രാഷ്ട്രീയ ലക്ഷ്യത്തോടെ ചില സംഘടനകള്‍ അക്രമാസക്തമായി പ്രതിഷേധിച്ചതിനാല്‍ ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. പുനഃപരിശോധനാ ഹര്‍ജികളിലെ കോടതിവിധി എന്തായാലും അതു നടപ്പിലാക്കാന്‍ ബോര്‍ഡ് സന്നദ്ധമാണ്. മേല്‍പറഞ്ഞ കാര്യങ്ങള്‍ കോടതിയെ അറിയിക്കും.’. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതായി യോഗത്തിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു. ബോര്‍ഡ് കമ്മിഷണര്‍ക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല. അഭിഭാഷകര്‍ക്കും കമ്മിഷണര്‍ക്കും വിമാനക്കൂലി നല്‍കാന്‍ ആ ദിവസത്തെ യോഗം തീരുമാനിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അധ്യക്ഷനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി രാജഗോപാലന്‍ നായരുടെ സേവനം കേസില്‍ തേടാനും അഭിഭാഷകര്‍ക്ക് മുന്‍കൂറായി 50,000 രൂപ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

എന്നാല്‍, ബോര്‍ഡിന്റെ സാവകാശ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കേണ്ടെന്നും, സ്ത്രീപ്രവേശം നിഷേധിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ബോര്‍ഡ് അഭിഭാഷകന്‍ രാഗേഷ് ദ്വിവേദി വാദിച്ചത്. സാവകാശ ഹര്‍ജി അവതരിപ്പിച്ച് യുവതീപ്രവേശം നീട്ടിവയ്ക്കാനാണ് അഭിഭാഷകരോട് ആവശ്യപ്പെട്ടതെന്നും പകരം വിധിയെ അനുകൂലിക്കുകയാണ് ചെയ്തതെന്നും ആരോപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ബോര്‍ഡിന്റെ നിലപാട് മാറ്റത്തിനെതിരെ ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com